ADVERTISEMENT

മണ്ണിന്റെയും മാമ്പൂവിന്റെയും മണമുള്ള, നാട്ടുമൊഴികളുടെ ചേലുള്ള പാട്ടുകളിലൂടെയാണ് പി.ഭാസ്‌ക്കരനെ നാമറിയുന്നത്. വളകിലുക്കവും അത്തറിന്റെ സുഗന്ധവും എള്ളെണ്ണ മണക്കുന്ന മുടിക്കെട്ടും മൈലാഞ്ചിച്ചോപ്പുമൊക്കെ ചന്തം ചാര്‍ത്തിയ എത്രയെത്ര പാട്ടുകള്‍. ഏപ്രില്‍ 21 അദ്ദേഹത്തിന്റെ ജന്മദിനമാണ്. കവി, ഗാനരചയിതാവ്, സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയെ പാട്ടിലൂടെയാണ് നാം കൂടുതലറിയുന്നത്. പാട്ട് പ്രേമികളല്ലാത്തവർ പോലും ഓർത്ത് മൂളുന്ന ആ മധുര ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം നമ്മെ തേടി വരുന്നു.

 

ഏറ്റവും ലളിതമായ വാക്കുകളിലും മനോഹരമായ സങ്കല്‍പങ്ങള്‍ കോറിയിട്ടു  പി ഭാസ്ക്കരൻ. കേള്‍ക്കുന്ന മാത്രയില്‍  കണ്ണിലും മനസ്സിലും  ആ സുന്ദരച്ചിത്രങ്ങള്‍ വിരിയിക്കാന്‍ അദ്ദേഹത്തിനായി. ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ’. ‘എന്റെ സ്വപ്‌നത്തിന്‍ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ’ കേള്‍ക്കുന്നവരുടെ മനസ്സിലെ താമരപ്പൊയ്കയിലും തെളിഞ്ഞു വരും ചില രൂപവതികള്‍. നമ്മളൊന്നായ് തുഴഞ്ഞ കൊതുമ്പ് വള്ളവും നെഞ്ചിലെ  അനുരാഗ കരിക്കിന്‍ വെളളവും  ഓർമ്മകളിൽ  നിറയുമ്പോള്‍ ആരും മൂളിപ്പോവും  ‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം..’

 

‘നഗരമേ നന്ദി’  എന്ന ചിത്രത്തിനായി പി.ഭാസ്ക്കരൻ  എഴുതിയ  ഏറെ പ്രശസ്തമായ ഒരു ഗാനമാണ് ‘മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചു വെച്ച് നീരാടുമ്പോള്‍..’ എസ്. ജാനകിയുടെ മനോഹര ശബ്ദത്തില്‍  ഹിറ്റായ പാട്ട്. താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമരമാലയുമായ്  ചിങ്ങമെത്തുമ്പോള്‍. ‘ഒരു കൊച്ചു പന്തലില്‍ ഒരു കൊച്ചു മണ്ഡപം പുളിയിലക്കരമുണ്ടും കിനാവു കണ്ടേന്‍’  എന്നിങ്ങനെ പോവുന്നു  ആ വരികള്‍. പാട്ട് ഇഷ്ടമായ  എം.ടി വാസുദേവന്‍ നായര്‍ പി. ഭാസ്‌ക്കരനോട് ചോദിച്ചത്രേ. 

‘മാഷേ,  എവിടെയാണ് ഈ താന്നിയൂരമ്പലം ?’. അപ്പോള്‍ മാസ്റ്ററുടെ മറുപടി ‘അത് വാസൂന്റെ വീടിനടുത്ത് തന്നെയാണല്ലോ’.  എനിക്കും കേട്ടപ്പോള്‍ അങ്ങനെ തന്നെ തോന്നിയെന്നിയെന്ന് എംടി. ‘പാട്ടില്‍ ആ തോന്നലാണ് പ്രധാനം, അങ്ങനെയൊരമ്പലമില്ല’  ചിരിയോടെ പി.ഭാസ്ക്കരൻ സത്യം വെളിപ്പെടുത്തി.

പാട്ട് കേള്‍ക്കുന്നവര്‍ക്കൊക്കെയും തോന്നാം, താന്നിയൂരമ്പലം സ്വന്തം വീടിനടുത്താണെന്ന്. ഏറ്റവും ലളിതമായി മിക്ക പാട്ടിലും  ആ തോന്നലുണ്ടാക്കാന്‍  കഴിഞ്ഞു അദ്ദേഹത്തിന് .

 

‘നാഴിയുരിപ്പാല് കൊണ്ട് നാടാകെ കല്യാണം, നാലഞ്ച് തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം, നാളികേരത്തിന്റെ നാട്ടിലെനിക്കാരു നാഴിയിടങ്ങഴി മണ്ണുണ്ട്, എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, കല്ലാണീ നെഞ്ചിലെന്ന്... , കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോവും, കുയിലിനെത്തേടി, കുയിലിനെത്തേടി കുതിച്ച് പായും മാരാ, ഹാലു പിടിച്ചൊരു പുലിയച്ചന്‍, നയാപ്പൈസയില്ലാ കയ്യില്‍ നയാപൈസയില്ല, എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍’ ഏതു സാധാരണക്കാരനും പാടി നടക്കാനിഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ വരികള്‍.  എഴുതുന്ന കഥാപാത്രങ്ങളെ ആഴത്തില്‍ മനസ്സിലാക്കിയാണ് എഴുത്ത്. അതുകൊണ്ടുതന്നെ ആ പാട്ടുകളിലൊക്കെ ഗ്രാമജീവിത്തതിന്റെ തുടിപ്പുകള്‍ കാണാം. നമുക്കിടയില്‍ നിന്നും ആരോ പെട്ടന്നെഴുതിപ്പാടിയതു പോലെ ജീവനുണ്ട് ആ പാട്ടിലൊക്കെയും .

 

കാണുന്ന കാഴ്ചകള്‍ പാട്ടായി മനസില്‍ കയറി വന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. നീലക്കുയില്‍ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  ആലുവാപ്പുഴയുടെ തീരത്തുള്ള ഒരു വീട്ടിലായിരുന്നു സംഗീത സംവിധായകന്‍ കെ.രാഘവനും പി. ഭാസ്‌ക്കരനും  താമസം. ഒരു ദിവസം പുഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴാണ് ഒരു സുന്ദരി കരയിലൂടെ നടന്ന് പോവുന്നത് പി.ഭാസ്ക്കരൻ കാണുന്നത്. ഉടനെ തന്നെ മനസ്സിലെഴുതിയിട്ടു നീലക്കുയിലിലേക്കൊരു ഗാനം. പുഴയെ കായലാക്കി മാറ്റി പി.ഭാസ്ക്കരൻ എഴുതിയ ആ പാട്ട്  കെ.രാഘവനും  ഇഷ്ടമായി. അതാണ് ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ’ എന്ന ഗാനം. അങ്ങനെ പെട്ടന്നുളള തോന്നലില്‍ കയറി വന്ന ആ പാട്ട് ഇത്ര ഹിറ്റാവുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

 

സുഹൃത്തും നിര്‍മ്മാതാവുമായ ശോഭന പരമേശ്വരന്‍ നായര്‍ക്കൊപ്പമൊരു  യാത്രക്കിടെയാണ് പട്ടാമ്പിപ്പാലത്തിന് മുകളിലെത്തിയപ്പോള്‍ നേർത്തു മെലിഞ്ഞ ഭാരതപ്പുഴയില്‍  അദ്ദേഹത്തിന്റെ കണ്ണും മനസ്സുടക്കിയത്. എഴുതാന്‍ കയ്യില്‍ കടലാസോ പുസ്തകമോ ഒന്നുമില്ല, ഉടനെ തന്നെ പരമേശ്വരന്‍നായരുടെ പോക്കറ്റില്‍ നിന്നെടുത്ത സിഗരറ്റ് കൂടിന്റെ ഉള്‍ഭാഗത്ത് പി.ഭാസ്ക്കരൻ എഴുതിയിട്ടു, ‘കരയുന്നോ  പുഴ ചിരിക്കുന്നോ, കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്‍ കരയുന്നോ പുഴ ചിരിക്കുന്നോ..’ മുറപെണ്ണ്‌ എന്ന ചിത്രത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ  ഗാനം.

 

മലയാളി മനസ്സില്‍ യേശുദാസിനെ ഗാനഗന്ധര്‍വ്വനാക്കിയ പല പാട്ടുകളും സമ്മാനിച്ചത് പി. ഭാസ്‌ക്കരനാണ്. ‘താമസമെന്തേ വരുവാന്‍ പ്രാണസഖി എന്റെ മുന്നില്‍, പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍, ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ, ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ, ആറ്റു വഞ്ചിക്കടവില്‍ വെച്ച് അന്നു നിന്നെ ഞാന്‍ കണ്ടപ്പോള്‍, മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം, അനഘ സങ്കല്‍പ ഗായികേ..’അങ്ങനെ അനേകമനേകം മനോഹര ഗാനങ്ങള്‍.

 

മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ പ്രണയത്തില്‍ മുക്കിയെഴുതുമ്പോള്‍ ആ  മനസ്സില്‍ വിരിഞ്ഞത് നിരവധിയായ  സുന്ദര കല്‍പനകളാണ്. ‘പത്ത് വെളുപ്പിന് മുറ്റത്ത് നില്‍ക്കണ, ഇന്നെനിക്ക് പൊട്ടു കുത്താന്‍ സന്ധ്യകള്‍ ചാലിച്ച  സിന്ദൂരം, ആറാട്ട് കടവിങ്കല്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി, ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, തളിരിട്ട കിനാക്കള്‍ തന്‍ താമര മാലകോര്‍ക്കാന്‍, ഹര്‍ഷ ബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നൂ, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, സ്വര്‍ണമുകിലേ, സ്വര്‍ണമുകിലേ സ്വപ്‌നം കാണാറുണ്ടോ, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ..., മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..കായലൊന്ന് ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്, പുലര്‍ കാല സുന്ദര സ്വപ്‌നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി, വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വർണ്ണ ച്ചിറകുമായ് പാറി' . ഒരു പൂമ്പാറ്റച്ചിറകിലേറി ആ ഭാവന പറന്നുയരുന്നതിനൊപ്പം ആസ്വാദകരും എത്രയുയര്‍ന്ന് പാറി. 

 

സ്വപ്‌നത്തെക്കുറിച്ച് പാടിയാല്‍ മതിവരാറില്ലല്ലോ കവികള്‍ക്ക്. ‘സ്വപ്‌ന മാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം...’ കേള്‍ക്കുന്ന മാത്രയില്‍ ഒന്നു കല്യാണം കഴിക്കാന്‍ തോന്നും ആര്‍ക്കും ആ പാട്ട് കേട്ടാല്‍. ഗുരുവായൂര്‍ കേശവന്‍ എന്ന ചിത്രത്തിലെ ‘സുന്ദര സ്വപ്നമേ നീയെനിക്കേകിയ വര്‍ണ്ണച്ചിറകുകള്‍ വീശി..’ പി. സുശീലയുടെ മനോഹരമായ ശബ്ദച്ചിറകില്‍ പാട്ട് പറന്നുയരുമ്പോഴാണ് യേശുദാസ് ഭാവതീവ്രമായി ആ പാട്ടില്‍ ചേരുന്നത്. ‘താരുണ്യ സങ്കല്‍പ രാസവൃന്ദാവന താരാപഥങ്ങളിലൂടെ ..പൗര്‍ണമിത്തിങ്കള്‍ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ....’ ആ പാട്ടിനൊപ്പം ആനന്ദമായി പറന്നുയര്‍ന്ന് പാടുമല്ലോ നമ്മളും.

 

പ്രണയവും സ്വപ്‌നവുമെഴുതിയ തൂലികയിലെ  വിരഹഗാനങ്ങളും ഏറെ ഹൃദ്യമാണ്. വാസന്ത പഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ് കണ്ടു, എന്ന ഗാനത്തില്‍  കുടുങ്ങിക്കിടക്കുന്ന പാട്ടു പ്രേമികള്‍ ഇന്നുമുണ്ട്.  ‘എങ്ങനെ നീ മറക്കും കുയിലേ, പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു, ഒരു കൊച്ച് സ്വപ്‌നത്തിന്‍ ചിറകുമായവിടുത്തെ അരികില്‍ ഞാനിപ്പോള്‍, എന്നും ഞാന്‍ ചെന്ന് വിളിച്ചില്ലയെങ്കില്‍ ഉണ്ണില്ലുറങ്ങില്ല മല്‍ ജീവനാഥന്‍..’ ഒരു പ്രണയിനിയുടെ ആത്മാവിലേക്ക് ഇതില്‍പരങ്ങനെ ആഴ്ന്നിറങ്ങും എഴുത്തുകാരന്‍ എന്ന് നമ്മളെ വിസ്മയിപ്പിച്ചു ആ ഗാനവും.

 

സ്വപ്‌നസുന്ദരമായ വാഗ്ദാനങ്ങളില്ലെങ്കില്‍ എന്തു ഭംഗിയാണ് ജീവിതത്തിനുള്ളത്. പാട്ടെഴുത്തുകാരിലെ ഏറ്റവും മികച്ച കാമുകന്‍ ഭാസ്‌ക്കരനാണെന്ന് തോന്നും ആ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍. ‘ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍..ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍’ എന്ന് തുടങ്ങുന്ന വരികള്‍ കേട്ട് കൊതിക്കാത്ത കാമുകിമാരുണ്ടാവുമോ. ‘സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം, ദുഖഭാരങ്ങളും പങ്ക് വെയ്ക്കാം ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്ക് വെയ്ക്കാം...’ എക്കാലത്തെയും മികച്ച കാമുക വാഗ്ദാനവും അത് തന്നെയാവണം.

 

കവിതയും ലളിതഗാനങ്ങളും എഴുതിത്തുടങ്ങിയ പി. ഭാസ്‌ക്കരന്‍ 1949–ല്‍ തമിഴ് ചിത്രത്തിന് പാട്ടെഴുതിയാണ് ചലച്ചിത്ര ഗാനരചനയ്ക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് മലയാളത്തില്‍ ചന്ദ്രിക എന്ന ചിത്രത്തിലും എഴുതി. 1954–ല്‍ രാമുകാര്യാട്ടിനോടൊപ്പം സംവിധാനം ചെയ്ത നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളിക്ക് പ്രിയങ്കരമാവുന്നത് ആ ലളിതമനോഹര ശൈലി കൊണ്ട് തന്നെയാണ്. പിന്നീട് ഭാവ ചാരുതയാർന്ന അനേകമനേകം ഗാനങ്ങളിലൂടെ മലയാളിയെ തൊട്ടറിഞ്ഞു ഈ കവി മനസ്സ്. മൂവായിരത്തോളം ഗാനങ്ങളെഴുതി, 44 ചിത്രങ്ങള്‍ സംവിധാനവും ചെയ്ത പി.ഭാസ്‌ക്കരന്‍  മലയാളഗാനശാഖയില്‍ ഒരു കാല്‍പനിക വസന്തം തീര്‍ത്താണ് മടങ്ങിയത്. കല്‍പ്പനയാകും യമുനാ നദിയുടെയക്കരെയക്കരെയക്കരെ നിന്നും ഇന്നും ഒരു സുന്ദരഗാനമായി പൊഴിയുന്നുണ്ടല്ലോ ആ കാവ്യഗീതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com