സൗന്ദര്യസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച് ഗൗരി ലക്ഷ്മിയും കൂട്ടരും; മായക്കണ്ണന്റെ കുസൃതികൾ നിറച്ച് താരാട്ടീണം
Mail This Article
"ആയർപ്പാടി മാളികയിൽ തായ് മടിയിൽ" മായക്കണ്ണന്റെ കുസൃതികൾ വാത്സല്യത്തോടെ വിവരിക്കുകയാണ് 'അമ്മ യശോദ. ഗായിക ഗൗരി ലക്ഷ്മിയുടെ ഏറ്റവും പുതിയ കവർ സോങ് "ആയർപ്പാടി" ഇതുവരെയുള്ള അമ്മ സങ്കല്പങ്ങളെയും സൗന്ദര്യ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്നു. എസ്.പി ബാലസുബ്രഹ്മണ്യം പാടി അനശ്വരമാക്കിയ "ആയർപ്പാടി" എന്ന പാട്ടിനാണ് ഗൗരി ലക്ഷ്മിയും സംഘവും പുതുനിറം ചാർത്തിയിരിക്കുന്നത്.
യശോദ കൃഷ്ണനെ ഉറക്കാൻ പാടുന്ന ഒരു പഴയ താരാട്ടുപാട്ടാണ് "ആയർപ്പാടി". പൊതുവെ എല്ലാവരും ചെയ്യുന്ന യശോദ കൃഷ്ണ സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി ഒരു യശോദയെയും കൃഷ്ണനെയും അവതരിപ്പിക്കണമെന്നുള്ള ഗൗരി ലക്ഷ്മിയുടെ ആശയം ആണ് ഈ സംഗീത ആൽബത്തിനു പിന്നിൽ. സൗന്ദര്യത്തിന്റെ മാനദണ്ഡം നിറമല്ല എന്നു വിളിച്ചു പറയുകയാണ് ഈ ആൽബം. അമ്മ ആകണമെങ്കിൽ പെണ്ണായിട്ട് ജനിക്കണം എന്നില്ല. മാതൃത്വം ഒരു ചതുരക്കള്ളിയിൽ ഒതുക്കാൻ കഴിയുന്ന ഒന്നല്ല. അമ്മയാകാൻ കഴിയാത്തവർക്കും മനസ്സുകൊണ്ട് ഒരു കുഞ്ഞിനെ പ്രസവിക്കാനും നെഞ്ചേറ്റാനും കഴിയും എന്ന വലിയ ഒരു സന്ദേശം കൂടി ഈ സംഗീത വിഡിയോ പകർന്നു തരുന്നു.
കണ്ണദാസൻ രചിച്ച് എം എസ് വിശ്വനാഥൻ ഈണം പകർന്ന് എസ്.പി ബാലസുബ്രഹ്മണ്യം അനശ്വരമാക്കിയ ഗാനമാണിത്. ഗൗരിലക്ഷ്മി പാടി അഭിനയിച്ച ഈ സംഗീത വിഡിയോയിൽ പ്രശസ്ത നൃത്ത അധ്യാപികയും ഒരു ട്രാൻസ്‌വുമണും ആയ ഭദ്ര അമൽ ആണ് യശോദയായി അഭിനയിച്ചിരിക്കുന്നത്. അനന്യ നിധീഷ് കണ്ണനായി വേഷം പകർന്നിരിക്കുന്നു. പാട്ടിന്റെ പ്രോഗ്രാമിങ്ങും മിക്സിങ്ങും നിർവഹിച്ചത് ഗണേഷ് വെങ്കട്ടരാമണി. വേറിട്ട ദൃശ്യാനുഭവം പകരുന്ന ഈ വിഡിയോ ചിത്രീകരിച്ചത് വിഷ്ണു മോഹൻ ആണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.