പാട്ടോളങ്ങളിൽ മുങ്ങിക്കുളിച്ച 2023! സിരകളിൽ പടർന്നു കയറിയ, ഹൃദയത്തെ ചുറ്റിപ്പിണഞ്ഞ ഈണക്കൂട്ടുകൾ ഇതാ,
Mail This Article
അങ്ങനെ 2023നോടും വിട പറയാറായി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും സംഗീതലോകത്തു പുത്തൻ ഈണത്തിന്റെ അലയൊലികൾ മുഴങ്ങിക്കേട്ടിരുന്നു. അതിൽപ്പലതും ഇപ്പോഴും ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ ആസ്വാദകഹൃദയങ്ങളിൽ ആഴത്തിൽപ്പതിഞ്ഞു കിടപ്പുണ്ട്. അതിൽ ചിലത് നമ്മെ ചുവടുവപ്പിച്ചു, ചിലത് പ്രണയിക്കാന്‍ പഠിപ്പിച്ചു, വേറെ ചിലത് കരയിപ്പിച്ചു. 2023 ൽ രാജ്യത്തു തരംഗമായി ഈണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
ജുംക ഗിരാ രെ...
ഇന്ത്യ മുഴുവൻ ജുംക തിരഞ്ഞു പോയ വർഷമാണ് 2023 എന്നു പറയാം.1966 ൽ പുറത്തിറങ്ങിയ ' മേരാ സായയിലെ ഹിറ്റ് ഗാനമാണ് സത്യത്തിൽ ‘ജുംക ഗിരാ രെ’. 60 വർഷങ്ങൾക്കു ശേഷം കരൺ ജോഹർ അത് റോക്കി ഓർ റാണി കി പ്രേം കഹാനിക്കു വേണ്ടി പുനരാവിഷ്‌ക്കരിച്ചു. പിന്നെ നടന്നത് ചരിത്രം... ലോകം മൊത്തം ആ പാട്ട് ഏറ്റു പാടി. ഡാൻസ് അറിയാത്തവർ പോലും ആലിയയുടെയും രൺവീറിന്റെയും രസകരമായ ഹുക്ക് സ്റ്റെപ്പുകൾക്കൊപ്പം ചുവടുവച്ചു. ചടങ്ങുകളിൽ ജുംക ഡാൻസ് ഒഴിവാക്കാൻ പറ്റാതെ ഘടകമായി. ഇന്ത്യ മാത്രമല്ല ഒരുപക്ഷേ ലോകം മുഴുവൻ ഏറ്റു പാടിയ പാട്ടുകളിൽ മുൻനിരയിലുണ്ടാകും ‘ജുംക’.
രഞ്ജിതമേ...
വാരിസിലെ രഞ്ജിതമേ എന്ന ഗാനം ഈ വർഷം ഏറെ പേരെ നൃത്തം ചെയ്യിച്ചു. കൊച്ചു കുട്ടികൾ വരെ രഞ്ജിതമേ ഏറ്റു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പാട്ട് സിനിമയെക്കാൾ വലിയ തരംഗമായെന്നു തന്നെ പറയാം.
ജമലു കുടു...
അനിമൽ സിനിമ പല നിലയിൽ ചർച്ചയായിട്ടുണ്ട്. സിനിമയെക്കുറിച്ചു പല തരത്തിലുമുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നുമുണ്ട്. പക്ഷേ അനിമലിലെ പാട്ടുകളുടെ സ്വാഗ് കണ്ടില്ലെന്നു നടിക്കാനാവില്ല. ജമലു കുടു പോലെ തരംഗമായ വില്ലന്റെ എൻട്രി സോങ് വേറെയുണ്ടോകുമോ എന്നുപോലും സംശയമാണ്.
ചലേയ...
ഷാറുഖ് ചിത്രങ്ങളിലെ പാട്ടുകൾ തരംഗമാകുന്നത് പുതിയ സംഭവമല്ല. ഷാറുഖ്–നയൻതാര ചിത്രമായ ജവാനിലെ ചലേയയും ആ പതിവ് തെറ്റിച്ചില്ല. മാത്രവുമല്ല, ചിത്രത്തിലെ തന്നെ രാമയ്യാ വസ്താവയ്യയും സിന്ദാ ബന്തയും ഒക്കെ ഇപ്പോഴും ഹിറ്റ് ലിസ്റ്റിൽ തുടരുന്ന പാട്ടുകളാണ്
ബാഡ് ആസ്...
വിജയ്‌യുടെ ലിയോയിലെ പശ്ചാത്തല സംഗീതം വലിയ ശ്രദ്ധ നേടിയിരുന്നു. തീം സോങ്ങിലെ ബ്ലഡി സ്വീറ്റും എന്റ് ക്രെഡിറ്റിലെ ബാഡ് ആസും തിയറ്ററുകളെയും തീർത്ത തരംഗം ചെറുതല്ല. സമൂഹമാധ്യമലോകത്തും പാട്ടുണ്ടാക്കിയ ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നു വേണം പറയാൻ.
കാവലയ്യാ...
ജയലറിലെ കാവാലയ്യ പാട്ടും തമന്നയുടെ ഡാൻസ് സ്റ്റെപ്പുകളും സൃഷ്ടിച്ച തരംഗം വാക്കുകൾക്കപ്പുറമാണ്. പാട്ട് എത്ര ദൂരെ നിന്നു കേട്ടാലും അറിയാതെ ചുവടുവച്ചുപോകുന്ന അവസ്ഥ! പ്രായം മറന്ന് എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഗാനം ഇപ്പോഴും സോഷ്യൽ മീഡിയ ഭരിക്കുകയാണ്.
മാമധുരൈ അന്നക്കൊടി...
ജിഗർദണ്ട ഡബിൾ എക്സിലെ മാമധുരൈ അന്നക്കൊടി യാദൃച്ഛികമയെങ്കിലും കേൾക്കാതെ നമ്മുടെ സോഷ്യൽ മീഡിയ സ്ക്രോളിങ് അവസാനിക്കാൻ സാധ്യതയില്ല. അത്രയേറെ പ്രേക്ഷകരെ കൊളുത്തിയിടുന്ന, സ്വാധീനിക്കുന്ന എന്തോ മാജിക് ഉണ്ട് ആ പാട്ടിൽ.
കലാപക്കാരാ...
ദുൽഖർ സല്‍മാന്റെ ‘കിങ് ഓഫ് കൊത്ത’ എന്ന സിനിമയേക്കാളുപരി തരംഗമായത് ‘കലാപക്കാരാ’ എന്ന പാട്ടാണ്. രാജ്യം മുഴുവൻ തരംഗമായ ഈണവും ഈരടികളും! പാട്ടിന്റെ എല്ലാ ഭാഷാപതിപ്പുകളും ഒരുപോലെ തരംഗമായി എന്നതാണ് യാഥാർഥ്യം.
ഹീരിയെ ഹീരിയെ...
അടിപൊളി പാട്ടുകളുടെ തരംഗത്തിനിടയിലും ഒരു ഇളം കാറ്റ് പോലെ പ്രേക്ഷകഹൃദയങ്ങളെ തഴുകി തലോടി പോയ പ്രണയ ഗാനമാണ് ഹീരിയെ. ദുൽഖർ സൽമാനും ആദിത്യ ശർമയും ചേർന്നഭിനയിച്ച ഈ ആൽബം ഗാനം സൃഷ്ടിച്ച ഓളത്തിലാണ് ഇന്നും ഇന്ത്യ.