തമിഴ്നാടിനെയും മുല്ലപ്പെരിയാറിനെയും ‘പാട്ടിലാക്കി’ രാജനും ആഷ്‌ലിനും
Mail This Article
മഴക്കാലത്തു മാത്രം മലയാളക്കര ചർച്ച ചെയ്യുന്ന ‘മുല്ലപ്പെരിയാർ’ വിഷയത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ജാഗ്രതാ ഗാനം പുറത്തിറക്കി. കാലടി സ്വദേശികളായ രാജൻ സോമസുന്ദരവും പി.എസ്.ആഷ്‌ലിനുമാണ് (സാസ മീഡിയ ഹബ്) അണിയറ ശിൽപികൾ. ‘കെട്ട്’ എന്നു പേരിട്ട പാട്ട് യുട്യൂബിൽ ലഭ്യമാണ്.
പാശ്ചാത്യ പൗരസ്ത്യ സംഗീതം ഇണക്കിചേർത്ത ഗാനത്തിനു 3ഡി അനിമേഷനിലാണു ദൃശ്യങ്ങളൊരുക്കിയത്. മുല്ലപ്പെരിയാറിന്റെ ചരിത്രത്തിൽ നിന്നാണു തുടക്കം. ഈ വിഷയത്തിൽ അധികൃതർ സ്വീകരിക്കുന്ന നിലപാടുകളിലെ പ്രതിഷേധവും ഒരു മനുഷ്യനിലെ ആശങ്കകളും അണക്കെട്ട് പൊട്ടിയാൽ ഉണ്ടാകാവുന്ന ദുരിതങ്ങളും ദൃശ്യവൽക്കരിക്കുന്നു. ‘പെരിയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. ഭീതിവേണ്ട ജാഗ്രത മതി’ എന്ന ആഹ്വാനത്തോടെയാണു സമാപിക്കുന്നത്.
വരികൾ എഴുതിയതും ഗാനം ആലപിച്ചതും രാജൻ സോമസുന്ദരമാണ്. ഈണമിട്ടതും ഓർക്കസ്ട്രേഷൻ ഒരുക്കിയതും ആഷ്‌ലിൻ. ആഷ്‌ലിന്റെ സഹോദരി അശ്വതി 3ഡി മോഡലിങ് ചെയ്തു. അണക്കെട്ടിന്റെ ചിത്രങ്ങളും അളവുകളും എടുത്താണ് 3ഡി അനിമേഷനിൽ രൂപകൽപന ചെയ്തത്. ബിപിൻ കാമിയോറ ഛായാഗ്രഹണം നിർവഹിച്ചു. 8 മാസത്തെ പ്രയത്നത്തിനു ശേഷമാണു വിഡിയോ പുറത്തിറക്കിയത്.
തമിഴ്നാട്ടിലെ സഹോദരങ്ങൾക്ക് ശുദ്ധജലം വേണം. കേരളത്തിലെ ജനങ്ങൾക്കു സുരക്ഷയുമുണ്ടാകണം. ശത്രുതയില്ലാതെ സാഹോദര്യത്തോടെ പ്രശ്നപരിഹാരത്തിനായി മൗനം വെടിയു എന്ന സന്ദേശം നൽകാനാണു ജാഗ്രതാഗാനം ഒരുക്കിയതെന്നു രാജനും ആഷ്‌ലിനും പറഞ്ഞു.