ADVERTISEMENT

ഒന്നും രണ്ടുമല്ല നീണ്ട ഇരുപത്തഞ്ചു വര്‍ഷമാണ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ ആര്‍. കൃഷ്ണസ്വാമി കേരളത്തെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ചത്. കര്‍ണാടകസംഗീത വിദ്യാര്‍ഥികള്‍ മാത്രമല്ല സാധാരണക്കാരും, ഗഹനവും അതേ സമയം ലളിതസുന്ദരവുമായ ആ സംഗീതശിക്ഷണത്തിന് ആഴ്ചയില്‍ മുന്നു തവണ കാതോര്‍ത്തു. ഓരോ ദിവസവും 15 മിനിറ്റ് നീണ്ടു നിന്ന കര്‍ണാടകസംഗീതപാഠം ആകാശവാണിയുടെ എല്ലാ കേരള നിലയങ്ങളും അക്കാലത്ത് പ്രക്ഷേപണം ചെയ്തിരുന്നു. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ശിഷ്യസമ്പത്തിന്റെ സുകൃതവുമായാണ് ആ മഹാഗുരു 2015ല്‍ ഇഹലോകവാസം വെടിഞ്ഞത്.

 

അക്കാലത്തെ പ്രശസ്തനായ സംഗീതഗുരു എന്ന നിലയില്‍ നൂറു കണക്കിന് വിദ്യാർഥികള്‍ക്ക് നേരിട്ടും അദ്ദേഹം സംഗീത ശിക്ഷണം നല്‍കിയിരുന്നു. അവരുടെ ആ ഗുരുനാഥന്‍ ഇന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നൂറാം ജന്മദിനമായ 2022 മെയ് 29 ഞായറാഴ്ച അവരില്‍ ചിലര്‍ ചേര്‍ന്ന് തങ്ങളുടെ മഹാഗുരുവിന് സംഗീതാര്‍ച്ചനയിലൂടെ ആദരമര്‍പ്പിക്കുന്നു. പ്രശസ്തരായ ഡോ. സി.കെ. രേവമ്മ, ശാന്താ പി.നായര്‍, ഡോ. കെ. സുമനാദേവി, ഡോ. ജലജാവര്‍മ, ഡോ. ബി. അരുന്ധതി, ടി.ആര്‍. രമ, ഡോ. ജി. ഭുവനേശ്വരി, ഭാമാകൃഷ്ണന്‍ എന്നിങ്ങനെ പ്രശസ്തരുടെ ഒരു നീണ്ടനിര തന്നെ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത്. എല്ലാ പ്രധാന ശിഷ്യരും തങ്ങളുടെ ഗുരുനാഥന് സംഗീതാര്‍ച്ചന അര്‍പ്പിയ്ക്കാന്‍ ഞായറാഴ്ച (മെയ് 29ന്) തൈക്കാട് ഭാരത് ഭവനിലെ ശൈമ്മങ്കുടി സ്മൃതിമണ്ഡപത്തിലെത്തും. വൈകിട്ട് 5:30നാണ് പരിപാടി.

 

ഡോ. ബി. അരുന്ധതി സ്വാഗതമാശംസിക്കുന്ന പരിപാടി പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ ഉദ്ഘാടനം ചെയ്യും. ഡോ. കെ. ഓമനക്കുട്ടി, മൃദംഗകലാശിരോമണി ട്രിവാന്‍ഡ്രം വി. സുരേന്ദ്രന്‍, എസ്.ടി. അരശു, പി. രവികുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. ഡോ.കെ. പ്രേമലത നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന് സ്വാമിയുടെ ശിഷ്യര്‍ പങ്കെടുക്കുന്ന സംഗീതപരിപാടി അരങ്ങേറും. ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളായ എ.എല്‍. മഞ്ജുള രാജേഷ് (വയലിന്‍), മാവേലിക്കര ആര്‍.വി. രാജേഷ് (മൃദംഗം) എന്നിവര്‍ അകമ്പടിയേകും.

 

കൃഷ്ണസ്വാമിയുടെ മകനും കര്‍ണാടകസംഗീതജ്ഞനുമായ ജയറാം കൃഷ്ണസ്വാമിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായും പരിപാടി വീക്ഷിക്കാനാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

1922 മെയ് 29ന് കൊച്ചിയില്‍ ജനിച്ച ആര്‍. കൃഷ്ണസ്വാമി 14-ാം വയസ്സിലാണ് തിരുവനന്തപുരത്തെത്തുന്നത്. എറണാകുളം നാരായണ ഭാഗവതര്‍, പ്രശസ്ത വാഗ്ഗേയകാരനായ ടി. ലക്ഷ്മണപിള്ള എന്നിവരായിരുന്നു ഗുരുക്കന്മാര്‍. ലക്ഷ്മണപിള്ളയുടെ സഹായത്തോടെ ശ്രീസ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ഗായക, ഗാനഭൂഷണം കോഴ്സുകളിലെ ആദ്യബാച്ചില്‍ പഠിച്ചു. ഇവിടെ മുത്തയ്യാ ഭാഗവതര്‍, ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, കെ.ആര്‍. കുമാരസ്വാമി അയ്യര്‍, കെ.വി. കേശവ ഭാഗവതര്‍, സി.എസ്. കൃഷ്ണയ്യര്‍ എന്നിവരുടേയും ശിഷ്യനായിരുന്നു.

 

തുടര്‍ന്ന് കുറച്ചു കാലം തിരുവിതാംകൂറിലെ വിവിധ വിദ്യാലയങ്ങളില്‍ സംഗീതം അഭ്യസിപ്പിച്ച അദ്ദേഹം 1951ല്‍ തന്റെ 29-ാം വയസ്സില്‍ ആകാശവാണിയില്‍ ചേര്‍ന്നു. അവിടെ കച്ചേരികള്‍ അവതരിപ്പിച്ചും, വിവിധ ശ്രേണിയിലുള്ള കലാകാരന്‍മാരുടെ സംഗീതം റെക്കോര്‍ഡു ചെയ്തും, ഉദയഗീതം, വാദ്യവൃന്ദം തുടങ്ങിയ പരിപാടികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചും 30 വര്‍ഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. 1982ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

 

ശെമ്മങ്കുടിയുടെ ആലാപനശൈലിയോടാണ് ആസ്വാദകവൃന്ദം അദ്ദേഹത്തിന്റെ സംഗീതത്തെ ഉപമിച്ചത്. എന്നാല്‍ സമ്പ്രദായവും മനോധര്‍മവും ചേര്‍ന്ന തനതായ ഒരു ശൈലി അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. അനുപമമായ സ്വരമാധുരിയും രാഗങ്ങളുടെ ഭാവപൂരിതമായ ആലാപനവും സ്വരകല്‍പ്പനയും നിരങ്കുശവും മധുരതരമായ മനോധര്‍മവുമായിരുന്നു അദ്ദേഹത്തിന്റെ കച്ചേരികളുടെ മുഖമുദ്രകള്‍.

 

ശുദ്ധ സംഗീതത്തിന്റെ പൈതൃകം വരും തലമുറകള്‍ക്ക് മൂല്യം ചോരാതെ പകര്‍ന്നു നല്‍കിയ മഹാഗുരുവിന് ഉചിതമായ ഒരനുസ്മരണമാണ് ഭാരത് ഭവനില്‍ മെയ് 29ന് അരങ്ങേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com