മഴയിൽ പിറന്ന ഹിറ്റുകൾ; മലയാളികളുടെ മനസിനെ നനച്ച മഴപ്പാട്ടുകളിലൂടെ
Mail This Article
മഴ കാണാത്ത മലയാളിയും മഴ പാട്ടെഴുതാത്ത എഴുത്തുകാരനുമുണ്ടാകില്ല. അത്രമേല്‍ ജീവിതത്തിനോടു ചേര്‍ന്നു നില്ക്കുന്ന അനുഭൂതിയാണ് മഴ. പ്രണയമായും വിരഹമായും നിരാശയായുമൊക്കെ മഴ നമ്മളില്‍ പെയ്തൊഴിയും. എഴുത്തുകാരനും അതു തന്നെ. മഴയുടെ അനുഭവം വരികളിലാക്കി അവര്‍ ആസ്വാദകരിലേക്ക് എത്തിച്ചു. മഴയുടെ സൗന്ദര്യം ക്യാമറയിലേക്ക് പകര്‍ത്താന്‍ സംവിധായകനും കൊതിച്ചതോടെ മഴ നനഞ്ഞു പ്രണയം പാടുന്ന കാമുകനും കാമുകിയും ഇടിവെട്ടുന്നതോടെ കാമുകന്റെ മാറോടണയുന്ന കാമുകിയുമൊക്കെ എത്രയോ സിനിമ ഗാനങ്ങളില്‍ മലയാളിയും കണ്ടു.
മഴ നനഞ്ഞ സിനിമ പാട്ടുകള്‍ കുറച്ചൊന്നുമല്ല. ആര്‍ദ്രമായി പെയ്യുന്ന മഴയുടെ സൗന്ദര്യത്തെ പ്രണയമായും കാമുകിയായുമൊക്കെ വര്‍ണിച്ചാണ് ഭൂരിഭാഗം മഴപ്പാട്ടുകളും മലയാളത്തില്‍ വന്നുപോയത്. മഴയെക്കുറിച്ചു മാത്രം പാടിയ പാട്ടുകള്‍ മലയാളത്തില്‍ കുറവാണെന്നതും ശ്രദ്ധേയമാണ്. ഉപമകളില്‍ നിറഞ്ഞ മഴപ്പാട്ടുകളില്‍ മിക്കതും ഹിറ്റായിരുന്നുതാനും. പുതിയ കാലത്ത് പ്രണയവും പറച്ചിലുകളുമൊക്കെ മാറിയെങ്കിലും പാട്ടില്‍ മഴയ്ക്ക് ഒട്ടും കുറവു വന്നിട്ടില്ല.
‘അരികില്‍ വരുമ്പോള്‍ പനിനീര് മഴ
അകലത്തു നിന്നാല്‍ കണ്ണീര് മഴ....’
മഴപ്പാട്ടില്‍ ആദ്യം മലയാളിയുടെ ചുണ്ടിലേക്ക് ഓടി എത്തുക അഴകിയ രാവണനിലെ പ്രണയമണി തൂവല്പൊഴിച്ച കൈതപ്രത്തിന്റെ വരികളും വിദ്യാസാഗറിന്റെ സംഗീതവുമാകും. മഴ പനിനീര് മഴയായും കണ്ണീര് മഴയായും ഇളനീര്‍മഴയായുമൊക്കെ ആ പാട്ടില്‍ നിറഞ്ഞു. മഴ നനഞ്ഞ നായിക ആ പാട്ടിന്റെ ചിത്രീകരണത്തിലും നിറഞ്ഞു നിന്നു.
രാത്രിമഴയില്‍ നനഞ്ഞ കാമുകിയുടെ അംഗലാവണ്യങ്ങളില്‍ അലിഞ്ഞ കാമുക ഹൃദയത്തിനു പാടാതിരിക്കുവാനാകുമോ. ആ മഴയെ നോക്കി പനിനീര്‍മഴ പൂമഴ തേന്മഴ എന്നു പാടിയത് വയലാറാണ്. ജി. ദേവരാജന്റെ സംഗീതത്തില്‍ ഭൂമിദേവി പുഷ്പിണിയായ് എന്ന ചിത്രത്തിലെ ഈ ഗാനവും മഴയോടു ചേര്‍ന്നു നില്‍ക്കുന്നതാണ്. മണ്ണിന് മനസിലെ വികാരമായൊരു മധുര മഴത്തുള്ളി എന്നും മഴയെ നോക്കി വയലാര്‍ ഈ ഗാനത്തില്‍ പാടുന്നുണ്ട്.
‘മഴയോ മഴ, തൂമഴ, പുതുമഴ
മാനം നിറയെ തേന്മഴ
മനസ് നിറയെ പൂമഴ....’
കണ്ണാരം പൊത്തി പൊത്തി എന്ന ചിത്രത്തില്‍ പി. ഭാസ്കരന് എ. ടി. ഉമ്മര്‍ കൂട്ടുകെട്ടില്‍ പിറന്ന മഴപ്പാട്ടാണിത്. മഴയില്‍ കുതിര്‍ന്ന പ്രണയത്തിന്റെ തണുപ്പും കാമത്തിന്റെ ചൂടുമൊക്കെ ഈ പാട്ടില്‍ ആവോളമുണ്ട്. കാര്മുകിലിന് തേന്മാവില് ഇടിമിന്നില്‍ പൊന്നൂഞ്ഞാല്, മണ്ണിന് മാറില്‍ ചാര്‍ത്തുന്നു, മാനം മുത്തണി മണിമാല മണ്ണിന് മാറില്‍ ചാര്‍ത്തുന്നു തുടങ്ങി മഴയുടെ ഭാവനാലോകത്തേക്കും ഈ പാട്ടിലൂടെ ഭാസ്ക്കരന്‍ മാഷ് സഞ്ചരിച്ചു.
‘എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവില്‍ താളം അലിഞ്ഞു....’
മഴ പൂത്തുലഞ്ഞ ഗാനമായിരുന്നു തൂവാനന്തുമ്പികളില് ശ്രീകുമാരന്‍ തമ്പി പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് കൂട്ടുകെട്ടില്‍ പിറന്ന മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി എന്ന ഗാനം. ദൃശ്യങ്ങള്‍ കണ്ട് അതിന് അനുസൃതമായി ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനമെന്ന സവിശേഷതയും ഈ പാട്ടിനുണ്ട്്. മഴ വരികളില്‍ നിറഞ്ഞപ്പോഴും ഈ ഗാനത്തിന്റെ ചിത്രീകരണത്തില്‍ അത്രത്തോളം വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
‘തുലാവര്ഷമേളം തുടിപ്പാട്ടിന് താളം
ചെല്ലച്ചിറകുണര്‍ന്ന് പളുങ്കുചൊരിയും അമൃത ജലധാര....’
അറിയാതെ ആത്മഹര്‍ഷം പകരുന്ന മഴയെ നോക്കി മങ്കൊമ്പ്് ഗോപാലകൃഷ്ണന് എഴുതിയത് ഇങ്ങനെയാണ്. അശ്വരഥം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീതം ശ്യാമിന്റേതായിരുന്നു. മഴ നനഞ്ഞ നായകന്റെയും നായികയുടെയും ചലനങ്ങളും ഭാവങ്ങളുമൊക്കെ ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ചിത്രീകരണം കൂടിയായിരുന്നു ഈ ഗാനത്തിന്റേത്.
‘വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസിലും മൃദംഗമം....’
മനോഹര പദങ്ങള്‍ക്കൊണ്ട് പെരുമഴക്കാലം സൃഷ്ട്ടിച്ച ഗാനമായിരുന്നു യൂസഫലി കേച്ചേരി രചിച്ച മഴയിലെ ആഷാഢം പാടുമ്പോള്‍ എന്ന ഗാനം. രവീന്ദ്ര സംഗീതംകൂടി ചേര്‍ന്നതോടെ ഈ ഗാനം മഴപോലെ പ്രിയപ്പെട്ടതായി മലയാളിക്ക്. മഴ പ്രകൃതിയുടെ ഉത്സവമായി മാറുന്ന വരികളായിരുന്നു ഈ ഗാനത്തിലേത്.
‘കരിമുകിലുകള്‍ ചിറകുകുടയും സ്വരം
ജലകണികകള്‍ ഇലയിലുതിരും സ്വരം....’
ഇതിലെ വന്ന വര്‍ഷകാലത്തെ സന്തോഷ് വര്‍മ വര്‍ഷം എന്ന ചിത്രത്തിലൂടെ വരികളിലാക്കിയത് ഇങ്ങനെയായിരുന്നു. ബിജിബാലിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനത്തിലും മഴയെ പാടി പുകഴ്ത്തുന്നതു കാണാം.
‘പറയാന്‍ നീ കരുതും നിന് പ്രണയം ഇന്നു മഴയായ്
അറിയാന്‍ ഞാനറിയാന് നിന് മൊഴികള്‍ വന്നു മഴയായ്...’
പ്രണയം മഴയായ് പൊയ്തൊഴിഞ്ഞ ഗാനമായിരുന്നു ശിക്കാരി ശംഭുവിലെ ഇതാരൊരാള്‍ എനിക്കായ് തൂവുന്നു തൂമഴ എന്ന ഗാനം. സന്തോഷ് വര്‍മ ശ്രീജിത്ത് ഇടവന കൂട്ടുകെട്ടിലാണ് ഈ പ്രണയമഴ പാട്ട് പിറന്നത്.
സിനിമയും സംഗീതവുമൊക്കെ മാറിയ കാലത്തും പാട്ടുകളില്‍ മഴ ഒട്ടും മാറി നിന്നിട്ടില്ല. സരിത എന്ന ചിത്രത്തില്‍ സത്യന് അന്തിക്കാട് രചിച്ച മഴ തുള്ളി തുള്ളി നൃത്തമാടി വരും, നമ്മള് തമ്മിലില്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച ജൂണിലെ നിലാമഴയില്‍, വെട്ടത്തില്‍ ബിയാര്‍ പ്രസാദ് രചിച്ച മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി, പട്ടംപോലെ എന്ന ചിത്രത്തില്‍ സന്തോഷ് വര്‍മ രചിച്ച മഴയേ തൂമഴയേ, ജെയിംസ് ആന്‍ഡ് ആലീസില്‍ ഹരിനാരായണന് രചിച്ച മഴയെ മഴയെ മനസില്‍ മഷിയായുതിരും നിറമേ, അനൂപ് മേനോന് എഴുതിയ ബ്യൂട്ടിഫുള്ളിലെ മഴനീര്‍ത്തുള്ളികള്‍ എന്‍ തനുനീര്‍ മുത്തുകള്‍, അതിരനിലെ വിനായക് ശശികുമാറിന്റെ പവിഴമഴയേ തുടങ്ങിയ ഗാനങ്ങളും മഴ നനഞ്ഞുപാടിയ ഗാനങ്ങളാണ്.