കച്ചേരികളിലെ കാന്തശക്തി
Mail This Article
യേശുദാസിന്റെ സംഗീതസിദ്ധിയും ജ്ഞാനവും മഹാദ്ഭുതം തന്നെയാണ്. ഇത്രയേറെ സിനിമാപ്പാട്ടുകളും ലളിതഗാനങ്ങളുമെല്ലാം പാടുന്നതിനിടെയാണ് അതേ മികവോടെ കർണാടക സംഗീതക്കച്ചേരികളും അദ്ദേഹം അവതരിപ്പിച്ചത്. അതിനു നിസ്സാര അധ്വാനവും സമർപ്പണവും പോരാ. കച്ചേരികളെ ഇത്രയേറെ ജനപ്രിയമാക്കിയത് യേശുദാസാണെന്നതിൽ ഒരു തർക്കവുമില്ല. കേൾവിക്കാരനെ ലയിപ്പിക്കാനുള്ള അസാമാന്യസിദ്ധി എടുത്തുപറയണം. ഭക്തിപ്രധാനമാണ് കർണാടക സംഗീതം. അദ്ദേഹം പാടുമ്പോൾ കേൾവിക്കാരിലേക്കും ഭക്തി ഒഴുകി നിറയും. നിറഞ്ഞു കവിഞ്ഞ സദസ്സുകൾ. വിമർശിക്കുന്നവർപോലും അത് ആസ്വദിക്കാനെത്തുന്നു. കർണാടക സംഗീതത്തിലും സ്വന്തം ശൈലി രൂപപ്പെടുത്തി എന്നതും പ്രധാനമാണ്.
കീർത്തനാലാപനത്തിൽ ഉച്ചാരണശുദ്ധിക്കു വലിയ പ്രാധാന്യം കൽപിക്കാതിരുന്ന കാലത്ത്, എഴുതിയെടുക്കാവുന്ന വിധം ഉച്ചാരണമികവോടെയാണ് അദ്ദേഹം പാടിയത്. അർഥം മനസ്സിലാക്കി പാടുന്നതിന്റെ ഗുണവുമുണ്ടായിരുന്നു. ആ വലിയ മാറ്റത്തെ ഞാനും മാതൃകയാക്കിയിട്ടുണ്ട്. പുതുതലമുറയിലെ പാട്ടുകാരെയും ഏറെ സ്വാധീനിച്ചു.
രാഗങ്ങളുടെയും കീർത്തനങ്ങളുടെയും ആലാപനവേഗം പ്രധാനമാണ്. ചിലതു വേഗം കൂട്ടി പാടാം. ചിലതു മെല്ലെ പാടുന്നതാണു ഭംഗി.
ചെറുപ്പത്തിലേ ശീലിക്കേണ്ടതാണത്. എനിക്കൊക്കെ ഈ പ്രായത്തിൽ ചില രാഗങ്ങൾക്കു വേണ്ട ആലാപനവേഗം കൈവരിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ, ദാസേട്ടന് അതിപ്പോഴും അനായാസം വഴങ്ങും. നിത്യാഭ്യാസത്തിന്റെ ഗുണമാണ്. സിനിമ–ലളിത ഗാനങ്ങളുടെ കാര്യത്തിലാണെങ്കിൽ മലയാള പദങ്ങൾക്കും അക്ഷരങ്ങൾക്കും ഇത്ര ഭംഗിയുണ്ടെന്നു മനസ്സിലാകുന്നത് അദ്ദേഹം പാടുമ്പോഴാണ്.