പാട്ടിൽ മാത്രമല്ല, അഭിനയത്തിലും തിളങ്ങി; ‘കണ്ടല്‍മാമ’നായി വന്ന് മനം കവർന്ന അറുമുഖന്‍
Mail This Article
പാട്ടിൽ മാത്രമല്ല അഭിനയത്തിലും പുതിയ വഴികള്‍ കണ്ടെത്തി കലാകാരനാണ് അറുമുഖന്‍ വെങ്കിടങ്ങ്. അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് അധ്യാപകനും സംവിധായകനുമായ റാഫി നീലങ്കാവില്‍. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാങ്ങള്‍ നേടിയ ‘മേരിമോളുടെ കണ്ടല്‍ ജീവിതം’ എന്ന ഹ്രസ്വചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചതും അറുമുഖന്‍ വെങ്കിടങ്ങ് ആണ്.
‘നാടന്‍ ജീവിതരീതികളും ശരീരഭാഷയിലും കണ്ടല്‍ പൊക്കുടനെ അനുസ്മരിക്കും വിധമായതിനാല്‍ തന്നെയാണ് 'കണ്ടല്‍മാമ'നായി ഈ ഹ്രസ്വചിത്രത്തില്‍ അദ്ദേഹത്തിനെ തരത്തെടുത്തത്. നിരവധി നാടന്‍പാട്ടിന് സംഗീതം നല്‍കിയിട്ടുളള അറുമുഖന്‍ വെങ്കിടങ്ങാണ് ഹൃസ്വചിത്രത്തില്‍ സംഗീതമൊരുക്കി പാട്ടുപാടുകയും അഭിനയിക്കുകയും ചെയ്തത്. പേരക്കുട്ടികളായ അനിഷ്മയും അമൃതകൃഷ്ണയും ഒപ്പം പാടി. ആദ്യമായിട്ടാണ് അറുമുഖന്‍ വെങ്കിടങ്ങ് പാടി അഭിനയിക്കുന്നത്. മാത്രമല്ല കണ്ടലിനെകുറിച്ച് ആദ്യമായിട്ടാണ് ഒരു നാടന്‍പാട്ട് പുറത്തിറങ്ങുന്നതും.
കണ്ടല്‍ചെടിയുടെ പാരിസ്ഥിതിക പ്രാധാന്യവും പ്രയോജനവും കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനുളള ചിത്രീകരണത്തിന്‍റെ ഭാഗമായി അദ്ദേഹം ചേറ്റുവ കണ്ടല്‍ക്കാടുകളിലൂടെ വഞ്ചിയാത്ര നടത്തിയതും അതിനു വേണ്ടി ജീവിതത്തില്‍ ആദ്യമായി തുഴ പിടിച്ചതതും കാല്‍മുട്ടില്‍ നീര് വന്ന് വീര്‍ത്തിരിക്കുമ്പോഴും മുട്ടറ്റം ചെളിയിലിറങ്ങി കണ്ടല്‍ നട്ടതും ജ്വലിക്കുന്ന ഓര്‍മകളാണ്. ‘നാടന്‍ പാട്ടിന്‍റെ കൂട്ടുകാരന്‍’ എന്ന ഡോക്യുമെന്‍ററി നിര്‍മിക്കാന്‍ തുനിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ മാറ്റിവയ്ക്കേണ്ടി വന്നത് നഷ്ടമായി തോന്നുന്നു’, റാഫി നീലങ്കാവില്‍ പറഞ്ഞു.