ADVERTISEMENT

ശബ്ദസൗന്ദര്യത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായകന്‍ ഹരിഹരനെ ഇനി ബിഗ്ഗ് സ്ക്രീനില്‍ കാണാം. പാട്ടിനൊപ്പം അഭിനയത്തിലും ഹരിഹരന്‍ നിറഞ്ഞാടുന്ന ‘ദയാഭാരതി’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അതിരപ്പളളിയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. കാടിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ പ്രധാനവേഷങ്ങളിലൊന്നാണ് ഹരിഹരന്‍ ചെയ്യുന്നത്. ഹരിഹരന്‍റെ ലൊക്കേഷൻ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനറും കണ്‍ട്രോളറുമായ അനുകുട്ടൻ ഏറ്റുമാനൂർ.

 

hariharan-acting
ഹരിഹരനൊപ്പം പ്രൊജക്ട് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാനൂർ

‘വളരെ അവിചാരിതമായാണ് ഞാന്‍ ഈ വർക്കിലേക്ക് എത്തിയത്. ഹരിഹരൻ സർ എത്തുന്നു എന്ന വാർത്ത വലിയ ടെൻഷനോടെയാണ് കേട്ടത്. എങ്ങനെയാണ് അദ്ദേഹത്തെ ഡീല്‍ ചെയ്യേണ്ടത് എന്നതായിരുന്നു പ്രധാന പ്രശ്നം. പക്ഷേ ആദ്യ കൂടികാഴ്ച മുതൽ ഹരിഹരൻ സർ എന്നെ ഞെട്ടിക്കുകയായിരുന്നു. 

 

'ആ ശബ്ദംപോലെ സൗന്ദര്യമുള്ള ഒരു മനുഷ്യൻ' ഹരിഹരൻ സാറിനെക്കുറിച്ച് ഒറ്റവാക്കിൽ പറയാനുള്ളത് അതാണ്. നിർബന്ധങ്ങൾ ഒന്നും ഇല്ല. വളരെ കൂളായ ഒരാൾ. ഷൂട്ടൊക്കെ കൂടുതലും ഉൾക്കാട്ടിലായിരുന്നു. അവിടൊക്കെ ഒരു മടിയും കൂടാതെ ഞങ്ങൾക്കൊപ്പം ഓടി നടന്നു. പിന്നെ വലിയ ചൂടുകാലമല്ലേ. അതൊന്നും ആളിന് ഒരു പ്രശ്നമേ ആയിരുന്നില്ല. 

 

സെറ്റിൽ ഇടയ്ക്കൊക്കെ അദ്ദേഹം പാട്ടു പാടും. അത് നേരിട്ട് കേൾക്കുന്നതു തന്നെ ഒരു സന്തോഷമാണ്. ഒരു ദിവസം സെറ്റിൽ വച്ച്  'ഉയിരേ ഉയിരേ' എന്ന ഗാനം പാടി എന്നെ ചേർത്തു പിടിച്ചു. അദ്ദേഹത്തിനത് ഒരു രസം മാത്രമായിരുന്നു. പക്ഷേ ഞാനത് കേട്ട് ഞെട്ടിത്തരിച്ചു നിന്നു പോയി. പിന്നീട് ഒരു ദിവസം നിലത്ത് പായ വിരിച്ചു കിടന്ന് 'ഇളമാൻ കണ്ണിലൂടെ 'പാടുന്നത് കേട്ടു.

 

ചോറും മീൻകറിയും ആസ്വദിച്ചു കഴിക്കും. കഴിഞ്ഞ ദിവസം മഴ ചാറി പെയ്തപ്പോൾ കൊച്ചുകുട്ടികളെപ്പോലെ നനയണം എന്നു പറഞ്ഞ് വാശി പിടിച്ചു. ഭയങ്കര ആവേശത്തോടെയാണ് അഭിനയിക്കുന്നതും. നേരത്തെ സെറ്റിലെത്തും. ഡയലോഗ് എല്ലാം കാണാതെ പഠിക്കും. വൈകാതെ ചിത്രം തിയറ്ററിലെത്തുമെന്നും അനുകുട്ടൻ ഏറ്റുമാനൂർ പറയുന്നു.

 

ശ്രീ തമ്പുരാൻ ഫിലിംസ് ഇന്റർനാഷനലും ചാരങ്ങാട്ട് അശോക് ഫിലിംസും ചേർന്നു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയകുമാർ കെ.ജിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com