ADVERTISEMENT

സംവിധായകൻ സിദ്ദീഖുമായുള്ള ആത്മബന്ധത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ എം.ജി.ശ്രീകുമാർ. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും ആ വിയോഗം വലിയ ആഘാതമാണ് ഏൽപ്പിച്ചതെന്നും ഗായകൻ തുറന്നു പറഞ്ഞു. ഔദ്യോഗിക യൂ‍ട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ ആണ് എം.ജി.ശ്രീകുമാർ സിദ്ദീഖിനെക്കുറിച്ചു വാചാലനായത്.  

‘സിദ്ദീഖ് നമ്മോടൊപ്പം ഇല്ലെന്ന വിഷമം എനിക്ക് ഇപ്പോഴും ഉണ്ട്. ഒരു പുതിയ സിനിമയുടെ ഭൂരിഭാഗം ജോലികളും അദ്ദേഹം ചെയ്തുവച്ചിരുന്നതാണ്. പക്ഷേ അത് പൂർത്തിയാക്കാനാകാതെ വിടവാങ്ങി. എന്താണ് പെട്ടെന്നു സംഭവിച്ചതെന്നു പോലും അറിയില്ല. എനിക്ക് മാനസികമായ ഒരു വലിയ അടുപ്പം അദ്ദേഹത്തോട് ഉണ്ടായിരുന്നു. അമൃത ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹം ജീവൻ വെടിയുന്നതിന് അരമണിക്കൂർ മുൻപ് ഞാനും എന്റെ ഭാര്യ ലേഖയും ആശുപത്രിയിൽ എത്തി. അദ്ദേഹം അപ്പോൾ ഐസിയുവിൽ ആയിരുന്നു. ബന്ധുക്കളെല്ലാം അടുത്തുള്ള മറ്റൊരു മുറിയിലുണ്ട്. 

സിദ്ദീഖിനെയൊന്നു കാണാൻ സാധിക്കുമോ എന്നു ഞാൻ ഡോക്ടറോടു ചോദിച്ചു, ‘അൽപം ഗുരുതരമാണ്. നോക്കിയിട്ടു പറയാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ  മറുപടി. ‌കാണാനാകുമെന്ന പ്രതീക്ഷയിൽ ഞാൻ ഐസിയുവിന്റെ മുന്നിൽ തന്നെ നിന്നു, എന്റെ ഭാര്യയും. പെട്ടെന്ന് മുറിക്കുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ കരച്ചിൽ കേട്ടു. മരിച്ചുപോയി എന്ന് അപ്പോഴും എനിക്കു വിശ്വസിക്കാനായില്ല. ‌അപ്പോൾ ഡോക്ടർ വന്നിട്ട് പുറത്തു നിന്ന എന്നോടു പറഞ്ഞു ‘ഹീ ഹാസ് ഗോൺ’. അതുകേട്ടപ്പോൾ അറിയാതെ ഞാൻ കരഞ്ഞുപോയി.

എത്രയോ വർഷമായിട്ടുള്ള പരിചയമായിരുന്നു സിദ്ദീഖുമായിട്ട്. ഒരുപാടൊരുപാട് ഓർമകളുണ്ട്. വലിയ ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. പെട്ടെന്ന് അദ്ദേഹം വിടപറഞ്ഞു എന്നു കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ നിശബ്ദനായിപ്പോയി. ആരോടും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ. അദ്ദേഹവുമായി വലിയ ആത്മബന്ധമുള്ളതുകൊണ്ടാണ് മരിക്കുന്നതിനു മുൻപേ എനിക്കവിടെ എത്താൻ സാധിച്ചതെന്നു ഞാൻ വിശ്വസിക്കുന്നു. കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെ എത്തിയല്ലോ. ഞാൻ ആ പരിസരത്തു തന്നെ ഉള്ളപ്പോഴല്ലേ അദ്ദേഹം വിടവാങ്ങിയത്. എല്ലാം ഒരു നിമിത്തമായി തോന്നുന്നു ഇപ്പോൾ’, എം.ജി.ശ്രീകുമാർ പറഞ്ഞു.  

2023 ഓഗസ്റ്റ് 8നാണ് സംവിധായകൻ സിദ്ദീഖ് വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

English Summary:

Singer MG Sreekumar opens up about director Siddique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com