ഗര്‍ഭിണിയായ ആരാധികയ്ക്കായി പാട്ടുനിര്‍ത്തി ഗായകന്; പ്രകീർത്തിച്ച് സമൂഹമാധ്യമലോകം
Mail This Article
ഗര്‍ഭിണിയായ ആരാധികയ്ക്കായി ഗാനമേളയ്ക്കിടെ പാട്ടുനിര്‍ത്തി ശുചിമുറിയില്‍ പോകാന്‍ ഇടവേള നല്‍കി പോപ് ഗായകനും ഗ്രാമി ജേതാവുമായ ഹാരി സ്റ്റൈല്‍സ്. ഗായകന്റെ കടുത്ത ആരാധികയായ സിയാൻ എന്ന യുവതിയാണ് നിറവയറുമായി സംഗീതപരിപാടി കാണാനെത്തിയത്. വേദിയിൽ ഹാരി സ്റ്റൈൽസ് ആവേശത്തോടെ പാടുന്നതിനിടെ സിയാന് ശുചിമുറിയില്‍ പോകേണ്ടതായി വന്നു. ഉടൻ തന്നെ ഹാരി പാട്ട് നിർത്തി. സിയാന് തന്റെ പാട്ട് മുഴുവനായി കേൾക്കാനുള്ള അവസരം നൽകാൻ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ഹാരി വേദിയിൽ പറയുകയും ചെയ്തു.
സിയാൻ ശുചിമുറിയിൽ പോയി മടങ്ങി വരുന്നതുവരെ മറ്റ് ആരാധകരുമായും ഒപ്പം പരിപാടി അവതരിപ്പിക്കുന്നവരുമായും ഹാരി സൗഹൃദ സംഭാഷണം നടത്തി. സിയാന്‍ മടങ്ങി വന്നപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചിരുത്തിയ ശേഷമാണ് ഹാരി പാട്ട് തുടര്‍ന്നത്. ഹാരി സ്റ്റൈല്‍സിന്റെ ഈ പ്രവൃത്തി ചുരുങ്ങിയ സമയത്തിനകം ചർച്ചാവിഷയമായിക്കഴിഞ്ഞു. ആരാധികയോടു സ്നേഹപൂര്‍ണമായ കരുതല്‍ കാണിച്ച ഗായകനെ അഭിനന്ദിച്ചു നിരവധി പേരാണു രംഗത്തെത്തുന്നത്.
ഹാരിയുടെ ഇടപെടലിൽ സന്തോഷം അടക്കാനാകാതെയാണ് സിയാൻ പ്രതികരിച്ചത്. തന്റെ ഗർഭസ്ഥ ശിശുവിന് പേരിടാമോ എന്ന് സിയാൻ ഗായകനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പാട്ടുകേള്‍ക്കാന്‍ വന്നവരോട് ഹാരി അഭിപ്രായം തേടുകയും കുഞ്ഞിന് കാലേബ് എന്ന് പേരിടാന്‍ എല്ലാവരും ചേർന്നു തീരുമാനിക്കുകയും ചെയ്തു. വെറുമൊരു സംഗീത പരിപാടിയെ ഹാരി തന്റെ ദയാപൂര്‍ണമായ ഇടപെടലിലൂടെ ഏറ്റവും മനോഹരമായ വൈകുന്നേരമാക്കി മാറ്റിയെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തവരുടെ പ്രതികരണം.