ADVERTISEMENT

പൊതു വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കവെ ഗായകൻ ഹാരി സ്റ്റൈല്‍സിനു നേരെ അജ്ഞാതന്റെ ആക്രമണം. കഴിഞ്ഞ ദിവസം വിയന്നയിൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ട് പാടവെ കട്ടിയുള്ള ഒരുതരം വസ്തു ഹാരിയുടെ മുഖത്ത് പതിക്കുകയായിരുന്നു. പിന്നീടത് കൈപ്പത്തിയിൽ തട്ടി താഴെ വീണു. സംഗീതപരിപാടി ആസ്വദിക്കാനെത്തിയ ആളിൽ നിന്നാണ് ഹാരിക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആക്രമണത്തില്‍ കണ്ണിനു പരുക്കേറ്റ ഹാരി വേദന കൊണ്ടു പുളയുന്നതു ദൃശ്യങ്ങളിൽ കാണാനാകും. 

 

2021 സെപ്റ്റംബറിൽ ആരംഭിച്ച ലോകപര്യടനത്തിന്റെ ഭാഗമായാണ് ഹാരി സ്റ്റൈൽസ് വിയന്നയിലെത്തിയത്. ഇതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. മുൻപും പൊതുവേദിയിൽ വച്ച് ഹാരി സ്റ്റൈൽസ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഗീതപരിപാടിക്കിടെ ആസ്വാദകരിൽ ചിലർ ഭക്ഷ്യവസ്തുക്കളും പൂക്കളുമെല്ലാം ഹാരിക്കു നേരെ വലിച്ചെറിയുകയായിരുന്നു. 

 

ഹാരിക്കു നേരെയുണ്ടായ ആക്രമണം ഇപ്പോൾ വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണു സംഭവത്തെ അപലപിച്ചു പ്രതികരണങ്ങളുമായി എത്തുന്നത്. സംഗീതപരിപാടി നടക്കുമ്പോൾ ഗായകരുടെ സുരക്ഷാ കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകളെടുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങളെ നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും ഹാരിയുടെ ആരാധകരുൾപ്പെടെയുള്ളവർ പ്രതികരിച്ചു. അടുത്തിടെ വേദിയില്‍ പാടവെ ബേബ് റെക്സ എന്ന ഗായികയ്ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com