ഷൂസിൽനിന്ന് ബീയർ കുടിച്ച് ഗായകൻ: വെറുപ്പു തോന്നുന്നെന്നും നന്നായെന്നും ആരാധകർ; ചൂടുപിടിച്ച് ചർച്ച
Mail This Article
പൊതുവേദിയിൽ ഷൂസിൽനിന്നു ബീയർ കുടിച്ച് ഗ്രാമി ജേതാവ് ഹാരി സ്റ്റൈൽസ്. ഓസ്ട്രേലിയയിലെ പെർത്തിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് ഹാരി ഷൂസിൽനിന്നു ബീയർ കുടിച്ചത്. ഓസ്ട്രേലിയയിലെ പരമ്പരാഗതമായ ഒരു ആചാരമാണിത്. പാദരക്ഷയ്ക്കുള്ളിൽ ബീയറോ ഷാംപെയ്നോ ഒഴിച്ചു കുടിക്കുന്ന ഈ രീതി ഷൂയി എന്നാണു വിളിക്കപ്പെടുന്നത്. ഈ ആചാരം ഭാഗ്യം കൊണ്ടുവരുമെന്ന് ഓസ്ട്രേലിയക്കാർ വിശ്വസിക്കുന്നു.
ആദ്യകാലങ്ങളില്‍ ലൈംഗികത്തൊഴിൽ കേന്ദ്രങ്ങളിലും ഡാന്‍സ് ക്ലബുകളിലും മാത്രമാണ് ഷൂയി പ്രചാരത്തിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയയിലെ ഈ ആചാരം കേട്ടറിഞ്ഞ്, പിന്നീട് ഒന്നാം ലോക മഹായുദ്ധത്തിനിടെ ജയത്തിനും ജീവഹാനി ഒഴിവാക്കാനുമായി ജര്‍മന്‍ സൈനികര്‍ ഓരോ ഏറ്റുമുട്ടലിനു മുമ്പും തങ്ങളുടെ ജനറലിന്റെ ബൂട്ടില്‍ ബീയര്‍ ഒഴിച്ചു കുടിക്കുന്നതു ശീലമാക്കി.
കായിക രംഗത്തും ഈ ആചാരം ഏറെക്കാലമായി നിലനിന്നു പോകുന്നുണ്ട്. 2016 ജൂണില്‍ ഓസ്ട്രലിയന്‍ മോട്ടോ ജിപി റൈഡര്‍ ജാക്ക് മില്ലര്‍ ആദ്യ പ്രീമിയര്‍ ക്ലാസ് വിജയം ആഘോഷിച്ചത് ഡച്ച് സര്‍ക്യൂട്ട് പോഡിയത്തില്‍നിന്ന് തന്റെ ഷൂവില്‍ ഷാംപെയ്ന്‍ ഒഴിച്ചു കുടിച്ചായിരുന്നു. ഓസ്‌ട്രേലിയന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡാനിയ റിക്കാര്‍ഡോയും പോഡിയത്തില്‍നിന്ന് ഷൂയിയിലൂടെ വിജയാഘോഷം നടത്തിയിട്ടുണ്ട്. സൂപ്പര്‍ കാര്‍ ഡ്രൈവർ ഡേവിഡ് റെയ്‌നോള്‍ഡ്‌സ്, ഇറ്റാലിയന്‍ ഫോര്‍മുല വണ്‍ റേസര്‍ വലെന്റീനോ റോസി, ഓസ്‌ട്രേലിന്‍ എഫ് വണ്‍ ഡ്രൈവര്‍ മാര്‍ക്ക് വെബര്‍, ബെല്‍ജന്‍ എഫ് വണ്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റപ്പന്‍, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പോഡിയത്തില്‍ ഷൂയിയിലൂടെ വിജയാഘോഷം നടത്തിയിട്ടുണ്ട്.
ഇപ്പോൾ ഹാരി സ്റ്റൈൽസിന്റെ ‘ഷൂയി’ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. വിഡിയോ വൈറൽ ആയതോടെ വിമർശനങ്ങളും തല പൊക്കി. ഹാരിയുടെ ഈ പ്രവൃത്തി വെറുപ്പ് ഉളവാക്കുന്നുവെന്ന് ഒരു വിഭാഗം കുറിക്കുന്നു. എന്നാൽ ‘ഷൂയി’ എന്ന ആചാരത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് പലരും ഹാരിയെ വിമർശിക്കുന്നതെന്ന് മറുവിഭാഗം പറയുന്നു. ഇംഗ്ലിഷ് ഗായകനായ ഹാരി, ഓസ്ട്രേലിയൻ രീതി ആചരിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നു പറഞ്ഞ് നിരവധി പേർ അദ്ദേഹത്തെ പ്രശംസിക്കുന്നുമുണ്ട്.