ADVERTISEMENT

ബീറ്റിൽസിന്റെ പാട്ടിലെ നിർമിത ബുദ്ധി (എഐ) ഉപയോഗത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്തി ബാൻഡ് അംഗം പോൾ മക്കാർട്നി. പാട്ടിൽ കൃത്രിമമായി യാതൊന്നും ഉൾപ്പെടുത്തുന്നില്ലെന്നും പഴയ റെക്കോർഡിങ്ങുകൾ വൃത്തിയാക്കിയെടുക്കുക മാത്രമാണു ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാൻഡിലെ അന്തരിച്ച ഗായകൻ ജോൺ ലെനന്റെ ശബ്ദം പഴയൊരു ട്രാക്കിൽ നിന്ന് എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചെടു‍ത്ത് ഗാനമൊരുക്കുമെന്ന ബീറ്റിൽസിന്റെ പ്രഖ്യാപനം വലിയ തോതിലാണ് ചർച്ച ചെയ്യപ്പെട്ടത്. പാട്ടിലെ എഐ ഉപയോഗത്തെ നിരവധി പേർ വിമർശിച്ചതോടെ പലതരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ചു. പിന്നാലെയാണ് വിശദീകരണവുമായി പോൾ മക്കാർട്‌നി രംഗത്തെത്തിയത്. 

 

‘പാട്ടിൽ കൃത്രിമമായി ഒന്നും സൃഷ്ടിച്ചിട്ടില്ല. എല്ലാം ഒറിജിനൽ തന്നെയാണ്. നിലവിലുള്ള ചില റെക്കോർഡിങ്ങുകൾ വൃത്തിയാക്കിയെടുത്തെന്നു മാത്രം. വർഷങ്ങളായി തുടരുന്ന പ്രക്രിയയാണത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങളും അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വേണ്ട. ഞങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ബീറ്റിൽസിന്റെ വരാനിരിക്കുന്ന പ്രോജക്ടിന് ആവേശകരമായ പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ട്’, പോൾ മക്കാർട്‌നി പ്രതികരിച്ചു.

 

ജോൺ ലെനന്റെ ശബ്ദം പഴയൊരു ട്രാക്കിൽ നിന്ന് എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചാണ് ബീറ്റിൽസ് ഗാനം ഒരുക്കുന്നത്. പാട്ട് ഈ വർഷം പുറത്തിറങ്ങും. മരിക്കുന്നതിനു രണ്ട് വർഷം മുന്‍പ് ജോണ്‍ പാടിവച്ച ‘നൗ ആൻഡ് ദെൻ’ എന്ന ഗാനമാണിതെന്നാണു സൂചന. ലെനന്റെ വിധവയായ യോക്കോ ഓനോയാണ് 1994ൽ മകാർട്നിക്ക് അദ്ദേഹത്തിന്റെ ശബ്ദമടങ്ങിയ ടേപ്പ് കൈമാറിയത്. ഈ ടേപ്പിൽ നിന്നുള്ള ശബ്ദമാണ് പുതിയ ഗാനത്തിനായി എഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചത്.

 

1960ല്‍ ജോൺ ലെനൻ, പോൾ മക്കാർട്നി, റിങ്കോ സ്റ്റാർ, ജോർജ് ഹാരിസൺ എന്നിവർ ചേർന്ന് ലിവർപൂളിൽ ആരംഭിച്ചതാണ് ദ് ബീറ്റിൽസ് ബാൻഡ്. തുടർച്ചയായ പാട്ടുകളിലൂടെ ഒരു കാലഘട്ടത്തെ പാട്ടിലാക്കാൻ ഈ നാൽപ്പടയ്ക്കു സാധിച്ചു. സംഘാഗങ്ങൾ ഒരുമിച്ചുള്ള സ്റ്റേജ് ഷോകൾക്കും കസെറ്റ് റിലീസുകൾക്കുമായി ലോകം കാത്തിരുന്ന കാലമായിരുന്നു അത്. സംഗീതലോകത്ത് ഉദിച്ചുയർന്നു നിൽക്കവെ 1969ൽ ആണ് ബീറ്റിൽസ് പിരിഞ്ഞത്. ബാൻഡിലെ നാല് അംഗങ്ങളും സ്വതന്ത്രസംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒടുവിൽ ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തു. 

 

ബാൻഡ് പിരിഞ്ഞതിന്റെ ദുഃഖം പേറിയ ആരാധകർക്കിടയിലേക്ക് അവർ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പല തവണ എത്തി. വാർത്തകളും പ്രവചനങ്ങളും കൂടുതൽ ശക്തമായതിനിടയിലാണ് 1980ൽ ബീറ്റില്‍സിന്റെ ജീവശ്വാസമായ ജോണ്‍ ലെനന്‍ വിടപറഞ്ഞത്. പിൽക്കാലത്ത് ബീറ്റിൽസിലെ മറ്റ് അംഗങ്ങള്‍ ചേർന്ന് കാണികൾക്കു മുന്നിലെത്തിയെങ്കിലും ജോൺ ഇല്ലാത്ത ആ സംഘം അപൂർണമായിരുന്നു. ഇപ്പോൾ എഐ ഉപയോഗത്തിലൂടെ ജോൺ ലെനന്റെ ശബ്ദം വീണ്ടും കേൾക്കാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അതേസമയം, സംഗീതരംഗത്ത് എഐ ഉപയോഗപ്പെടുത്തുന്നതില്‍ ആവേശവും ഒപ്പം ആശങ്കയും പങ്കുവയ്ക്കുന്നുണ്ട് സംഗീതജ്ഞര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com