'മകളെ, എന്റെയീ ആശുപത്രി ദിവസത്തെ നീ തെളിച്ചമുള്ളതാക്കി'; ആര്യ ദയാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ
Mail This Article
വ്യത്യസ്തമായ പാട്ടവതരണത്തിലൂടെ സാക്ഷാൽ അമിതാഭ് ബച്ചന്റെ പോലും മനം കവർന്ന് മലയാളികൾക്ക് അഭിമാനമായി ആര്യ ദയാൽ. കർണാടക സംഗീതവും പോപ് സംഗീതവും ചേർത്ത് ആര്യ അവതരിപ്പിച്ച പാട്ട് സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയവെയാണ് അമിതാഭ് ബച്ചൻ ആര്യ ദയാലിന്റെ പാട്ടു കേൾക്കാനിടയായത്. ആശുപത്രിയിൽ എത്തിയിട്ട് ഇത്രയധികം സന്തോഷം ലഭിച്ച വേറെ ദിവസമുണ്ടായിട്ടില്ല എന്നു കുറിച്ച് താരം പാട്ട് പങ്കുവയ്ക്കുകയും ചെയ്തു.
‘എന്റെ സുഹൃത്താണ് ഈ വിഡിയോ എനിക്ക് അയച്ചു തന്നത്. ആരാണ് ഈ പെൺകുട്ടിയെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഇവൾ പ്രത്യേക കഴിവുള്ളവളാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. കർണാട്ടിക്കും വേസ്റ്റേൺ മ്യൂസിക്കും മിക്സ് ചെയ്യുക എന്നത് എളുപ്പമല്ല. പക്ഷേ എത്ര സുന്ദരമായാണ് ഈ പെൺകുട്ടി അത് ചെയ്തിരിക്കുന്നത് എന്നു നോക്കൂ. രണ്ടിലും അൽപം പോലും മായം ചേർക്കാത്ത മനോഹരമായ പാട്ട്. കുഞ്ഞേ, നിന്റെ നാദം എത്ര ധന്യം. എന്റെ ആശുപത്രിക്കിടക്കയിലെ നിറമില്ലാത്ത വിരസമായ ഒരു ദിനത്തെയാണ് നീ തെളിച്ചമുള്ളതാക്കിയത്’– പാട്ട് പങ്കുവച്ച് അമിതാഭ് ബച്ചൻ കുറിച്ചു.
അമിതാഭ് ബച്ചന്റെ ഈ സമൂഹമാധ്യമ പോസ്റ്റ് ആര്യ ദയാൽ എന്ന കണ്ണൂരുകാരി പെൺകുട്ടിക്ക് ലഭിച്ച അംഗീകാരമാണ്. ‘സഖാവ്’ എന്ന കവിത പാടി കയ്യടി നേടിയ ആര്യയ്ക്ക് ആരാധകരും ഏറെയാണ്. 2017ൽ പുറത്തിറങ്ങിയ എഡ്‌വാർഡ് ക്രിസ്റ്റഫറിന്റെ ‘ഷെയ്പ് ഓഫ് യു’ കൗമാരക്കാരുടെ ഇഷ്ട ആൽബമാണ്. ഈ ആൽബത്തിന്റെ നിരവധി കവർ പതിപ്പുകൾ പുറത്തിറങ്ങിയിട്ടുമുണ്ട്. ആൽബത്തിന്റെ ഇന്ത്യൻ ശാസ്ത്രീയ പതിപ്പുകൾക്ക് പ്രിയമേറെയാണ്. ആര്യയോട് വീണ്ടും ആ പാട്ട് പാടിത്തരാൻ അഭ്യർഥിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ.
English Summary: Amitabh Bachchan appreciates Singer Arya Dayal