ADVERTISEMENT

‘പെരിയോനെ റഹ്മാനെ’പാട്ടിന് താനൊരുക്കിയ കവർ വേർഷൻ സാക്ഷാൽ എ.ആർ.റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന്റെ സന്തോഷത്തിലാണ് ഗായിക ശ്രുതി ശിവദാസ്. പാട്ടിനുടയോൻ തന്നെ വിഡിയോ പങ്കുവച്ചത് വിശ്വസിക്കാനാവുന്നില്ലെന്നു പറയുന്നു ശ്രുതി. ‌‌‌അപ്രതീക്ഷിത അംഗീകാരത്തിന്റെ സന്തോഷം ശ്രുതി മനോരമ ഓൺലൈനിനോടു പങ്കുവച്ചത് ഇങ്ങനെ:

‘ഈ പാട്ട് ഒന്നോ രണ്ടോ തവണ കേട്ടിട്ട് വിട്ടുകളയുകയായിരുന്നു ആദ്യം. എന്നാൽ എ.ആർ.റഹ്മാനെന്ന വ്യക്തിയുടെ പതിവ് മാജിക് പോലെതന്നെ പതിയെപ്പതിയെ പെരിയോൻ മനസ്സിൽ കയറിക്കൂടി. 

മ്യൂസിക് തലയിൽനിന്ന് പോകാത്തവിധം വല്ലാത്ത അഡിക്‌ഷൻ ആയി. അങ്ങനെ  വെറുതെ പാടി ഐപാഡിൽ റെക്കോഡ് ചെയ്തുവെച്ചതാണ്. പിന്നെ  പാട്ട് വലിയ ഹിറ്റായതോടെ ഒരുപാടുപേർ ഹൈ ക്വാളിറ്റിയിൽ റെക്കോഡ് ചെയ്ത വേർഷനുകൾ സാമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതു കണ്ടപ്പോൾ എന്റെ വിഡിയോ പോസ്റ്റ് ചെയ്യണോ വേണ്ടയോയെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്തായാലും രണ്ടും കല്പിച്ച് പോസ്റ്റ് ചെയ്തു. ആദ്യ ദിവസം ചെറിയ റീച്ച് മാത്രമേ വിഡിയോയ്ക്കു കിട്ടിയുള്ളു. പിറ്റേദിവസം പുലർച്ചെ എപ്പോഴോ ഉണർന്ന് വെറുതെ ഇൻസ്റ്റഗ്രാം നോക്കിയപ്പോൾ വിഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകൾ കണ്ടു.

റഹ്മാൻ സർ വിഡിയോ ഷെയർ ചെയ്തുവെന്ന് കമന്റുകളിലൂടെയാണ് ഞാനറിഞ്ഞത്. ശരിക്കും ഞെട്ടിപ്പോയി. ഉടനെ അദ്ദേഹത്തിന്റെ പേജിൽ നോക്കിയപ്പോൾ സംഗതി സത്യമാണെന്നു ബോധ്യപ്പെട്ടു. പിന്നീടെനിക്ക് ഉറക്കമേ വന്നിട്ടില്ല. നയന്റീസ് കിഡ്‌സിന് സംഗീതവുമായി മുന്നോട്ടുപോകാനുള്ള പ്രചോദനം തന്നെ റഹ്മാൻ സർ ആണ്. ആ വ്യക്തിയാണ് എന്റെ പാട്ട് കേട്ട് അത് പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം എന്നെങ്കിലും എന്റെ ശബ്ദം കേൾക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. 

ഞാൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ അന്നുമുതല്‍ റഹ്മാൻ സാറിന്റെ പാട്ടുകൾ ഏതെങ്കിലും പാടുന്നുണ്ടെങ്കിൽ അതിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും എപ്പോഴെങ്കിലും കണ്ട് മറുപടി തരുമെന്നു പ്രതീക്ഷിച്ച് മെസേജുകള്‍ അയയ്ക്കുകയും ചെയ്യുമായിരുന്നു. ഒടുവിൽ ഇങ്ങനെയൊരു സന്തോഷമുണ്ടായി. അദ്ദേഹത്തെപ്പോലൊരാൾക്ക് ഇത് വളരെ ചെറിയൊരു കാര്യമായിരിക്കുമെങ്കിലും തുടക്കക്കാരിയായ എനിക്ക് ഇതു തരുന്ന പ്രചോദനം വളരെ വലുതാണ്’, ശ്രുതി പറഞ്ഞു.

എ.ആർ.റഹ്മാൻ പങ്കുവച്ചതോടെ വലിയ റീച്ചാണ് ശ്രുതിയുടെ വിഡിയോയ്ക്കുണ്ടായത്. റഹ്മാന്റെ മകളും ഗായികയുമായ ഖദീജയും ശ്രുതിയുടെ പാട്ടിനു കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com