കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ...
Mail This Article
പേനത്തുമ്പുണരുമ്പോൾ പ്രാവിന്റെ കുറുകലും ചിറകടിയും. പിന്നെ തങ്കലിപിയിൽ നിലാവിൽ ചാലിച്ചൊഴുകുകയായി അക്ഷരങ്ങൾ... വാക്കുകൾക്കത്രയും എന്തൊരു വെളിച്ചവും തിളക്കവും കിലുക്കവും. അവയുടെ ലയനത്തിലൂടെ അനുരാഗത്തിന്റെ ആയിരം ഭാവങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നു, വരികൾ ... അക്ഷരവും സംഗീതവും തമ്മിലുള്ള അനുരാഗം അറിയാവുന്നവർക്കേ ഇതൊക്കെ സാധിക്കൂ. ലാളിത്യത്തിന്റെ ലോലഭാവത്തിൽ കാവ്യഗുണമുള്ള എത്രയോ എത്രയോ മധുരഗാനങ്ങൾ രചിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന് പ്രണയം മധുമഴയായി പൊഴിയുന്ന ആ ആത്മബന്ധം നന്നായി അറിയാമായിരുന്നു.
ആകാശദീപങ്ങളെ സാക്ഷി നിർത്തി അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി സംഗീതത്തിന്റെ ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി ഓടിനടന്ന് മലയാളിക്ക് കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭ. കോഴിക്കോട് അത്തോളിക്കടുത്ത് പുത്തഞ്ചേരിയിൽ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയുടെയും പുത്രനായ ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ അറിയാൻ ഈ ഒരു വരി തന്നെ മലയാളിക്ക് ധാരാളം!
1989 ൽ എൻക്വയറി എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രമേഖലയിലേക്കു കടന്ന ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ ജനഹൃദയങ്ങൾ അംഗീകരിച്ചത് 1992 ലാണ്. ശാന്തരാത്രിയിലെ വാദ്യഘോഷങ്ങളായ് പാട്ടിന്റെ ലഹരി നിറച്ച് ജോണി വാക്കർ ആദ്യ ഹിറ്റ് സമ്മാനിച്ചപ്പോൾ ഇനിയങ്ങോട്ട് ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിന്റെ കാലമായിരിക്കുമെന്ന് മലയാളക്കര തിരിച്ചറിഞ്ഞു. അതേ വർഷം തന്നെയായിരുന്നു തലസ്ഥാനത്തിൽ പൂക്കാലം പോയെല്ലോ എന്നു കാറ്റുപറഞ്ഞത് കേട്ട് മലയാളക്കര ഉണർന്നതും.
1993 ൽ മായാമയൂരത്തിലൂടെ കൈക്കുടന്ന നിറയെ പ്രണയത്തിന്റെ മധുരം വിളമ്പുന്നതിന് മുമ്പ് മനസിന്റെ അകത്തളങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഒരു ഗാനം രചിച്ചിരുന്നു. ഇന്നും കേൾക്കുമ്പോൾ ഒരു നിമിഷം ചങ്കിൽ കനൽക്കട്ട കോരിയിട്ടതുപോലെ മനസി വെന്തു നീറുന്ന ഗാനം. സൂര്യകിരീടത്തെ തച്ചുടച്ച ഗാനം. ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ? എന്ന് മനസ്സ് മന്ത്രിക്കുന്ന അർഥവത്തായ ഗാനം.
1994 ലാണ് മിന്നാരത്തിലൂടെ ചിങ്കാരക്കിന്നാരം പാടി കുസൃതിയുടെ ചക്കിപൂച്ചയെ സൃഷ്ടിച്ച് നിലാവേ മായുമോ എന്നു ചെല്ലി കിനാവിൽ നോവുമായ് ഒരു വിരഹഗാനം പിറന്നത്. എസ് പി വെങ്കിടേഷിന്റെ സംഗീതം കൂടിച്ചേർന്നപ്പോൾ ഇളംതേൻ തെന്നലായ് ഇന്നും നമ്മുടെ മനസിനെ തൊട്ട് തലോടുന്നു ആ ഗാനം... ഇന്നും, കേൾക്കുമ്പോൾ മഞ്ഞുതുള്ളിയുടെ പരിശുദ്ധിയുമായ് ഒരുപാടോർമകളിലൂടെ നാം അലിഞ്ഞില്ലാതാവില്ലേ... എസ്.പി വെങ്കിടേഷ് — പുത്തഞ്ചേരി കൂട്ടുക്കെട്ടിന്റെ ഒരു പ്രത്യേകത കൊണ്ടാവാം ഒരു ചിത്രത്തിൽ തന്നെ പ്രണയം, വിരഹം, കുസൃതി തുടങ്ങി എല്ലാ ഭാവങ്ങളും നമുക്ക് കാണാം. ലഹരി പിടിപ്പിച്ച ജോണി വാക്കറിൽ, നിലാവിനോട് നീ ഉറങ്ങിയോ എന്നു ചോദിച്ചെത്തിയ ഹിറ്റ്ലറിൽ, കാതിലൊരു കിന്നാരം, പ്രവാചകൻ, ലാളനം, ഗംഗോത്രി, കിലുകിൽ പമ്പരം തുടങ്ങി 130 ഓളം ചിത്രങ്ങളിലായ് ഒരുപിടി മധുരഗാനങ്ങൾ ആ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചു.
മിന്നാരം പാടിയതിനു തൊട്ടുപുറകെയാണ് എന്തേ മനസിലൊരു നാണം എന്നു തേൻമാവിൻ കൊമ്പത്തിരുന്നു ഒരു കള്ളിപ്പൂങ്കുയിൽ പാടിയത്. പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികൾക്ക് ബേണി ഇഗ്നേഷ്യസ് ടീമിന്റെ സംഗീതം കൂടിച്ചേർന്നപ്പോൾ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റ്. ഇന്നും തേന്മാവിൻ കൊമ്പത്തിലെ ഒരു ഗാനമെങ്കിലും നമ്മുടെ ചുണ്ടിൽ തത്തിക്കളിക്കാറില്ലേ... ഈ കൂട്ടുകെട്ട് തന്നെയാണ് മാനത്തെ കൊട്ടാരത്തിൽ പൂനിലാമഴ പെയ്തിറക്കിയതും പിന്നീട് ചന്ദ്രലേഖയെ താമരപൂവിൽ വാഴുന്ന ദേവിയാക്കിയതും മാനത്തെ ചന്ദിരനൊത്ത മണിമാളിക അവൾക്കായ് തീർത്തു കൊടുത്തതും അമ്മൂമക്കിളിയെ വായാടിയാക്കിയതും... രഥോത്സവത്തിൽ തെച്ചി പൂവുമായെത്തിയതും, ജെയിംസ് ബോണ്ടിൽ മിഴിയോരം ഒരു മോഹമാക്കിയതും.
വളരെ ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളാണ് ആ തൂലിക സമ്മാനിച്ചത്. ഒപ്പം പ്രണയാർദ്രവും. അക്ഷരനക്ഷത്രം കോർത്ത ജപമാല കൈയ്യിലേന്തി അഗ്നിദേവൻ എത്തിയപ്പോൾ പുത്തഞ്ചേരിക്ക് 1995 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനതല പുരസ്കാരം ആദ്യമായ് ലഭിച്ചു. എം.ജി രാധാകൃഷ്ണനായിരുന്നു സംഗീതം. നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞ കാമുകിയെ മലയാളക്കര സ്വപ്നം കണ്ടുതുടങ്ങിയത്. ഈ കൂട്ടുകെട്ടിൽ അധികം ഗാനങ്ങൾ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും സൃഷ്ടിക്കപ്പെട്ടവയെല്ലാം ഉള്ളിൽ കനലിടുന്നതും ഒപ്പം ഊഷ്മളവുമായിരുന്നു. അംഗോപാംഗമായി ചടുല നൃത്തമാടി സൂര്യകിരീടം തച്ചുടച്ച ദേവാസുരം, പോരു നീ വാനിലം ചന്ദ്രലേഖയെന്നു പാടിയ കാശ്മീരം, ഓലചങ്ങാതിയെന്നും ഓമനചങ്ങാതിയെന്നും വിളിച്ച കിന്നരിപ്പുഴയോരം, പഴനിമലമുരുകനെ വിളിച്ച് ചീറിപ്പാഞ്ഞ നരസിംഹം, ഇണക്കമാണോ പിണക്കമോണോ എന്നു ചോദിച്ച അനന്തഭദ്രം എന്നിവ അതിനുദാഹരണങ്ങളല്ലേ.
പൊന്നിൽക്കുളിച്ചു നിന്ന ചന്ദ്രികാ വസന്തമായ് പുഴ കടന്നു മലയാളിയുടെ മനസിൽ കാക്കക്കറുമ്പനായ് ഒരു കൂടുകൂട്ടാൻ പുത്തഞ്ചേരി — ജോൺസൺ കൂട്ടുക്കെട്ടിനു കഴിഞ്ഞു. ഇതിനെത്രയോ കാലം മുമ്പാണ് വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിതൂവിയത് (മേലേപറമ്പിൽ ആൺവീട്) എന്നും വിസ്മരിച്ചുകൂടാ. ചിന്താവിഷ്ടയായ ശ്യാമള ആരോടും മിണ്ടിയില്ലെങ്കിലും മിഴികളിൽ നോക്കിയില്ലെങ്കിലും മനസിനെ സ്പർശിച്ചു. ഈ കൂട്ടുകെട്ടിൽ അങ്ങനെ ഒരു അവധിക്കാലത്താണ് പുലർവെയിൽ വന്നതും രാവിൽ നിലാപക്ഷി പാടിയതും.
1997 ലാണ് മറ്റൊരു മാസ്റ്റർ പീസ് ഗാനം ആ തൂലികയിൽ നിന്ന് പിറന്നത്. ആറാം തമ്പുരാനിൽ രവീന്ദ്രസംഗീതം കൂടിച്ചേർന്ന് ഹരിമുരളീരവമായി നമ്മെ കുളിരണിയിച്ച ഗാനം. രവീന്ദ്രസംഗീതത്തിന്റെ മാറ്റൊലിയിൽ ഒരുപാട് അനശ്വരഗാനങ്ങൾ പുത്തഞ്ചേരിയുടെ തൂലിക സമ്മാനിച്ചിട്ടുണ്ട്. മൂവന്തിതാഴിവരയിൽ വെന്തുരുകുന്ന വിൺസൂര്യനെ വർണ്ണിച്ച് മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുപോലെ ഹൃദയത്തെ സ്പർശിച്ച കന്മദം, മനസ്സിൻ മണിച്ചിമിഴിൽ ദീനദയാലോ രാമാ പാടിച്ച അരയന്നങ്ങളുടെ വീട്, മനസ്സിൽ മിഥുനമഴ പെയ്യിച്ച നന്ദനം, എന്തേ മുല്ലേ പൂക്കാത്തൂ എന്നു ചോദിച്ച പഞ്ചലോഹം തുടങ്ങി കളഭത്തിനൊപ്പം വടക്കുംനാഥന് മനസും സമർപ്പിച്ച് രവീന്ദ്രസംഗീതം നശ്ചലമായി മറക്കാനാവാത്ത ഓർമകളുടെ നിലാവെളിച്ചങ്ങളിൽ ആ പാട്ടുകളൊക്കെയും നിശാശലഭങ്ങൾപോലെ ഇപ്പോഴും നെഞ്ചിൽ പറന്നുനടക്കുന്നില്ലേ.
എത്രയോ ജന്മമായ് കൺമണിയെ കാത്തിരുന്നു ഒടുവിൽ കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു കൊണ്ടെത്തിച്ചപ്പോള്‍ 1997–ലെ മികച്ച മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും പുത്തഞ്ചേരിയെത്തേടിയെത്തി. എക്കാലത്തെയും മികച്ച ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. മലയാളമനസിൽ പിന്നെയും പിന്നെയും പടി കടന്നെത്തുന്ന പദനിസ്വനമാകാൻ വിദ്യാസാഗർ പുത്തഞ്ചേരി കൂട്ടുകെട്ടിന് കഴിഞ്ഞു.
തൊട്ടടുത്ത വർഷം മലയാളിയെ വരമഞ്ഞളാടിച്ച് ഒത്തിരിയൊത്തിരി സ്വപ്നങ്ങളുമായ് പ്രണയവർണ്ണങ്ങൾ എത്തിയപ്പോൾ വിഗ്യാസാഗർ — പുത്തഞ്ചേരി കൂട്ടുകെട്ട് മനസിന്റെ മൺവീണയിൽ ആരോ വിരൽ മീട്ടിയതു പോലെ അനശ്വരമായി... അതേ വർഷം തന്നെയാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ സമ്മർ ഇൻ ബത്ലഹിമിൽ ചൂളമടിച്ചു നടന്ന ചോലക്കുയിൽ വന്നതും മനസിനെ ആഴത്തിൽ സ്പർശിച്ച് ഒരു രാത്രിയിൽ വിടവാങ്ങിയതും ഇന്നും ഒറ്റയ്ക്കിരിക്കുമ്പോൾ അറിയാതെ ഒരു മൂളലായ് വന്നു തഴുകുന്നതും. മിഴിയറിയാതെ പ്രായം തമ്മിൽ മോഹം നൽകിയപ്പോഴും മനമുരുകി സൂര്യാങ്കുരം യാത്രയായ് ശുക്രിയ പറഞ്ഞപ്പോഴും ആ കൂട്ടുകെട്ടിന്റെ നിറം മങ്ങിയില്ല.
വെണ്ണിലാകൊമ്പിലേ രാപ്പാടിയെ വിളിച്ചു കേണ ഉസ്താദ്, മണിമുറ്റത്താവണിപന്തൽ സൃഷ്ടിച്ച ഡ്രീംസ്, ധൂം ധൂം ധൂം പാടിയ രാക്കിളിപ്പാട്ട്, മറന്നിട്ടും മനസിൽ തുളുമ്പുന്ന മൗനാനുരാഗത്തിന്റെ രണ്ടാംഭാവം, ചിങ്ങ മാസത്തിൽ കരിമിഴിക്കുരുവിയെ തേടിനടന്ന് മലയാളികളുടെ എല്ലാമെല്ലാമായ മീശമാധവൻ, ചിലമ്പോലിക്കാറ്റിനെ കൂട്ടുപിടിച്ച സി ഐഡി മൂസ, എന്തേ ഇന്നും വന്നില്ലായെന്നു ചോദിച്ചപ്പോൾ വിളിച്ചതെന്തിനു വീണ്ടും എന്ന മറുചോദ്യം എയ്ത ഗ്രാമഫോൺ, ഒരു കുളിർമഴയായെത്തിയ ഡിങ്കിരി പട്ടാളം, തൊട്ടുരുമ്മിയിരുന്നു കടന്നു പോയ രസികൻ, ആലീസ് ഇൻ വണ്ടർലാന്റിൽ മെയ് മാസം ജൂണോട് കൊഞ്ചി ഐ ലവ് യൂ പറഞ്ഞതും, മുന്തിരിപ്പാടത്തേക്കു കൂട്ടിക്കൊണ്ടുപോയ കൊച്ചിരാജാവ്, രാവേറേയായി എന്നറിയിച്ച റോക്ക് ആൻ റോൾ എന്നിങ്ങിനെ ഒരുപിടി മികച്ച ഗാനങ്ങളും മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഈ കൂട്ടുകെട്ടിൽ നിന്ന് വിടർന്നവയാണ്.
ചെമ്മാനം പൂത്തപ്പോൾ എന്തു ഭംഗി നിന്നെ കാണാൻ എന്ന് കണ്ണീർമഴയത്തു ചിരിയുടെ കുടജ്യോതിയുമായ് ജോക്കർ പാടിയപ്പോൾ മോഹൻ സിത്താര— പുത്തഞ്ചേരി കൂട്ടുകെട്ടിനെ നമ്മൾ നെഞ്ചോട് ചേർത്തില്ല ഈ കൂട്ടുകെട്ട് ഒരു നക്ഷത്രത്താരാട്ടായ് വന്നപ്പോൾ നീ എന്റെ പാട്ടിൽ ശ്രീരാഗമായോ എന്നു നമ്മളും ചോദിച്ചില്ലേ.
പുനരധിവാസത്തിൽ അക്ഷരത്തിന്റെ കനകമുന്തിരിമണികൾ കോർത്തപ്പോൾ 1999ലെയും സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ന്തം. ആരും അറിയാതെ ആകാശദീപങ്ങളെ സാക്ഷിയാക്കി രാവണപ്രഭു എത്തിയപ്പോൾ 2001ൽ വീണ്ടും സംസ്ഥാന അവാർഡ്. തുടർന്ന് നന്ദനം, ഗൗരീശങ്കരം, കഥാവിശേഷൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ യഥാക്രമം 2002, 2003, 2004 വർഷങ്ങളിലെ സംസ്ഥാന അവാർഡ് നേടി.
മലയാളമനസിൽ വിളക്കുവെച്ച ഗൃഹാതുരതയുടെ ഓർമകൾ സമ്മാനിച്ച മേഘം സൃഷ്ടിക്കപ്പെട്ടത് ഔസേപ്പച്ചൻ—പുത്തഞ്ചേരി കൂട്ടുകെട്ടിലാണ്. വാവാവോ പാടി വാവയ്ക്ക് ഉമ്മകൾ സമ്മാനിക്കാൻ അപ്പൂന്റെ വീട് കാരണമായപ്പോൾ താമരനൂലിനാൽ മെല്ലെ പ്രണയിനിയെ തൊട്ടുവിളിക്കാൻ മുല്ലവെളളിയും തേന്മാവും പറഞ്ഞുതന്നു. പ്രണയ സന്ധ്യയെ വെൺസൂര്യന്റെ വിരഹമറിയിച്ചത് ഒരേ കടലാണ്.
ഡിസംബർ എന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റിനെ കൂട്ടു പിടിച്ച് സ്നേഹത്തുമ്പീ ഞാനില്ലേ കൂടെയെന്ന് പാടിയപ്പോൾ നമ്മളും ചോദിച്ചില്ലേ ഞങ്ങളില്ലേ കൂടെയെന്ന്. നമ്മൾ തമ്മിൽ ബെസ്റ്റ് കോമ്പിനേഷനെന്നറിയിച്ച് ജൂണിലെ നിലാമഴയിൽ പ്രിയനേ വിളിച്ചുരുകുന്ന ഗാനങ്ങൾ തുടങ്ങി പ്രയാർദ്രമായ ഒരുപിടി മധുരഗാനങ്ങൾ എം. ജയചന്ദ്രൻ — പുത്തഞ്ചേരി കൂട്ടുക്കെട്ട് മലയാളിത്തത്തിനു സമ്മാനിച്ചു. അമ്മ മഴക്കാറിന്റെ കണ്ണു നിറച്ച മാടമ്പിയും, നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതി വിരഹത്തിന്റെ വിറയാർന്ന വരികളുമായെത്തിയ ബാലേട്ടനും, കൂവരം കിളി പൈതൽ ചാന്തു തൊട്ട് ബനാറസിൽ ചിറകുവിരിച്ചതും , ഇവർ വിവാഹിതരായപ്പോൾ പാടാൻ പാട്ടിലൊരു പെണ്ണുണ്ടായതുമെല്ലാം ഈ കൂട്ടുകെട്ടിൽ നിന്നാണ്.
എന്തു പറഞ്ഞാലും നീ ഞങ്ങളുടേതു തന്നെയന്ന് നമ്മൾ ഒന്നടങ്കം പറഞ്ഞത് ഇളയരാജയുമായ് ഒന്നിച്ച് അച്ചുവിന്റെ അമ്മ വന്നപ്പോഴല്ലേ... മനസിനക്കരെയിൽ മറക്കുടയാൽ മുഖം മറച്ചു വന്ന് മെല്ലെ ഒന്നു പാടി തഴുകി ഉറക്കിയതും ഇളയരാജ— പുത്തഞ്ചേരി കൂട്ടുകെട്ടു തന്നെയാണ്. പൊന്മുടിപ്പുഴയയോരത്ത് ഒരു ചിരി കണ്ടാൽ അതു മതിയെന്നും , ആറ്റിൻകരയോരത്ത് ചാറ്റൽ മഴ പാടി വന്നപ്പോൾ ഇത് സംഗീതത്തിന്റെ അടിപൊളി രസതന്ത്രം തന്നെയെന്ന് നമ്മൾ പറഞ്ഞു കൈയ്യടിച്ചു.
ഗിരീഷ് പുത്തഞ്ചേരിക്കു മരണമില്ല. മറന്നിട്ടും മനസിൽ തുളുമ്പുന്ന മൗനാനുരാഗം പോലെ... മനസിൽ കുളിരുകോരുന്ന ഗ്രാമഫോൺ പോലെ... ഒരേ കടലിൽ നീറുന്ന പ്രണയസന്ധ്യയുടെ വിരഹവേദന പോലെ... ഒരു യാത്രാമൊഴി പറഞ്ഞകന്നെങ്കിലും ഹൃദയം തഴുകി ഉണർത്തുന്ന പാട്ടുകൾ സമ്മാനിച്ച അദ്ദേഹം പിന്നെയും പിന്നെയും നമ്മുടെ മനസിൽ പടികടന്നെത്തുന്ന പദനിസ്വനമാകും.