ആ പാട്ട് കേൾക്കാൻ സ്ഥിരമായി ആനക്കൂട്ടമെത്തി; 'രാസാത്തി ഒന്നെ കാണാതെ നെഞ്ച്' അറിയാക്കഥ
Mail This Article
ശാന്തസമുദ്രമാണ് ഇളയരാജ. പുറമേക്കു പ്രതികരണങ്ങൾ കുറവ്. നേരിൽ കാണുമ്പോൾ ആരാധനമൂത്തു ജനങ്ങൾ കാണിക്കുന്ന ഇഷ്ടങ്ങളോടും നിസ്സംഗഭാവം. ചില ഗായകർക്ക് ഈ സ്വഭാവത്തിൽ പരിഭവം ഉണ്ട്. റിക്കോർഡിങ്ങിന് എത്ര നന്നായി പാടിയാലും ‘ഒകെ’ എന്നല്ലാതെ മറ്റൊന്നും അദ്ദേഹം പറയാറില്ല. നാമൊക്കെ ജീവന്റെ ജീവനായി കരുതുന്ന ആ ഈണങ്ങളുടെ കേമത്തം അദ്ദേഹം മാത്രം ഒരിടത്തും പറയാറില്ല. ഓരോ ഈണവും ജനിച്ചതിനു പിന്നിലെ കഥയും ക്ലേശവും അഭിമുഖങ്ങളിൽ അതിശയോക്തി കലർത്തി വിളമ്പുന്ന രീതിയും ഇളയരാജയ്ക്കില്ല.
പക്ഷേ, താൻ ചെയ്ത ഒരേയൊരു പാട്ടിനെപ്പറ്റി മാത്രം അദ്ദേഹം പ്രസംഗങ്ങളിൽ പറയാറുണ്ട്. ആ പാട്ട് പിറന്നതിനുശേഷം ഉണ്ടായ ഒരു സംഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ആർ. സുന്ദരരാജന്റെ സംവിധാനത്തിൽ വിജയകാന്തും രേവതിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വൈദേഹി കാത്തിരുന്താൾ’ (1984) എന്ന സിനിമയിലെ
‘രാസാത്തി ഒന്നെ കാണാതെ നെഞ്ച്
കാത്താടി പോലാട്ത്...
പൊഴുതാകിപ്പോച്ച് വെളക്കേത്തിയാച്ച്
പൊൻമാനെ ഒന്നെ തേട്തേ...’
എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ഈ കഥാതന്തു.
‘ഈ സിനിമ റിലീസ് ആയ കാലം. തമിഴ്നാട്ടിലെ കമ്പത്തിന് അടുത്ത് കാടിനോടു ചേർന്ന ഒരു പ്രദേശത്തെ തിയറ്ററിൽ പടം കളിക്കുകയായിരുന്നു. പടത്തിലെ സംഭാഷണങ്ങളും പാട്ടുമെല്ലാം നാടാകെ കേൾക്കാം. ‘രാസാത്തി ഒന്നെ....’ എന്ന പാട്ട് തുടങ്ങി അൽപം കഴിഞ്ഞപ്പോഴാണ് ഗ്രാമം ആ കാഴ്ച കണ്ടത്. ഒരു കൂട്ടം കാട്ടാനകൾ ഗ്രാമത്തിലേക്ക് ഇറങ്ങിവന്നു. ഗ്രാമവാസികൾ ആകെ പരിഭ്രമിച്ചു. ഒരകലമിട്ട് അവരും ആനക്കൂട്ടത്തിനൊപ്പം നടന്നു. ആനക്കൂട്ടം തിയറ്ററിനു തൊട്ടടുത്തെത്തി തുമ്പിക്കൈ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് ഒരു ധ്യാനത്തിലെന്നപോലെ നിന്നു. നെഞ്ചിടിപ്പോടെ ജനങ്ങളും. പാട്ട് തീർന്നപ്പോള്‍ ആനക്കൂട്ടം തുമ്പിക്കൈ താഴ്ത്തി ചെവിയാട്ടി കാട്ടിലേക്കു പോയി. ‘വൈദേഹി കാത്തിരുന്താൾ’ എന്ന സിനിമ ആ തിയറ്ററിൽനിന്നു മാറുന്നതുവരെ ഈ സംഭവം തുടർന്നു.’
സംഗീതത്തിനു മനുഷ്യനെ മാത്രമല്ല, സർവജീവജാലങ്ങളെയും ആകർഷിക്കാൻ കഴിവുണ്ടെന്ന് ഉദാഹരിക്കാൻ മാത്രമാണ് ഇളയരാജ വേദികളിൽ ഈ കഥ പറയാറ്. മറിച്ച്, തന്റെ സംഗീതം വലിയ സംഭവമാണെന്നു പറയാനല്ല.
ദക്ഷിണേന്ത്യൻ സിനിമാ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘രാസാത്തി ഒന്നെ...’ പാടാൻ ഭാഗ്യം ലഭിച്ചത് നമ്മുടെ സാക്ഷാൽ പി.ജയചന്ദ്രനാണ്. ‘ഏകാന്ത പഥികൻ ഞാൻ’ എന്ന ആത്മകഥയിൽ ആ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെ: ‘‘ഇളയരാജയുടെ സംഗീതത്തിൽ ഞാൻ പാടിയ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് ‘രാസാത്തി ഒന്നെ...’ തമിഴന്റെ രക്തത്തിൽ കലർന്ന ഗാനം. ഫോക്ക് എന്നോ കർണാടിക് എന്നോ വേർതിരിക്കാനാവാത്ത ഒരപൂർവഗാനം. ഈ ഗാനം എന്നെക്കൊണ്ടു പാടിച്ചതിനു ഞാൻ സർവേശ്വരനോട് എന്നും നന്ദിയുള്ളവനായിരിക്കും...’’
തുടക്കത്തിലെ ‘രാസാത്തി ഒന്നെ....’ എന്നതിലെ ‘ഒന്നെ’ എന്നു വീഴുന്ന സ്വരങ്ങൾ ആ വേഗത്തിൽ പാടുമ്പോൾ നല്ല ശ്രദ്ധവേണം. അല്ലെങ്കിൽ അസുന്ദരമാവും. ശോകത്തിനുവേണ്ടി പാട്ടിനെ വല്ലാത്ത അയഞ്ഞ താളത്തിൽ ഇഴയ്ക്കാതെ അൽപം ടെംപോയിൽത്തന്നെ ചെയ്തിരിക്കുന്നത് സെൻസിറ്റിവിറ്റിയുടെ സൂക്ഷ്മതയാണ്. ഇളയരാജയ്ക്കു മാത്രം കഴിയുന്ന ചില കൽപനാവൈചിത്ര്യങ്ങളുടെ ആവിഷ്കാരമാണ് ഈ ഗാനം.
തമിഴരുടെ ഹൃദയവികാരമായി ഈ ഗാനത്തെ മാറ്റിയതിൽ ജയചന്ദ്രൻ വലിയ പങ്ക് വഹിച്ചു. ഇതേ സംഗീതത്തിൽ ഈ ഗാനം ‘രാസാവെ ഉന്നൈ...’ എന്ന ട്രാക്ക് തമിഴന്റെ സംഗീതദേവത പി.സുശീല പാടിയിട്ടും വിജയമായില്ല. തമിഴ്ഗാന ചരിത്രത്തിൽ പി.ജയചന്ദ്രനെ അടയാളപ്പെടുത്താൻ പോകുന്നത് ഈ ഗാനത്തിന്റെ പേരിലായിരിക്കും.
(ഈ സിനിമയിലെ ‘കാത്തിരുന്ത് കാത്തിരുന്ത്...’, ‘എന്റൈക്ക് ഏനിന്ത ആനന്ദമേ...’ (വാണി ജയറാമിനൊപ്പം) എന്നീ ഹിറ്റ് ഗാനങ്ങളും ജയചന്ദ്രൻ പാടിയതാണ്. ഈ മൂന്നു ഗാനവും ഒറ്റദിവസം തന്നെ ലൈവായി റിക്കോർഡ് ചെയ്തതാണ് എന്ന പ്രത്യേകതയും ഉണ്ട്.)
രാസാത്തിയെ കാണാതെ പിടഞ്ഞ കാമുകഹൃദയത്തെ കാറ്റാടിയോട് ഉപമിച്ച വാലിയുടെ വരികളിൽ പൊടിഞ്ഞ നൊമ്പരവും ഏതു ഹൃദയമാണു കീഴ്പ്പെടുത്താത്തത്?