ഷാൻ റഹ്മാന്റെ ഈണത്തിൽ ജോബ് കുര്യന്റെ പാട്ട്; ശ്രദ്ധ നേടി ‘മാലോകം മാറുന്നേ’
Mail This Article
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകം മാറുന്നേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം ജോബ് കുര്യൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങി ‘ആരാരൊരു മലയരികിൽ...’ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു.
‘മാലോകം മാറുന്നേ
മറിമായങ്ങൾ മനമേറ്റുന്നേ
നേരെല്ലാം മായുന്നേ
പൊയ്ക്കോലങ്ങൾ കാവേറുന്നേ
പുലരും പൊൻകനവിൽ
കാത്തതെല്ലാം പൂത്തൊരുങ്ങേ
ദുരയായ് കഴുകരിങ്ങ്
പാറി വന്നതോ
ഉറയും കോമരങ്ങൾ നാടിറങ്ങി നാഥരായി
ഉതിരും പൊൻപണങ്ങൾ കിലുകിലുങ്ങവേ...’
പി.ജി.പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ ചിത്രം നിർമിച്ചിരിക്കുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. സജീവ് പാഴൂരിന്റേതാണു തിരക്കഥയും സംഭാഷണവും. തിയറ്ററിൽ ചിത്രം മികച്ച പ്രതികരണം നേടുന്നു.
പുതുമുഖം കൃഷ്ണേന്ദു.എ.മേനോൻ ആണ് ‘പഞ്ചവത്സര പദ്ധതി’യിലെ നായിക. പി.പി.കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി.പി.എം തുടങ്ങിയവരും വേഷമിടുന്നുണ്ട്.