ADVERTISEMENT

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ 4ാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോൾ വല്ലാത്ത ശൂന്യത തോന്നുന്നുവെന്ന് ഇഷാൻ കുറിച്ചു. ‘തിരികെ തിരികെ തിരികെ വരൂ’ എന്ന നോവിക്കും ഈണത്തിനൊപ്പം ബാലഭാസ്കറിന്റെ ഓർമച്ചിത്രങ്ങള്‍ ചേർത്തുള്ള വിഡിയോയും ഇഷാൻ ദേവ് പങ്കുവച്ചിട്ടുണ്ട്. 

 

‘ഉറക്കെ പാടാനും പൊട്ടിച്ചിരിക്കാനും പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ. ശരിക്കും, ഭൂമി ഒരു സ്വർഗ്ഗമായി മാറുന്നത് പ്രതിബന്ധങ്ങൾ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാൻ കഴിയുമ്പോഴാണ്. ഉറ്റവനായി ജീവിതം വാർണ്ണാഭമാക്കിയ സൗഹൃദനാളുകൾ, ഇന്ന് വഴിയിൽ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതിൽ ഏറ്റവും മുകളിൽ ആണ് എന്റെ ബാലുഅണ്ണൻ’, ഇഷാൻ ദേവ് കുറിച്ചു. 

 

ബാലഭാസ്കറും ഇഷാനും തമ്മില്‍ വർഷങ്ങളായുള്ള ആത്മബന്ധമാണ് ഉണ്ടായിരുന്നത്‌. ഇഷാന് ബാലു അച്ഛനായിരുന്നു, ജ്യേഷ്ഠനായിരുന്നു പിന്നെ നിർണയിക്കാനാകാത്ത ആരൊക്കെയോ ആയിരുന്നു. എല്ലാ സ്നേഹവും ആദരവും നൽകി ഇഷാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ‘ബാലു അണ്ണൻ’ ഒരിക്കലും ഉണക്കാനാകാത്ത മുറിവേൽപ്പിച്ചു കടന്നു പോയത് ഇന്നും വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്. ബാലു പോയതോടെ ജീവിതത്തിലെ വസന്തകാലം അവസാനിച്ചു എന്ന് മുന്‍പ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഇഷാൻ ദേവ് തുറന്നു പറഞ്ഞിട്ടുമുണ്ട്. 

 

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ഏകമകൾ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയിൽ കഴിയവേ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി. അപകടത്തിൽ ഭാര്യ ലക്ഷമിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com