ADVERTISEMENT

തൃശൂർ∙ അനന്തപത്മനാഭനെ പോലെ തന്നെ മകൻ ആനന്ദ് കൗശികിന്റെയും  കൈവിരലുകൾക്ക് അസാധാരണമാം വിധം നീളമാണ്. വീണ വായിക്കാൻ വേണ്ടി  ദൈവം  പടച്ചുവിട്ട വിരലുകൾ... വീണക്കമ്പികളിലൂടെ ഓടിപ്പാഞ്ഞു നടന്ന ആ വിരലുകൾ നിശ്ചലമായി. പൊട്ടിപ്പോയ വീണക്കമ്പിപോലെ നിലച്ചത് വീണാവാദനത്തിൽ അത്ഭുതം സൃഷ്ടിച്ച മൂന്നാം തലമുറ.  വീണാ വിദ്വാൻ അനന്തപത്മനാഭന്റെയും സംഗീതജ്ഞ ഉഷയുടെയും മകനായ ആനന്ദ് കൗശിക് (36) ഇന്നലെയാണ് തിരുവനന്തപുരത്ത് ഹൃദയാഘാതം മൂലം മരിച്ചത്.

 

അനന്തപത്മനാഭന്റെ അച്ഛൻ അനന്തകൃഷ്ണയ്യരും വീണാവാദകനായിരുന്നു. അനന്തപത്മനാഭനിലൂടെ ആനന്ദ് കൗശികിലെത്തിയപ്പോൾ  പ്രഭ ഇരട്ടിച്ചു. അച്ഛൻ വീണയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതു കണ്ടു വളർന്ന ആനന്ദ് അച്ഛനിൽ നിന്നു തന്നെ വീണ അഭ്യസിച്ചു.  സംഗീതമായിരുന്നു ഇരുവരുടെയും ആനന്ദം. അച്ഛനും മകനും ഒരുമിച്ചുള്ള സംഗീതപരിപാടികൾ ശ്രദ്ധ നേടി. കർണാടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേൺ ശൈലികളിൽ വീണ വായിച്ചിരുന്ന ആനന്ദ് കൗശിക് പാട്ടുപാടുന്നതു പോലെ തന്നെ വീണവായിക്കുന്ന ശൈലി സ്വീകരിച്ചിരുന്നെന്ന് ഒപ്പം ദീർഘകാലമായി മൃദംഗം വായിക്കുന്ന ഡോ. പാലക്കാട് ജയകൃഷ്ണൻ പറഞ്ഞു. 

 

സംഗീതമാണ് ഈ കുടുംബത്തിന്റെ പ്രാണവായു. അനന്തപത്മനാഭൻ, ഭാര്യ ഉഷ, ആനന്ദ് കൗശിക്, ഭാര്യ ദീപ എല്ലാവരും സംഗീതജ്ഞർ. വീണവാദകരുടെ ഒരു വലിയ ഓർക്കസ്ട്ര ഉണ്ടാക്കണമെന്ന ആഗ്രഹം ഇടയ്ക്കിടെ പറയുമായിരുന്നു ആനന്ദ് കൗശിക്. യുഎസ്ടി ടെക്നോളജിയിൽ ഐടി പ്രഫഷനൽ ആയി ജോലി ചെയ്യുമ്പോഴും വീട്ടിൽ വീണ പഠിപ്പിക്കുകയും ഓൺലൈൻ വഴി വിദേശ വിദ്യാർഥികളെ അഭ്യസിപ്പിക്കുകയും  ചെയ്തു. ലോക്ഡൗൺ കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചു  വീണ വായിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 

 

കവി റഫീക്ക് അഹമ്മദിന്റെ സദോരി എന്ന യുട്യൂബ് ചാനലിനുവേണ്ടി അഞ്ചു ഗാനങ്ങൾ ആനന്ദ് കൗശിക് സംഗീതം ചെയ്തിരുന്നു.  സംഗീതത്തിന്റെ പാരമ്പര്യത്തനിമയിൽ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകൂടി ലയിപ്പിച്ച കലാകാരനായിരുന്നു ആനന്ദെന്ന് റഫീക്ക്  അഹമ്മദ് പറയുന്നു. മാർസൻസ് സിൻഡ്രം എന്ന ജനിതകരോഗത്തെ അതിജീവിച്ചായിരുന്നു ഈ കലാകാരന്റെ യാത്ര. ജീവിതത്തിന്റെ കച്ചേരി ഇടയ്ക്കുവച്ചു  നിർത്തി മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com