സുരേഷ് ഗോപിയെ പിന്തുണച്ചതിനു വിമർശനം, അൺഫോളോ ചെയ്തവരുടെ വായടപ്പിച്ച് അഭിരാമിയുടെ പ്രതികരണം
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നു വൻഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ചതിനു വിമർശനങ്ങൾ നേരിടേണ്ടി വന്നതിനോടു പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് അഭിരാമി കുറിച്ച വാക്കുകൾക്കു നേരെയാണ് വിമർശനസ്വരങ്ങൾ ഉയർന്നത്.
‘വളരെ അർഹിക്കുന്ന, ചരിത്രപരമായ, തികച്ചും നേടിയെടുത്ത വിജയം, തൃശൂരിനു വേണ്ടി എസ്.ജി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്യുന്നതും തുടർന്നു ചെയ്യുന്നതും എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ജനങ്ങൾ അദ്ദേഹത്തിന്റെ കുടുംബമാണ്, അവരുടെ നന്മ അദ്ദേഹത്തിന്റെ നന്മയാണ്. ഞങ്ങളുടെ പ്രിയ അങ്കിളിന് ഒത്തിരി സ്നേഹവും ഉമ്മയും’ എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്.
പിന്നാലെ വിമർശനങ്ങളുമായി നിരവധി പേരെത്തി. ‘ഉള്ളിന്റെ ഉള്ളിലെ രാഷ്ട്രീയം തുറന്നു പറഞ്ഞതിന് നന്ദി. അൺഫോളോ ചെയ്യുന്നു’ എന്നാണ് ഒരാൾ കുറിച്ചത്. വേറെയും നിരവധി പേർ വിമർശിച്ചതോടെ ദീർഘമായ പ്രതികരണക്കുറിപ്പുമായി അഭിരാമി രംഗത്തെത്തി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയം കടന്നുവരുന്നതായി തോന്നുന്ന ഈ ലോകത്ത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും ഇഷ്‌ടങ്ങളും അതിൽ നിന്നു വേറിട്ട് നിർത്തുന്നത് കഠിനമായിരിക്കും. ഒരു പാർട്ടിയെയും പിന്തുടരാതെ രാഷ്ട്രീയമായി അവബോധമുള്ളവർക്ക് ആശംസകൾ എന്നു കുറിച്ചുകൊണ്ടാണ് ഗായികയുടെ കുറിപ്പ് ആരംഭിക്കുന്നത്.
‘രാഷ്ട്രീയത്തിന്റെ ആരവങ്ങൾക്കപ്പുറം ഉയരുകയും വ്യക്തിപരമായ മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്, പക്ഷേ എന്റെ തിരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളും ഏതൊക്കെയെന്നു നിർദേശിക്കാൻ ഒരു പാർട്ടിയെയും ഞാൻ അനുവദിക്കില്ല. പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയും വ്യത്യസ്ത ആശയങ്ങൾ ഉള്ളവരുമായി സഹവസിക്കാനാണ് എന്റെ തീരുമാനം. എല്ലാത്തിനുമുപരി, സഹവർത്തിത്വത്തിന്റെ യഥാർഥ സത്ത അതല്ലേ?
എനിക്ക് താൽപര്യമുള്ള ഒരാളെ പിന്തുണച്ചതിന് എന്നെ വിധിക്കുകയും പിന്തുടരാതിരിക്കുകയും ചെയ്തവരോടു പോലും സമാധാനവും സ്നേഹവും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ കുറിപ്പെഴുതുന്നത് ഒരു നല്ല സ്വാധീനം സൃഷ്ടിക്കാൻ വേണ്ടിയാണ്. അല്ലാതെ വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടിയല്ല. അതിനാൽ നമുക്ക് ദയയും വിവേകവും പ്രചരിപ്പിക്കുന്നതു തുടരാം.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഒരു പ്രത്യേക മനുഷ്യനെ പിന്തുണച്ചതിന് എന്നെ വിലയിരുത്തുകയും പിന്തുടരാതിരിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു, സമാധാനവും കലയും സ്നേഹവും പ്രചരിപ്പിക്കാൻ ഞാൻ ഇവിടെയുണ്ട്. ആരൊക്കെ എന്നോട് യോജിച്ചാലും വിയോജിച്ചാലും ഞാൻ അത് തുടർന്നുകൊണ്ടേയിരിക്കും. നമുക്കെല്ലാവർക്കും ഒത്തുചേരാം, നമ്മുടെ വ്യത്യാസങ്ങൾ ഉൾക്കൊള്ളാം. വെറുപ്പിനും വിഭജനത്തിനും പകരം സ്നേഹവും വിവേകവും പ്രചരിപ്പിക്കാം’, അഭിരാമി സുരേഷ് കുറിച്ചു.