അമ്മയാകാനൊരുങ്ങി ഗായിക ശ്രേയ ഘോഷാൽ; നിറവയറിൽ കൈ ചേർത്ത് ക്യൂട്ട് ചിത്രം
Mail This Article
അമ്മയാകാനൊരുങ്ങി ഗായിക ശ്രേയ ഘോഷാൽ. ഗായിക തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് ഗായിക കുറിച്ചു. നിറവയറിൽ കൈ ചേർത്ത് മാതൃവാത്സല്യത്തോടെ നിൽക്കുന്നതിന്റെ ചിത്രം ശ്രേയ പങ്കുവച്ചു. ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുമ്പോൾ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. 2015ലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചുകൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. തൊട്ടുപിന്നാലെ ശ്രേയ ഘോഷാലിനും ശൈലാദിത്യയ്ക്കും ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. കുഞ്ഞിന്റെ വരവിനായി തങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ.
ബോളിവുഡിലെ പ്രമുഖ ഗായകരിൽ പ്രധാനിയാണ് ശ്രേയ ഘോഷാൽ. നിരവധി മലയാള ഗാനങ്ങൾ ആലപിച്ച ശ്രേയ, മലയാളികൾക്ക് ഏറെ സുപരിചിതയാണ്. എന്നു നിന്റെ മൊയ്തീനിലെ ‘കാത്തിരുന്നു കാത്തിരുന്നു’, തീവണ്ടിയിലെ ‘ജീവാംശമായ്’, ചാർളിയിലെ ‘പുതുമഴയായ്’, തുടങ്ങിയവ ഗായികയെ മലയാളത്തിൽ അടയാളപ്പെടുത്തിയ പാട്ടുകളാണ്.