‘മാപ്പ്, ഞങ്ങളുടെ പ്രവൃത്തിയിൽ വേദനിച്ചവരോട്’; റഹ്മാന്റെ പാട്ട് വിവാദത്തില്‍ പ്രതികരിച്ച് ‘പിപ്പ’യുടെ പിന്നണിപ്രവർത്തകർ
Mail This Article
‘പിപ്പ’ എന്ന സിനിമയ്ക്കു വേണ്ടി ബംഗ്ലാദേശ് കവി നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിത ഉപയോഗിച്ചതിൽ സംഗീതസംവിധായകൻ എ.ആർ.റഹ്മാനെതിരെയുണ്ടായ വിവാദത്തിൽ പ്രതികരിച്ച് സിനിമയുടെ പിന്നണിപ്രവർത്തകർ. നസ്‌റൂള്‍ ഇസ്‌ലാമിന്റെ ‘കരാര്‍ ഓയ് ലൗഹോ കോപത്’ എന്ന കവിത റഹ്മാൻ സംഗീതം നൽകി വികൃതമാക്കിയെന്നായിരുന്നു ആരോപണം. നസ്‌റൂള്‍ ഇസ്‌ലാമിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് റഹ്മാനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിത ‘പിപ്പ’യിൽ ഉപയോഗിച്ചത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചെങ്കിൽ, അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ തങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുകയാണെന്ന് പിപ്പയുടെ പിന്നണിപ്രവർത്തകർ ഔദ്യോഗികമായി പ്രതികരിച്ചു. ‘നസ്‌റൂള്‍ ഇസ്‌ലാമിന്റെ മകൾ കല്യാണി ഖാസിയുമായി സംസാരിച്ച് അനുമതി നേടിയ ശേഷമാണ് ‘‘കരാര്‍ ഓയ് ലൗഹോ കോപത്’’ സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചത്. എന്നാൽ അത് പുനരവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് വേദനയുണ്ടായതായി മനസ്സിലാക്കുന്നു. ആ വരികളോടുള്ള അവരുടെ വൈകാരിക അടുപ്പവും പ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള ആഴമേറിയ ബഹുമാനവുമൊക്കെ അംഗീകരിക്കുന്നു. ഞങ്ങളുടെ പ്രവൃത്തിയിൽ വേദനിച്ചവരോട് മാപ്പ് ചോദിക്കുകയാണ്’, ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അതേസമയം എ.ആർ.റഹ്മാനോ നസ്‌റൂള്‍ ഇസ്‌ലാമിന്റെ കുടുംബാംഗങ്ങളോ പ്രസ്താവനയോടു പ്രതികരിച്ചിട്ടില്ല.
മൃണാള്‍ താക്കൂറും ഇഷാന്‍ ഖട്ടറും ഒന്നിച്ച ‘പിപ്പ’ നവംബര്‍ 10ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിതയുടെ ആവിഷ്കാരം കണ്ട് അദ്ദേഹത്തിന്റെ കൊച്ചുമകൻ ഖാസി അനിര്‍ബന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. കവിത തീർത്തും വികൃതമായാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഖാസി കുറ്റപ്പെടുത്തി. സിനിമയില്‍ ഗാനം ഉപയോഗിക്കുന്നതിന് തന്റെ അമ്മ (കവിയുടെ മകള്‍) സമ്മതം നല്‍കിയെങ്കിലും ട്യൂണുകളില്‍ മാറ്റം വരുത്താന്‍ അമ്മ സമ്മതിച്ചിരുന്നില്ലെന്നും ഖാസി കൂട്ടിച്ചേര്‍ത്തു. ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.