ഇതുപോലെ എത്ര പാട്ടുണ്ടെന്ന് അറിയാമോ? മൂളിപ്പാട്ടും പാടി 'സിംപ്ലി അപ്പൂപ്പൻ'
Mail This Article
ദേശീയ പുരസ്കാരം നേടിയ 'കണ്ടിട്ടുണ്ട്' എന്ന ആനിമേഷൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ അപ്പൂപ്പന്റെ നാടൻപാട്ടു വിഡിയോ പുറത്തിറങ്ങി. വെറും നാലുവരിയുള്ള കുഞ്ഞൻ നാടൻപാട്ടുമായാണ് ഇത്തവണ അപ്പൂപ്പന്റെ വരവ്. മാടന്റെയും ആനമറുതയുടെയും കുട്ടിച്ചാത്തന്റെയുമൊക്കെ നാടൻ കഥകൾ പറഞ്ഞ് പ്രേക്ഷകശ്രദ്ധ നേടിയ അപ്പൂപ്പന്റെ നാടൻപാട്ടും രസകരമാണ്. 'സിംപ്ലി അപ്പൂപ്പൻ' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ആനിമേറ്റഡ് മ്യൂസിക് വിഡിയോയിലെ പാട്ട് ഇങ്ങനെ:
അമ്പിളിക്കൊമ്പത്ത് പെണ്ണിന്റെ വീട്
അവിടെ ചെന്നാൽ കുശാലാണേ
കാലത്തമ്മ കഞ്ഞി തരും വെറും വെള്ളം
മുങ്ങി തപ്പിയാൽ ഒന്നോ രണ്ടോ വറ്റു കാണും
രാവിലെ ചായക്കടയിലേക്കുള്ള നടത്തത്തിന് ഇടയിൽ അപ്പൂപ്പൻ പാടുന്ന പാട്ടാണിത്. ചായക്കടയുടെ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന പഴക്കുലയിൽ നിന്ന് ഒരു പഴമെടുത്തു കഴിക്കുന്നതിന് ഇടയിൽ രസിച്ചു പാടുന്ന അപ്പൂപ്പൻ കഥാപാത്രത്തെ വിഡിയോയിൽ കാണാം. പാട്ടിന്റെ അവസാനം, അപ്പൂപ്പന്റെ രസികൻ ശൈലിയിൽ ഒരു ചോദ്യവും, "ഇതുപോലെ എത്ര പാട്ടുണ്ടെന്ന് അറിയാമോ"?
ചലച്ചിത്രകാരനായ സുരേഷ് എറിയാട്ടിന്റെ നേതൃത്വത്തിൽ അദിതി കൃഷ്ണദാസ് ഒരുക്കിയ 'കണ്ടിട്ടുണ്ട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സുരേഷിന്റെ അച്ഛൻ കൂടിയായ പാഴുമടത്തിൽ നാരായണ പണിക്കർ. കേരളത്തിന്റെ നാട്ടുപ്രദേശങ്ങളിൽ പ്രചാരം നേടിയിട്ടുള്ള കെട്ടുകഥകളിലെ താരങ്ങളായ മാടനെക്കുറിച്ചും മറുതയെക്കുറിച്ചും കുട്ടിച്ചാത്തനെക്കുറിച്ചുമൊക്കെ നാരായണ പണിക്കർ പറയുന്ന കഥകളാണ് 'കണ്ടിട്ടുണ്ട്' എന്ന ആനിമേഷൻ ചിത്രത്തിന്റെ പ്രമേയം. നാരായണ പണിക്കരുടെ പ്രത്യേക ശൈലിയിലുള്ള വിവരണമാണ് ആ ആനിമേഷൻ സിനിമയുടെ ജീവൻ.
അപ്പൂപ്പന്റെ കഥകളെ അധികരിച്ച് ഒരുക്കിയ 'അരണപുരാണം' എന്ന കൊച്ചു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായി അപ്പൂപ്പന്റെ പാട്ടുകൾ പുതിയൊരു സീരീസിലൂടെ പ്രേക്ഷകർക്കു മുൻപിലെത്തിക്കുകയാണ് സുരേഷ് എറിയാട്ടും സംഘവും. അപ്പൂപ്പന്റെ പാട്ടിനും വർത്തമാനത്തിനുമൊക്കെ ഏറെ ആരാധകരുണ്ട്. മികച്ച പ്രതികരണമാണ് ആനിമേറ്റഡ് മ്യൂസിക് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.