‘ഓഡിയോ ലോഞ്ചിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് ഇതാദ്യം, എന്റെ സംഗീതജ്ഞാനം മറ്റുള്ളവർക്ക് അറിയില്ല’: ചിരിപ്പിച്ച് ശ്രീനിവാസൻ
Mail This Article
സിനിമയിൽ സജീവമായി 4 പതിറ്റാണ്ട് പിന്നിടുമ്പോഴാണ് താൻ ആദ്യമായി ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുന്നതെന്ന് നടൻ ശ്രീനിവാസൻ. ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു സംഗീതജ്ഞാനിയാണെന്ന കാര്യം മറ്റുള്ളവർക്ക് അറിയാത്തതുകൊണ്ടായിരിക്കാം ആരും തന്നെ ഓഡിയോ ലോഞ്ചിനു ക്ഷണിക്കാതിരുന്നതെന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു. നടന്റെ വാക്കുകൾ കയ്യടികളോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ സ്വീകരിച്ചത്.
‘40 വർഷത്തിലേറെയായി ഞാൻ സിനിമയിൽ വന്നിട്ട്. ഇന്നുവരെ ഇങ്ങനെ ഒരു ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുത്തിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ഞാൻ ഒരു സംഗീതജ്ഞാനി ആണെന്നുള്ള കാര്യം ആളുകൾക്ക് അറിയില്ല. അതുകൊണ്ടായിരിക്കും എന്നെ ആരും വിളിക്കാത്തത്. എന്റെ സംഗീതബോധത്തെക്കുറിച്ച് മറ്റുള്ളവർക്കു ബോധമുണ്ടാക്കി കൊടുക്കാൻ ഒരു ആൽബം ചെയ്യണമെന്ന് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നീണ്ടു പോവുകയാണ്. ഇനി അധികം വൈകിക്കുന്നില്ല. അടുത്ത ഒന്നുരണ്ടു മാസങ്ങൾക്കുള്ളിൽ ഞാൻ ആ ആൽബം പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇരുപത്തിയഞ്ചോളം ഗാനങ്ങളുണ്ടാകും. അതെല്ലാം ഞാൻ തന്നെ എഴുതും, ഞാൻ തന്നെ സംഗീതം ചെയ്യും, ഞാൻ തന്നെ പാടും’, ശ്രീനിവാസൻ പറഞ്ഞു.