ദുബായ് വേദിയിൽ പാടിത്തകർത്ത് ഹരീഷ് ശിവരാമകൃഷ്ണൻ; പാട്ടും പറച്ചിലുമായി സ്നേഹഗായകൻ
Mail This Article
ഒഴുകുംപുഴ പോലെയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ സംസാരം. കുളിരലകളും കുഞ്ഞോളങ്ങളും കൊണ്ട് സുഖദായകമായ സ്പർശം നൽകുന്ന ഒരുകുഞ്ഞിപ്പുഴക്കരികെ നിൽക്കുന്ന സുഖമുണ്ട് അതു കേട്ടിരിക്കാൻ. ആലാപനം കേൾക്കുമ്പോഴാകട്ടെ നീർതലോടലിൽ മിനുക്കം വച്ച കല്ലുപോലെയാകും മനസ്സ്.
ലോകത്തെ വിസ്മയിപ്പിച്ച ദുബായ് എക്സ്പോയിലെ വലിയ വേദിയിലും ഹരീഷ് ശിവരാമകൃഷ്ണൻ പാടിത്തിമിർത്തു. ആയിരങ്ങൾ ആ പാട്ടിൽ മതിമറന്നു. കോവിഡിന്റെ രണ്ടുവർഷത്തെ മടുപ്പിക്കുന്ന വിരസതയ്ക്കു വിരാമമായി പലർക്കും ആ സംഗീതനിശ. കോവിഡ് കാലത്തെ ഹരീഷിന്റെ ആദ്യ വിദേശപരിപാടിയുമായി അത്. അഗം എന്ന സ്വന്തം ബാൻഡ് സംഘത്തിന്റെ കൂടെയല്ലാതെ ഹരീഷ് ഒറ്റയ്ക്കു ദുബായിൽ നടത്തിയ ആദ്യ പരിപാടിയുമായിരുന്നു അത്.
മലയാളികൾക്ക് രണ്ടാം വീടു പോലെയായ ദുബായിൽ ഏറെ സുഹൃത്തുക്കളുണ്ട് ഹരീഷിനും. നല്ല ഭക്ഷണം കഴിച്ച് നല്ല പാട്ടുകളുമായി സുഹൃദ് സദസ്സിൽ അലിയാനും ഇഷ്ടമേറെ. അവർക്കിടയിലേക്ക് പോകും മുൻപ് അദ്ദേഹം അൽപനേരം മനസ്സു തുറന്നു. ചിരി നിറഞ്ഞ മുഖവും വിനയം തലോടിയ വാക്കുകളും തുറന്നു പറച്ചിലും കൊണ്ട് കേട്ടിരിക്കാൻ സുഖമുള്ള സംസാരം.
ബാബുക്ക, ജോൺസൺ മാഷ്, രവീന്ദ്രൻ തുടങ്ങി തനിക്ക് പ്രിയമേറെയുള്ള സംഗീതജ്ഞരെക്കുറിച്ച് പറയാനും ഏതാനും ഈണങ്ങൾ മൂളാനും മടിക്കാതെയുള്ള വർത്തമാനം. കാൻസർ രോഗിയായ ഒരമ്മ തന്റെ പാട്ടുകേൾക്കാനെത്തി മനസ്സുനിറഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ നിമിഷത്തെക്കുറിച്ച്..... മകൾ ശ്രേയയോടുള്ള ഇഷ്ടം സ്വന്തം ദേഹത്ത് മുദ്രയാക്കിയതിനെക്കുറിച്ച്... പുതുതലമുറിയിലെ ഇഷ്ട ഗാനത്തെക്കുറിച്ച്... വിഷാദം മറികടന്ന വഴിയെക്കുറിച്ച്... അങ്ങനെ.. അങ്ങനെ പലതും പറഞ്ഞു.