കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല പ്രണയത്തിന്റെ ഈ ‘അൽഹംദുലില്ല’ ഗാനം
Mail This Article
പ്രണയം കണ്ണീരിൽ ചാലിച്ച് നോവു പകർന്ന് കേൾവിക്കാരുടെ മനസിലേയ്ക്ക് ഒഴുകിപ്പരക്കുകയാണ് സൂഫിയും സുജാതയും ചിത്രത്തിലെ ‘അൽഹംദുലില്ല’ ഗാനം. പ്രണയ–വിരഹ നൊമ്പരം അതിന്റെ പാരമ്യതയിൽ അവതരിപ്പിക്കപ്പെട്ട പാട്ട് മണിക്കൂറുകൾക്കകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയത് മനസിനെ പിടിച്ചിരുത്താനുള്ള അതിന്റെ മാന്ത്രികത കൊണ്ടു തന്നെ.
പാട്ടിനു വരികളൊരുക്കാൻ ബി.കെ ഹരിനാരായണന്റെ പേനത്തുമ്പുണർന്നു. സുദീപ് പാലനാട് ഈണങ്ങൾ പെയ്യിച്ചു. സുദീപിന്റെയും അമൃത സുരേഷിന്റെയും ഉള്ളു പൊള്ളിക്കും ആലാപനം ആസ്വാദകരുടെ നെഞ്ചുലച്ച് ഒഴുകിയിറങ്ങി. പ്രണയ നൊമ്പരം പേറുന്നവർക്കു മാത്രമല്ല പ്രണയമെന്തെന്ന് അറിയാത്തവർക്കു പോലും കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ ഗാനം.
മിനിട്ടുകളുടെ ഇടവേളയിൽ പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ വർധന പാട്ടിനെ ഏറെ ജനകീയമാക്കി. ചിത്രത്തിലെ കാമുകഹൃദയം കണ്ണുകൾ കൊണ്ടു പ്രണയം പറഞ്ഞപ്പോൾ ആ നോവിന്റെ ശരം തറച്ചത് എത്രയോ പ്രണയിതാക്കളുടെ ഹൃദയങ്ങളിലാണ്. പാട്ട് കണ്ടും കേട്ടും മതിവരുന്നില്ല എന്നാണ് പ്രേക്ഷകർ ആവർത്തിച്ചു പറയുന്നത്.
ചില പാട്ടുകൾ അങ്ങനെയാണ്. ഒരിക്കൽ കേട്ടാൽ പിന്നെ അതിൽ നിന്നും മനസിനെ വേർപെടുത്താൻ സാധിക്കാതെ വരും. പല ആവർത്തി കേട്ടാലും വിരസത തോന്നാത്ത എന്തോ ഒരു മാന്ത്രികതയുണ്ടായിരിക്കാം അതിൽ. നിലയ്ക്കാതെ പെയ്യുന്ന ഈണങ്ങളും ഹരം പിടിപ്പിക്കുന്ന സ്വരങ്ങളും ഒന്നിലൊന്നായ് കലർന്ന് കണ്ണും മനസും നിറച്ച് അതങ്ങനെ അലിഞ്ഞൊഴുകും.
സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും. ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. നിത്യ മാമ്മനും അർജുൻ കൃഷ്ണനും സിയ ഉൾ ഹഖും ചേർന്നാലപിച്ച പാട്ട് ആദ്യ കേൾവിയിൽ തന്നെ ഖൽബിൽ തറയ്ക്കുന്നു എന്നാണ് ആസ്വാദകർ അഭിപ്രായപ്പെട്ടത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രന്റേതായിരുന്നു സംഗീതം.
ഒടിടി റിലീസിനൊരുങ്ങുന്ന ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 14വർഷത്തെ ഇടവേളക്കു ശേഷമാണ് അതിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാനവാസ് നാരാണിപ്പുഴയാണ് ചിത്രത്തിന്റെ സംവിധായകൻ.
മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ് സൂഫിയും സുജാതയും. ജൂലൈ മൂന്നാം തിയതി മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം റിലീസിനെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രമാണിത്. കോവിഡ് 19 സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോമിലേയ്ക്കുള്ള ചുവടുവയ്പ് സിനിമാ രംഗത്തു ചർച്ചയായിരുന്നു.