‘പലരും വാഗ്ദാനങ്ങൾ കൊടുത്തു, പക്ഷേ എല്ലാം വെറുതെയായിരുന്നു’; ചോതി ശാലുവിന്റെ ആഗ്രഹം സഫലമാക്കി സീമ.ജി.നായർ
Mail This Article
ശാരീരിക പരിമിതികളെ അതിജീവിച്ച് യുവഗായിക ചോതി ശാലു പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. വിഷുവിനോടനുബന്ധിച്ചാണ് ‘ചോതിയും കണ്ണനും’ എന്ന പേരിൽ സംഗീത ആൽബം പ്രേക്ഷകർക്കരികിലെത്തിച്ചത്. എം.ജി.അനിലിന്റെ സംഗീതത്തില്‍ ചോതി ശാലു ആലപിച്ച ഗാനം ആദ്യ കേൾവിയിൽത്തന്നെ പ്രേക്ഷകഹൃദയങ്ങളെ തരളിതമാക്കുന്നു. വിവേക് മുഴക്കുന്നാണ് പാട്ടിനു വരികൾ കുറിച്ചത്. ചോതി ശാലുവിനൊപ്പമുള്ള സ്റ്റുഡിയോ അനുഭവം പങ്കുവച്ച് അഭിനേത്രി സീമ.ജി.നായർ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പും ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്.
‘ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. പ്രിയപ്പെട്ട ചോതി ശാലു. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി പാടുക എന്നത്. കുറെ പേർ വാഗ്ദാനങ്ങൾ കൊടുത്തു. അതൊക്കെ വെറുതെ ആയിരുന്നു. പലതവണ അവൾ എനിക്ക് പേജിൽ മെസ്സേജ് ഇട്ടു. അതൊന്നും എന്റെ കണ്ണിൽ ഉടക്കിയിരുന്നില്ല. പക്ഷേ ഒരു തവണ അത് ഞാൻ കണ്ടു. അവളുടെ നമ്പർ വാങ്ങി. എനിക്ക് ചെയ്യാവുന്നതിലപ്പുറം നിന്ന് അവളുടെ ആഗ്രഹം പൂർത്തീകരിച്ചു.
മനോരമ മ്യൂസിക് അതിനു ചിറകുകൾ നൽകി. എന്റെ പ്രിയപ്പെട്ട ഒരേ ഒരു ആങ്ങള എം.ജി.അനിൽ മ്യൂസിക് ചെയ്തു. വിവേക് മുഴക്കുന്നിനോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ കൂടെ നിന്ന് വരികൾ എഴുതി നൽകി. ക്യാമറ കൈകാര്യം ചെയ്ത ആദർശ്, നിന്നോട് നന്ദി പറയുന്നില്ല. എഡിറ്റ് ചെയ്ത് മനോഹരമാക്കിയ അഭിഷേക് മുട്ടം. ചോതിയുടെ ആഗ്രഹം സാധിക്കാനായി എന്റെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ഇനി നിങ്ങളാണ് അനുഗ്രഹിക്കേണ്ടത്.. പരമാവധി ഷെയർ ചെയ്യണം, നിങ്ങളുടെ എല്ലാ സുഹൃത്ബന്ധങ്ങളിലേക്കും. ചോതി ശാലുവിന് ഉയരങ്ങളിലേക്കു പറക്കണമെങ്കിൽ നിങ്ങൾ കനിയണം. കൂടെയുണ്ടവണം’, സീമ.ജി.നായർ കുറിച്ചു.