‘പുകഴ്ത്തൽ അതിരുകടന്നതിൽ മുഖ്യമന്ത്രിക്കു ദേഷ്യം തോന്നുമോ?’; പ്രതികരിച്ച് പാട്ടിന്റെ സ്രഷ്ടാവ്
Mail This Article
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി വിഡിയോ ഗാനം പുറത്തിറക്കിയത്, മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായെന്ന് സംവിധായകന്‍ നിഷാന്ത് നില. സിപിഎമ്മുകാരനായ തനിക്ക് പിണറായി വിജയനോട് ആരാധനയാണ്. മുഖ്യമന്ത്രിയെയോ സി.പി.എം നേതാക്കളെയോ ഗാനം കാണിച്ചിട്ടില്ലെന്നും നിഷാന്ത് പറയുന്നു.
‘ഞാനൊരു ഇടതുപക്ഷക്കാരനാണ്. എനിക്ക് മുഖ്യമന്ത്രിയോട് ആരാധനയ്ക്കപ്പുറമുള്ള വികാരമാണ്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. പാട്ടിലെ പുകഴ്‍ത്തൽ വരികൾ എന്റെ വെറും ഭാവനയാണ്, വിമർശനങ്ങൾക്കുള്ള മറുപടിയും. ആ പുകഴ്ത്തൽ അതിരുകടന്നതിൽ അദ്ദേഹത്തിനു ദേഷ്യം വരുമോയെന്നു ചെറിയ പേടിയുണ്ട്. എന്നാലും എന്തെങ്കിലും തെറ്റ് സംഭവിച്ചുപോയെങ്കിൽ സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതി എന്നോടു ക്ഷമിക്കുമെന്നാണ് പ്രതീക്ഷ. എന്റെ കഴിവ് വച്ച്, പരിമിതമായ അറിവ് കൊണ്ട് ഞാൻ പടച്ചുവിട്ട ഗാനമാണത്’, നിഷാന്ത് നില മനോരമ ന്യൂസിനോടു പ്രതികരിച്ചു.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് നിഷാന്ത് നില. മുഖ്യമന്ത്രിയെക്കുറിച്ചുള്ള പാട്ടിനു വരികൾ കുറിച്ച് സംഗീതം പകർന്നതും ഗാനരംഗങ്ങൾ സംവിധാനം ചെയ്തതും നിഷാന്ത് തന്നെ. മണക്കാട് സ്വദേശി അയൂബ് പാട്ടിൽ മുഖ്യ വേഷത്തിലെത്തി.