'17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾ'; വൈരമുത്തുവിനെതിരെ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ
Mail This Article
മീ ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിനെ വിമർശിച്ച് നടി റിമ കല്ലിങ്കൽ. പുരസ്കാരം നൽകിയ ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമയുടെ പോസ്റ്റ്.
17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതിനെ ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ പ്രതിഷേധം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേർ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.
ഇന്നലെയാണ് ഈ വര്‍ഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് (3 ലക്ഷം രൂപ) തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പിന്നാലെ ഗായിക ചിന്മയി ശ്രീപദ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനു പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം.
2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയർന്നത്. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വൈരമുത്തുവിനെതിരെ നിരവധി ആരോപണങ്ങളാണു മിടൂവിന്റെ ഭാഗമായി എത്തിയത്.