പാട്ടിൽ ലൈംഗികചുവയെന്ന് വിമർശനം; എങ്കിൽ തന്റെ പാട്ട് കേൾക്കേണ്ടെന്ന് ഹണി സിങ്
Mail This Article
പുതിയ പാട്ടിനെതിരെ വിമർശനങ്ങൾ ശക്തമായതോടെ വിഷയത്തിൽ പ്രതികരണമറിയിച്ച് ബോളിവുഡ് ഗായകൻ യോ യോ ഹണി സിങ്. ആളുകള്‍ വളരെ സെൻസിറ്റീവ് ആയാണ് പ്രതികരിക്കുന്നതെന്നും വിമർശകർ എന്തിനു തന്റെ പാട്ട് കേൾക്കുന്നുവെന്നും ഹണി സിങ് ചോദിച്ചു. പാട്ടിൽ ലൈംഗിക ചുവയുണ്ടെങ്കിൽ ആളുകൾ അത് കേൾക്കേണ്ടെന്നായിരുന്നു ഗായകന്റെ പ്രതികരണം.
സ്ത്രീവിരുദ്ധതയും ലൈംഗിക ചുവയുള്ള വരികളുമാണ് ഹണി സിങ്ങിന്റെ പാട്ടുകളുടെ പ്രത്യേകയെന്നായിരുന്നു ഉയർന്നു വന്ന വിമർശനം. ഇതിനോടാണ്, ഗായകൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. തന്റെ പാട്ടിനു പ്രായമുള്ള ആളുകൾ പോലും ചുവടുവയ്ക്കുന്നതു പതിവാണെന്നും ഒരു സംഗീതസംവിധായകൻ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിനു പാടാനായി തന്നെ ക്ഷണിച്ചിരുന്നുവെന്നും തന്റെ വരികളിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ഗായകൻ കൂട്ടിച്ചേർത്തു. ഹണി സിങ്ങിന്റെ പ്രതികരണം ഇപ്പോൾ വലിയ ചർച്ചയ്ക്കു വഴി വച്ചിരിക്കുകയാണ്.
സംഗീതരംഗത്തു സജീവമാണ് ഹണി സിങ്. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനുവേണ്ടി 2015ൽ ഗായകൻ ഇടവേളയെടുത്തിരുന്നു. സെൽഫി എന്ന ചിത്രത്തിലെ വേണ്ടി 'കുടി ചംകീലി' ആണ് ഹണി സിങ്ങിന്റേതായി അവസാനം പുറത്തിറങ്ങിയ ഗാനം. ഗായകന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.