ADVERTISEMENT

ലൊസാഞ്ചലസ് ∙ പുരുഷകേന്ദ്രീകൃതമായിരുന്ന സംഗീതലോകത്തെ ഏറ്റവും മഹത്തായ പുരസ്കാര വേദിയിൽ ഇന്നലെ നിറഞ്ഞുനിന്നത് പെൺകരുത്തിന്റെ താളം. റെക്കോർഡ് ഓഫ് ദി ഇയർ (എവ്‌രിതിങ് ഐ വാണ്ടഡ്– ബില്ലി ഐലിഷ്), ആൽബം ഓഫ് ദി ഇയർ (ഫോക്‌ലോർ– ടെയ്‍ലർ സ്വിഫ്റ്റ്), മികച്ച റിഥം ആൻ‍ഡ് ബ്ലൂസ് പെർഫോമൻസ് (ബിയോൺസെ), മികച്ച പോപ് വോക്കൽ ആൽബം (ഫ്യൂച്ചർ നൊസ്റ്റാൾജിയ– ഡ്യുയ ലിപ), മികച്ച പുതുമുഖതാരം (മേഗൻ തീ സ്റ്റാലിയൻ), സോങ് ഓഫ് ദി ഇയർ (ഐ കാന്റ് ബ്രീത്– ഹെർ), മികച്ച കൺട്രി ആൽബം (മിറാൻഡ ലാംബെർട്) എന്നീ പ്രധാന പുരസ്കാരങ്ങൾ നേടിയാണ് കലാകാരികൾ ചരിത്രമെഴുതിയത്. 

യുവാക്കളുടെ ഹരമായ ഹാരി സ്റ്റൈൽസ് മാത്രമാണ് മുഖ്യപുരസ്കാരങ്ങളിലെ പുരുഷസാന്നിധ്യം. ഇന്നലെ 9 നോമിനേഷനുകളിൽ നാലും നേടിയ ബിയോൺസെ  ചരിത്രത്തിൽ ഏറ്റവുമധികം ഗ്രാമി നേടുന്ന വനിതയായി– ആകെ 28. ബിയോൺസെയ്ക്കൊപ്പം മികച്ച റാപ് സോങ്, മികച്ച റാപ് പെർഫോമൻസ് എന്നീ പുരസ്കാരങ്ങൾ പങ്കിട്ട മേഗൻ തീ സ്റ്റാലിയൻ 3 പുരസ്കാരങ്ങൾ നേടി. ആൽബം ഓഫ് ദി ഇയർ പുരസ്കാരം മൂന്നാം വട്ടവും നേടിയ ടെയ്‌ലർ സ്വിഫ്റ്റും ജയിംസ് ബോണ്ട് സിനിമയായ നോ ടൈം ടു ഡൈയുടെ തീം സോങ്ങിന് ഇന്നലെ രണ്ടാം പുരസ്കാരം നേടിയ ബില്ലി ഐലിഷും പുരസ്കാരവേദിയിലെ മിന്നുംതാരങ്ങളായി. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെത്തുടർന്ന് പൊലീസ് അതിക്രമത്തിനും വംശീയവെറിക്കുമെതിരായി ലോകം മുഴുവൻ പടർന്ന ‘ബ്ലാക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനത്തിന്റെ ‘ഐ കാന്റ് ബ്രീത്’ എന്ന മുദ്രാവാക്യത്തെ കാലഘട്ടത്തിന്റെ രാഷ്ട്രീയഗാനമാക്കി മാറ്റിയതിനാണ് ഹെർ (ഗബ്രിയേല വിൽസൻ) സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്. 

ഗായകനും ഗാനരചയിതാവും നടനുമായ ഹാരി സ്റ്റൈൽസ് തുടർച്ചയായ മൂന്നാമത്തെ ഹിറ്റിന് ആദ്യ ഗ്രാമി നേടി. ‘വാട്ടർമെലൻ ഷുഗർ’ എന്ന ഹിറ്റ് ഗാനത്തിനാണ് മികച്ച പോപ് സോളോ പെർഫോമൻസിനുള്ള ഗ്രാമി. ജസ്റ്റിൻ ബീബർ, ബില്ലി ഐലിഷ്, ടെയ‍്‌ലർ സ്വിഫ്റ്റ് തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നത്. 2017ൽ ഇറങ്ങിയ സൈൻ ഓഫ് ദ് ടൈംസ്, 2019 ലെ ഫൈൻ ലൈൻ എന്നീ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ 27 വയസ്സുകാരനായ ഹാരി സ്റ്റൈൽസ് ക്രിസ്റ്റഫർ നോളന്റെ ഡൻകർക് എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com