ADVERTISEMENT

‘നന്മ നിറഞ്ഞോരമ്മേ...’ 

ആദ്യ മലയാള ശബ്ദ സിനിമയിൽ ഡയലോഗ് മുഴങ്ങുന്നതിനും കാലങ്ങൾക്കു മുൻപേ റോസ പാടിത്തുടങ്ങി. റോസ പാടിയ ഗാനങ്ങൾ ഗ്രാമഫോൺ റിക്കോർഡുകളിലൂടെ കേട്ട്, വർഷങ്ങൾക്കു ശേഷമാണു സിനിമ പിന്നണി ഗാനങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയത്. ഗായിക ‘മിസ് റോസ– എറണാകുളം’ എന്നു രേഖപ്പെടുത്തിയ ഗ്രാമഫോൺ റിക്കോർഡ് പാട്ടുകളിലൂടെ സംഗീത പ്രേമികൾ കേട്ട ഗായികയെക്കുറിച്ചുള്ളതു മങ്ങിയ ഓർമകൾ മാത്രം. 

മലയാള ഗാനചരിത്രത്തിൽ റോസയുടെ പേര് എവിടെ ? റോസ ആരായിരുന്നു ? എന്തായിരുന്നു ? പാട്ടുകളേറെ പാടിയിട്ടും ആ ശബ്ദം തുടർന്നു കേൾക്കാതിരുന്നത് എന്തുകൊണ്ട് ? എത്ര പാട്ടുകൾ അവർ പാടി ? ചോദ്യങ്ങൾ ഒരുപാടു ബാക്കിയാക്കി, നീട്ടിക്കുറുക്കലുകളോടെ ഗ്രാമഫോൺ റിക്കോർഡുകളിലൂടെ ഒഴുകിയെത്തുകയാണ് ഒരു നൂറ്റാണ്ടോളം പിന്നിൽ നിന്നുള്ള ആ സ്ത്രീശബ്ദം– 

rosa-2
റോസയുടെ പാട്ടുകളുള്ള ഗ്രാമഫോൺ റിക്കോർഡുകൾക്കൊപ്പം സുനിൽ ഏലിയാസ് ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് മനോരമ

‘മുരഹരി കേശവ മുകുന്ദാനന്ദ...’

‘തിരുവടിയേതു തുണ...’

‘സത്യവേദത്തൈ...’

‘മാതാ മറിയം പെറ്റ...’ 

LISTEN ON

തമിഴിലും നേരിയ തമിഴ് ചുവയുള്ള മലയാളത്തിലുമായി റോസ പാടിയതെല്ലാം ക്രിസ്തീയ– ഹിന്ദു ഭക്തിഗാനങ്ങൾ. പാട്ടിന് അകമ്പടിയുള്ളത് ഏതാനും സംഗീതോപകരണങ്ങൾ മാത്രം. സാങ്കേതിക സൗകര്യങ്ങൾ കൂട്ടില്ലാത്ത മദ്രാസ്, തിരുച്ചിറപ്പിള്ളി റിക്കോർഡിങ് കാലത്താണു റോസ പാടിയ ഗാനങ്ങളുടെ പിറവി. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്റെ ചിത്രീകരണം 1937ൽ ആയിരുന്നു. അതിനും മുൻപ് 1928 മുതൽ 1932 വരെയുള്ള കാലത്താണു റോസയുടെ ശബ്ദത്തിൽ പാട്ടുകൾ പുറത്തിറങ്ങിയതെന്ന അനുമാനത്തിലാണു സംഗീത ഗവേഷകർ. ഹിസ് മാസ്റ്റേഴ്സ് വോയ്സ് (എച്ച്എംവി), അവരുടെതന്നെ ദ് ട്വിൻ കമ്പനികളുടേതാണു റോസയുടേതായി നിലവിലുള്ള ഗ്രാമഫോൺ റിക്കോർഡുകൾ. അവരുടെ പാട്ടുകൾ രേഖപ്പെടുത്തിയ റിക്കോർഡുകൾ പലരുടെയും പക്കലുണ്ട്, മുപ്പതോളം ഗാനങ്ങളും.  

∙ പാട്ടുകൾ തുറന്നിട്ട അന്വേഷണം 

ആരാണു ‘മിസ് റോസ– എറണാകുളം’ ? റോസയെക്കുറിച്ചുള്ള ഒട്ടേറെ ചോദ്യങ്ങളുമായി വരാപ്പുഴ ഒളനാട് കളത്തിൽ ടീക്ക് ഹൗസിൽ സുനിൽ ഏലിയാസ് അന്വേഷണത്തിലാണ്. റോസയുടെ പാട്ടുകളുള്ള 12 ഗ്രാമഫോൺ റിക്കോർഡുകൾ സുനിലിന്റെ ശേഖരത്തിലുണ്ട്. അതിലുള്ളത് 24 ഗാനങ്ങൾ. അക്കാലത്ത് ഇത്രയും പാട്ടുകൾ പാടിയ, ‘എറണാകുളം’ എന്നു പേരിനൊപ്പം ചേർത്ത റോസ എന്തുകൊണ്ടു വീണ്ടും പാടിയില്ല ? സ്ത്രീകൾ അപൂർവമായി മാത്രം പാടി റിക്കോർഡ് ചെയ്തിരുന്ന കാലത്ത് എങ്ങനെ ഇത്രയും പാട്ടുകൾ അവരുടേതായി പുറത്തിറങ്ങി ? ചോദ്യങ്ങൾ ഒരുപാടായപ്പോഴാണു സുനിൽ അന്വേഷണം വ്യാപിപ്പിച്ചത്. 

rosa-4
സണ്ണി മാത്യു ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് മനോരമ

പാട്ടിന്റെയും കലയുടെയും ചരിത്രം കുടുംബത്തിലുള്ള സുനിലിന്റെ ആദ്യ അന്വേഷണവും അവിടെ നിന്നായിരുന്നു. കേൾവിക്കാർ തലയാട്ടി താളംപിടിച്ച ‘ആനത്തലയോളം വെണ്ണ തരാമെടാ...’ എന്ന ഗാനം പാടിയതു സുനിലിന്റെ മുത്തച്ഛൻ സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും അമ്മ ആലപ്പി പുഷ്‌പവും ചേ‍ർന്നാണ്. ജീവിതനൗക എന്ന സിനിമയിലേതാണു പാട്ട്. ഗ്രാമഫോൺ റിക്കോർഡുകളുടെ വലിയ ശേഖരമുള്ള സുനിൽ, അനുമാനങ്ങളിൽ ഒതുങ്ങാതെ കൃത്യമായ ഉത്തരങ്ങൾക്കായി അന്വേഷണം തുടരുകയാണ്. അതു സുഹൃത്തുക്കളിലേക്കും സംഗീത ഗവേഷകരിലേക്കും സമൂഹമാധ്യമ ഗ്രൂപ്പുകളിലേക്കും എത്തി. ഭാര്യ സുജയും മകൾ സഗീനയും ഉൾപ്പെടെ അതിനു പിന്തുണയുമായുണ്ട്. 

∙ പാട്ടിന്റെ കൈപിടിച്ചു മുന്നോട്ട് 

കോട്ടയം പ്ലാശനാൽ സ്വദേശി സണ്ണി മാത്യുവിൽ നിന്നാണു റോസയിലേക്കുള്ള ആദ്യ വഴി സുനിലിനു തുറന്നുകിട്ടിയത്. ഒരു ലക്ഷത്തിലധികം ഗ്രാമഫോൺ റിക്കോർഡുകളുടെ വിപുലമായ ശേഖരമുള്ള സണ്ണിയാണ് റോസയുടെ പാട്ടുകളുള്ള റിക്കോർഡുകളുടെ പഴക്കത്തെക്കുറിച്ചു ധാരണ നൽകിയത്. കാറ്റലോഗ് നമ്പറും റിക്കോർഡിങ് വേളയിൽ നൽകുന്ന നമ്പറും പരിശോധിച്ചായിരുന്നു അത്. സണ്ണിയുടെ പക്കലും റോസയുടെ ഗാനങ്ങളുണ്ട്. റോസയുടെ പാട്ടുകൾ ഇലക്ട്രിക്കൽ റിക്കോർഡിങ്ങാണു നടത്തിയത്. ഇന്ത്യയിൽ ആ സംവിധാനം ഒരുങ്ങിയത് 1928 മുതലാണ്. അതുവരെ കോളാമ്പിക്കു മുന്നിൽ പാടി റിക്കോർഡ് ചെയ്യുകയായിരുന്നു. 1931ൽ ആകും അവസാനമായി റോസയുടെ പാട്ട് റിക്കോർഡ് ചെയ്തിരിക്കുകയെന്നു സണ്ണി സൂചിപ്പിക്കുന്നു. അതു പുറത്തിറങ്ങിയത് 1932ലും. അതിനു ശേഷമുള്ള പാട്ടുകൾ ലഭ്യമല്ല. 

rosa-3
‘മിസ് റോസ– എറണാകുളം’ എന്നു രേഖപ്പെടുത്തിയ ഗ്രാമഫോൺ റിക്കോർഡ് ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് മനോരമ

മലയാള ഗാനങ്ങൾക്കു വലിയ വിപണിസാധ്യത റിക്കോർഡ് കമ്പനികൾ അന്നു കണ്ടിരുന്നില്ല. മലയാളം സംസാരിക്കുന്ന സ്ഥലങ്ങളിൽ പോലും അന്നു കൂടുതൽ പുറത്തിറക്കിയതു തമിഴ് ഗാനങ്ങളാണ്. ഭക്തിഗാനങ്ങൾക്കു പുറമേ ഹാസ്യ ഗാനങ്ങളും നാടൻപാട്ടുകളും നാടക ഗാനങ്ങളുമായിരുന്നു മറ്റു പാട്ടുകൾ. അക്കാലത്തെ ഗായകർ നാടകത്തിൽ നിന്നും മറ്റുമാണു ഗാനരംഗത്തേക്കു വന്നത്. താളബോധത്തോടൊപ്പം ഉച്ചസ്ഥായിയിൽ പാടാനുള്ള കഴിവും വേണമായിരുന്നു. റോസയുടെ ഗാനങ്ങളിലും അതുണ്ട്. തുറന്നു പാടുന്ന പാട്ടുകളാണ് ഏറെയും. 

മലയാളത്തിൽ ആദ്യമായി ഇത്ര ഗാനങ്ങൾ റിക്കോർഡ് ചെയ്ത ഗായിക റോസയാണ്. ഗായകരിൽ ഈ സ്ഥാനം ഗായകൻ കെ. ഗുൽമുഹമ്മദിനാണ്. 1925 മുതൽ അദ്ദേഹത്തിന്റെ റിക്കോർഡുകൾ ഇറങ്ങിയിട്ടുണ്ട്. ആദ്യ പോപ്പുലർ ഗായികയായി അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ശിഷ്യയും പിന്നീടു ഭാര്യയുമായ കെ.സാറാബായ് ആണ്. പക്ഷേ, അവർ കൂടുതലും പാടിയതു ഗുൽമുഹമ്മദിന്റെ കൂടെയാണ്. അതുകൊണ്ടു മലയാളത്തിലെ ആദ്യ പോപ്പുലർ ഗായിക റോസയായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ലെന്നു സണ്ണി സൂചിപ്പിക്കുന്നു. മുൻകാലത്തെ സംഗീതം, ആലാപന രീതികൾ, ശൈലി തുടങ്ങിയവ അറിയാൻ സിനിമ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ളവർ റോസയുടെ ഗാനങ്ങൾ തേടി ഇപ്പോഴുമെത്തുന്നുണ്ട്. 

∙ അജ്ഞാത ഗായികേ അരികിൽ വരൂ... 

പല ക്രിസ്ത്യൻ കുടുംബങ്ങളിലും മുൻപു വണക്കമാസ കാലത്തു ഗ്രാമഫോൺ പാട്ടുകൾ കേൾപ്പിക്കുമായിരുന്നു. അത്തരം വീടുകളിൽ ആർട്ടിസ്റ്റ് പി.ജെ.ചെറിയാൻ, റോസ എന്നിവരുടേത് ഉൾപ്പെടെ റിക്കോർഡ് ഗാനങ്ങളും ഉണ്ടായിരുന്നു. റോസയിലേക്കുള്ള യാത്രയിൽ സണ്ണിയും സുനിലും എത്തിയ വഴികളിലൊന്ന് ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ കുടുംബത്തിലേക്കാണ്. നാടക സംവിധായകൻ, നടൻ, എറണാകുളത്തെ റോയൽ സ്റ്റുഡിയോ സ്ഥാപകൻ, ഫൊട്ടോഗ്രഫർ, ചിത്രകാരൻ, മലയാളിയായ ആദ്യ സിനിമ നിർമാതാവ് എന്നിങ്ങനെ പേരെടുത്ത അതേ പി.ജെ.ചെറിയാൻ. സണ്ണിയുടെ കയ്യിലുള്ള ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ ശബ്ദ ശേഖരത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഡോ. ടോമി പുത്തനങ്ങാടി വഴി ആയിരുന്നു അത്. പി.ജെ.ചെറിയാന്റെ സഹോദരൻ പി.ജെ.ഏബ്രഹാമിന്റെ മകൻ പി.എ.ജോസഫിന്റെ മകനാണു ടോമി. തന്റെ പിതാവ് പി.എ.ജോസഫിന്റെ സഹോദരി റോസയാകാം അതെന്ന് അദ്ദേഹം സണ്ണിയോടു സൂചിപ്പിച്ചിരുന്നു. ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. ടോമിയും കുടുംബം ഒരുക്കിയ നാടകങ്ങളിൽ സജീവമായിരുന്നു.

റോസയുടെ പേരിൽ പാട്ടുകൾ പുറത്തിറങ്ങിയ കാലത്ത്, മലയാള നാടക മേഖലയിൽ നിന്നു മദ്രാസിൽ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണു പി.ജെ.ചെറിയാൻ. അദ്ദേഹത്തിന്റെ സഹോദരിമാരിൽ ഒരാളുടെ പേര് റോസക്കുട്ടിയെന്നാണ്. ഗ്രാമഫോൺ റിക്കോർഡിങ് മദ്രാസിൽ നടന്ന കാലത്ത് കേരളത്തെയും മദ്രാസിനെയും കോർത്തിണക്കുന്ന, കലാരംഗത്തെ പ്രമുഖരുടെ പിന്തുണയില്ലാതെ ഒരു മലയാളി വനിതയ്ക്കു തുടർച്ചയായി പാടാനാകുമോ എന്നതു സുനിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

‘റോയൽ സിനിമ ആൻഡ് ഡ്രമാറ്റിക് കമ്പനി’ എന്ന നാടകസംഘത്തിന്റെ പ്രവർത്തനവുമായി പി.ജെ.ചെറിയാനും സഹോദര പുത്രൻ പി.എ.ജോസഫുമെല്ലാം മുന്നോട്ടുപോയത് 1929ൽ ആയിരുന്നു. ഈ നാടകസംഘത്തിന്റെ പ്രവർത്തനങ്ങൾക്കിടെ ചെറിയാൻ അടിയന്തരമായി നാട്ടിൽ നിന്നു മദ്രാസിൽ പോയിരുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ കലാജീവിത’ത്തിൽ പറയുന്നു. സഹോദരി റോസക്കുട്ടി അസുഖബാധിതയായി മദ്രാസിൽ ചികിത്സയിലായിരുന്നു. തുടർന്നു സഹോദരിയുടെ വിയോഗവും ഉണ്ടായി. 

റോസ, റോസക്കുട്ടി ഇതിൽ ആരെങ്കിലുമാണോ ഗായിക റോസ എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണു സുനിൽ ഉത്തരം തേടുന്നത്. ഇതൊന്നുമല്ലാതെ മറ്റൊരു റോസയാണോ ? ഈ ചോദ്യങ്ങൾക്കു കിട്ടുന്ന ഉത്തരങ്ങൾ ചരിത്രമാണ്– ‘മിസ് റോസ– എറണാകുളം’ എന്ന പേര് മലയാള ഗാനമേഖലയിലേക്കു പാട്ടിൽ ചാലിച്ചെഴുതുന്ന സുവർണ ചരിത്രം.

English Summary:

Musical journey of singer Rosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com