‘ഇപ്പോള്‍ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ’; കോപ്പിയടി വിവാദത്തിൽ അനിരുദ്ധിനെ ഉന്നം വച്ച് പോസ്റ്റ്
Mail This Article
വിജയ് ചിത്രം ലിയോയിലെ ‘ഓർഡിനറി പേഴ്സൺ’ എന്ന പാട്ട് കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് സംഗീതജ്ഞൻ ഒറ്റ്നിക്ക സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ചർച്ചയാകുന്നു. ഒറ്റ്നിക്കയുടെ ‘വെയർ ആർ യു’ എന്ന പാട്ട് കോപ്പിയടിച്ചാണ് അനിരുദ്ധ് ‘ഓർഡിനറി പേഴ്സൺ’ ഒരുക്കിയതെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ സംഭവത്തിൽ ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഇതേക്കുറിച്ചു പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ഒറ്റ്നിക്ക കുറിച്ചു.
‘ലിയോ സിനിമയിലെ പാട്ടുമായി ബന്ധപ്പെട്ട് നിരവധി പേർ എനിക്കു മെസേജുകൾ അയച്ചുകൊണ്ടേയിരിക്കുകയാണ്. മെയിലും മെസേജുമെല്ലാം ഞാൻ കാണുന്നുണ്ടെങ്കിലും അതിനൊന്നും മറുപടി പറയാൻ പറ്റിയ സാഹചര്യമല്ല ഇപ്പോൾ. യൂട്യൂബിലെ എന്റെ വെയർ ആർ യു എന്ന പാട്ടിനടിയിലും പല തരത്തിലുള്ള കമന്റുകൾ കണ്ടു. ഒന്നിനോടും ഇപ്പോൾ പ്രതികരിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ എനിക്കൊന്നിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. വിഷയത്തെക്കുറിച്ചു വിലയിരുത്തൽ നടത്തിയ ശേഷം ഞാൻ പ്രതികരിക്കുന്നതായിരിക്കും. ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ല’, ഒറ്റ്നിക്ക കുറിച്ചു.
2019ലാണ് ഒറ്റ്നിക്കയുടെ ‘വെയർ ആർ യു’ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. നിലവിൽ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഹെയ്സൻബർഗ് ആണ് ലിയോയിലെ ‘ഓർഡിനറി പേഴ്സൺ’ പാട്ടിനു വരികൾ കുറിച്ചത്. നിഖിത ഗാന്ധി ഗാനം ആലപിച്ചു. ‘ഓർഡിനറി പേഴ്സൺ’ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുമ്പോഴും പാട്ട് യൂട്യൂബിൽ തരംഗമാവുകയാണ്. ട്രെന്‍ഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ പാട്ട് അരക്കോടിയിലേറെ പ്രേക്ഷകരെയും നേടിക്കഴിഞ്ഞു.