‘കേരളത്തിൽ നിന്നു വന്ന അമൃതയുടെ കച്ചേരിയുണ്ടെന്ന് അനൗൺസ്മെന്റ്; അങ്ങനെ സോളോ ട്രിപ്പ് പോയ ഞാൻ അവിടെ പാട്ട് പാടി’
Mail This Article
കാശി സന്ദർശിക്കവെ അവിചാരിതമായി കാശി സൻസ്കൃത് മഹോത്സവിൽ പാടാൻ അവസരം ലഭിച്ചെന്ന് ഗായിക അമൃത സുരേഷ്. മാനസികമായും ശാരീരികമായും ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോൾ കാശിയിലേക്ക് ഒറ്റക്ക് ഒരു യാത്ര പോയതായിരുന്നു അമൃത. ഗംഗാ ആരതി തൊഴുതുകൊണ്ടു നിന്നപ്പോൾ താൻ ആരാണെന്ന് അന്വേഷിച്ച് സംഘാടകർ വരികയും ഗായികയാണെന്ന് അറിഞ്ഞപ്പോൾ അവിടേക്കു പാടാൻ ക്ഷണിച്ചെന്നും അമൃത പറയുന്നു. അങ്ങനെയാണ് വൈകുന്നേരമുള്ള കാശി സൻസ്കൃത് മഹോത്സവിൽ ഒരു കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. ഇനി എപ്പോൾ കാശിയിൽ ചെന്നാലും അവിടെ ഒരു വേദി അമൃതയ്ക്കായി ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞെന്നും ജീവിതത്തിൽ ഇന്നോളം കിട്ടിയതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമായി അതിനെ കാണുന്നുവെന്നും അമൃത സുരേഷ് മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘ആദ്യമായിട്ടാണ് ഞാൻ കാശി സന്ദർശിക്കുന്നത്. ഒരു ഇടവേള ആവശ്യമാണെന്നു തോന്നിയപ്പോഴാണ് അങ്ങനെയൊരു യാത്ര നടത്താൻ തീരുമാനിച്ചത്. കുറച്ചു നാളായി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. എന്ത് തീരുമാനം എടുത്താലും അത് തെറ്റിപ്പോവുകയാണ്. മാനസികമായും ശാരീരികമായും ഒരു ചേഞ്ച് വേണമെന്നു തോന്നി. അതുകൊണ്ടാണ് ഒരു സോളോട്രിപ് പോകാൻ തീരുമാനിച്ചത്. അങ്ങനെ കാശിയിലേക്കു യാത്ര തിരിച്ചു. അവിടെ ചെന്നപ്പോൾ സംഭവിച്ചതെല്ലാം എന്നെ അദ്ഭുതപ്പെടുത്തി. എല്ലാം എനിക്കു വേണ്ടി ചെയ്തു വച്ച കാര്യങ്ങൾ പോലെ തോന്നി. കാശി എന്നെ കാത്തിരുന്നതു പോലെ...
രാവിലെ തൊഴാനായി ഞാൻ ക്ഷേത്രത്തിലേക്കു പോയി. അന്നത്തെ ദിവസം അവിടെ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടിയിരുന്നത്. ഞാൻ അത് അറിയാതെ ഒരു നിമിത്തം പോലെ അന്ന് മഞ്ഞ വസ്ത്രമാണ് ധരിച്ചത്. അവിടെ കാശി സൻസ്കൃത് മഹോത്സവ് 2023 നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞൻ അവിടെ ഇരുന്നു പാടുന്നതു ഞാൻ കണ്ടു. എനിക്കും കൂടി അവിടെ പാടാൻ കഴിഞ്ഞെങ്കിൽ എന്ന് മനസ്സിൽ ആലോചിച്ചു. ഞാൻ എന്നെത്തന്നെ ആ സ്റ്റേജിൽ ഇരിക്കുന്നതായി സങ്കൽപ്പിച്ചു നോക്കി. മലയാള ഗായകരാരും അവിടെയിരുന്നു പാടിയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു ദൈവീകമായ അനുഭൂതിയാണ് അവിടെ നിന്നു ലഭിക്കുക. തൊട്ടുമുന്നിൽ ആരതി നടക്കുകയാണ്. എല്ലാവരും സ്വയം മറന്ന് ആരതി തൊഴുതു നിൽക്കുന്നു.
കുറച്ചു മലയാളി പയ്യന്മാർ അവിടെ ഉണ്ടായിരുന്നു അവർ എനിക്കൊപ്പം നിന്നു ഫോട്ടോ ഒക്കെ എടുത്തിട്ടുപോയി. പെട്ടെന്ന് സംഘാടകർ എന്റെ അടുത്തേക്കു വന്നു. ആരാണ് നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നൊക്കെ അന്വേഷിച്ചു. ഞാൻ പേര് പറഞ്ഞു പരിചയപ്പെടുത്തി. ഗായികയാണെന്നും പറഞ്ഞു. ഉടനെ അവർ ഗൂഗിൾ ചെയ്തു നോക്കി എന്നെ കണ്ടുപിടിച്ചു. അവിടെ മലയാളികൾ ഇല്ല. ഞാൻ എന്റെ പ്രൊഫൈൽ കാണിക്കാനൊന്നുമല്ല അവിടേക്കു പോയത്.
ഇന്റർനെറ്റിൽ തിരഞ്ഞ് എന്റെ വിവരങ്ങൾ കണ്ടെത്തിയതോടെ, ഇന്ന് വൈകിട്ട് ഇവിടെ അമൃതയുടെ കച്ചേരി സംഘടിപ്പിക്കാമെന്നായി അവർ. അതു കേട്ടപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഞാൻ പാട്ടു പാടാൻ തയ്യാറായി പോയതായിരുന്നില്ല. ആകെ തല കറങ്ങുന്നതുപോലെ. കാശിയിൽ എത്താൻ കഴിയുന്നതുതന്നെ പുണ്യം എന്നു കരുതുന്ന അവസ്ഥയിൽ, ഗംഗാ ആരതിയുടെ സമയത്ത് ആ ദിവ്യ സന്നിധിയിൽ ഒരു കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. അത് ചെയ്യുക തന്നെ വേണമെന്നു തീരുമാനിച്ചു. വേദി പങ്കിടേണ്ട മ്യൂസിഷ്യൻസിനെയൊക്കെ സംഘാടർ തന്നെ തന്നു. എല്ലാ കാര്യങ്ങളും അവർ തന്നെ ഏർപ്പാടാക്കിയിരുന്നു. വൈകുന്നേരത്തെ ആരതിയാണ് കെങ്കേമം. ഒരുപാട് ആളുണ്ടാകും. ‘വൈകുന്നേരം കേരളത്തിൽ നിന്നു വന്ന അമൃത സുരേഷിന്റെ കച്ചേരി ഉണ്ട്, എല്ലാവരും വരണം’ എന്ന് രാവിലെ തന്നെ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
അങ്ങനെ വൈകുന്നേരമായി. ഞാൻ വേദിയിൽ കയറിയിരുന്ന് കച്ചേരി അവതരിപ്പിച്ചു. സാധാരണയായി അച്ഛനും ഞാനും ഒരുമിച്ചാണ് ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ചെയ്യുന്നത്. അച്ഛൻ പോയെങ്കിലും എനിക്ക് അച്ഛന്റെ സാന്നിധ്യം അവിടെ അനുഭവപ്പെട്ടു. മനസ്സുകൊണ്ട് ഞാൻ അച്ഛന് പിണ്ഡതർപ്പണം ചെയ്യുകയായിരുന്നു. അച്ഛനാണ് ആദ്യ ഗുരു എന്ന് അവർ അവിടെ അനൗൺസ് ചെയ്തിരുന്നു. പാടിക്കഴിഞ്ഞ് എന്താണ് പറയേണ്ടതെന്നറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയില്ല. കണ്ണുകൾ നിറഞ്ഞ് ആ ദിവ്യ സന്നിധിയുടെ പ്രഭാവത്തിൽ ലയിച്ച് കുറച്ചുനേരം ഇരുന്നു. ഞാൻ അവിടെ പാടിയത് ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ പാട്ടുകൾ ആണ്. ഞാൻ കർണ്ണാട്ടിക് പഠിച്ചിട്ടുണ്ടെന്നേയുള്ള. അതിൽ അധികം ട്രെയിൻഡ് അല്ല. ഡിഗ്രയൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ഹിന്ദുസ്ഥാനിയിൽ ആണ്. അതുകൊണ്ട് ഹിന്ദുസ്ഥാനി ആണ് പാടിയത്.
എന്റെ പാട്ട് അവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി എന്നു പറഞ്ഞു. പിറ്റേന്ന് ഞാൻ ഇറങ്ങാൻ നേരം സംഘാടകർ പറഞ്ഞു, ‘എപ്പോൾ നിങ്ങൾ വരാണസിയിൽ വന്നാലും ഇവിടെ ഈ സ്റ്റേജ് നിങ്ങൾക്കു വേണ്ടിയുണ്ടായിരിക്കുമെന്ന്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ആ പുണ്യഭൂമിയിൽ ഒരു കച്ചേരി അവതരിപ്പിക്കാനുള്ള അനുഗ്രഹീതമായ അവസരം തന്നതിൽ അവരോടുള്ള നന്ദിയാൽ എന്റെ ഹൃദയം നിറഞ്ഞിരുന്നു. ഈ ട്രിപ്പ് എന്നെ സംബന്ധിച്ച് ഒരു അനുഗ്രഹം ആയിരുന്നു. യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. എല്ലായിടത്തും എനിക്ക് സഹായത്തിന് ആളെ കിട്ടി. കാശി വിശ്വനാഥന്റെ വിഗ്രഹത്തിൽ തൊട്ട് തൊഴാൻ പോലും കഴിഞ്ഞു. കാശി വിശ്വനാഥ സന്നിധിയിൽ ഇരുന്നു പാടാൻ കഴിഞ്ഞത് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യമാണ്’, അമൃത സുരേഷ് പറഞ്ഞു.