ADVERTISEMENT

പഴയ സിനിമാ ഗാനങ്ങളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. മാറ്റം എല്ലാ മേഖലയിലും അനിവാര്യമാണെന്നും അതിൽ ചിലതു നന്നാകുമെന്നും മറ്റു ചിലതു മോശമാകുമെന്നും മാറ്റത്തെ ഉൾക്കൊള്ളുകയാണു വേണ്ടതെന്നും ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരിക്കൽ ചെയ്തു വച്ചതിൽ മാറ്റങ്ങൾ വരുത്താതിരിക്കാൻ മാത്രം സിനിമാ പാട്ടുകൾക്കു യാതൊരു സവിശേഷതയും ഇല്ലെന്നും ഹരീഷ് ശിവരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

 

കുറിപ്പിന്റെ പൂർണരൂപം:

 

ഒരു പാട്ടിന് ഒരാൾ ചെയ്തു വച്ചതാണ് അവസാന വാക്ക് എന്നതാണ് ഏറ്റവും വലിയ മിഥ്യാ ധാരണ. ആത്യന്തികമായി മാറ്റങ്ങൾ ഉൾക്കൊള്ളാൻ ആവാത്ത ഒരു സംഗീത ശാഖയും ഈ ലോകത്തില്ല. പരീക്ഷണങ്ങൾക്ക് അതീതമായ ഒന്നും ഇവിടെ ആരും ഉണ്ടാക്കീട്ടില്ല. 200 വർഷത്തിലേറെ പഴക്കം ഉള്ള ത്യാഗരാജ കീർത്തനങ്ങൾ വരെ മാറ്റങ്ങൾ ഉൾക്കൊണ്ടു നവീകരിക്കപ്പെടുമ്പോൾ 30 വർഷം പഴക്കമുള്ള സിനിമാ പാട്ടുകൾക്കു മാറ്റം വരാതെയിരിക്കാൻ മാത്രം എന്ത് പ്രത്യേക സവിശേഷത ആണുള്ളത്? മാറ്റങ്ങൾ വരിക തന്നെ ചെയ്യും. അതിൽ ചിലതു നന്നാവും, ചിലതു  മോശമാവും. പക്ഷേ മാറ്റം എന്നത് അനിവാര്യവും സമയാ സമയത്തു വരുന്ന ഒന്നും തന്നെ ആണ്. 

 

മാറി ചിന്തിക്കുന്നത് എല്ലാർക്കും ഇഷ്ടപ്പെടണം എന്ന് ഒരു നിർബന്ധവും ഇല്ല. എല്ലാ മാറ്റവും നല്ലതാ എന്ന അർഥവും ഇല്ല. മോശമായ മാറ്റങ്ങൾ തിരസ്കരിക്കപ്പെടുക തന്നെ ചെയ്യും. പിന്നെ പഴയ  ആളുകൾ ചെയ്‌തു വച്ചതിൽ കൂടുതൽ ഒന്നും സാധ്യമല്ല എന്നൊക്കെ തോന്നുന്നത് ധാരാളം വ്യത്യസ്ത സംഗീതം കേൾക്കാത്തതിന്റെ കുറവാണ്. അതിന്റ കുറവ് വ്യത്യസ്തമായ പാട്ടു കേട്ടാലേ തീരൂ, അല്ലാതെ ഞാനും അപ്പനും സുഭദ്രയും അടങ്ങുന്ന കമ്മറ്റി എന്ന പോലെ മലയാളം സിനിമ പാട്ടു മാത്രം കേട്ടാൽ ബുദ്ധിമുട്ടാണ്.  

 

പിന്നെ തനിക്കു ശേഷം പ്രളയം എന്നു പറയുന്ന സർവ മാറ്റങ്ങളെയും എതിർക്കുന്ന ആളുകൾ  എല്ലാ കാലത്തും ഉണ്ടാകും. അങ്ങനെ ഉള്ളവർക്കുള്ള മറുപടി കാലവും കലയും എല്ലാ കാലത്തും കൊടുത്തിട്ടും ഉണ്ട്. ഒരു ഗാനത്തെ മാറി ചിന്തിക്കുന്നതു ബഹുമാനക്കുറവ് കൊണ്ടല്ല, ആ ഗാനത്തിനോടുള്ള അതിന്റെ സാധ്യതകളോടുള്ള ബഹുമാനകൂടുതൽ കൊണ്ടാണ്. താൻ ചെയ്തതിൽ കൂടുതൽ ഈ പാട്ടിൽ ഒന്നും ഇനി ചെയ്യാനില്ല എന്നു സംഗീതത്തെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന സംഗീതത്തിന്റ അനന്ത സാധ്യതകളെ കുറിച്ചു ബോധ്യമുള്ള ഒരു സംഗീതജ്ഞനും പറയാറില്ല. അങ്ങനെ പറയുന്ന ഭൂരിപക്ഷം പേരും അവനവന്റെ പരിമിതികളെ കുറിചുള്ള ബോധ്യമില്ലാത്ത ഹൈപ്പർ ഇഗോയിസ്റ്റ് ആയ സ്വന്തം സിഗ്നിഫിക്കൻസ് നഷ്ടപ്പെട്ടു പോയതിന്റെ ഇൻസെക്യൂരിറ്റിയെ മറികടക്കാൻ ആവാതെ പെട്ടു പോകുന്നവർ ആണ്. അവർ മാധ്യമങ്ങളിലൂടെ മാറ്റത്തിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കും. അവരോടു സ്നേഹവും സഹതാപവും  മാത്രം. 

 

ഹരീഷ് എന്ന ഒരു വെറും ഗായകൻ ആയ എന്നെ പോലും നിങ്ങൾക്ക് തടയാൻ ആവില്ല, പിന്നെ ആണ് എനിക്ക് ശേഷം വരാൻ പോകുന്ന ലക്ഷക്കണക്കിന് എന്നെക്കാൾ ഒരുപാട് കഴിവുള്ള ചെറുപ്പക്കാരെ. മാറ്റങ്ങളെ തടയാൻ നിങ്ങളുടെ ഈ വെറുപ്പും ഈ ആയുസ്സും പോര, അത് കാലാ കാലങ്ങളിൽ സംഭവിക്കും. കല അങ്ങനെ ആണ് അതിനെ തളച്ചിടാൻ മാത്രം പോന്ന ഒരു പ്രതിഭാസവും ഇവിടെ ഇല്ല. മാറ്റങ്ങൾ സംഭവിക്കുന്ന സകല സംഗീത ശാഖകളെക്കാൾ ഒരു പ്രത്യേകതയും സിനിമ സംഗീതത്തിന് ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com