ADVERTISEMENT

തന്റെ സംഗീതജീവിതത്തിൽ പിതാവ് നൽകുന്ന പിന്തുണയെക്കുറിച്ചു വാചാലയായി എ.ആർ.റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ. ആദ്യ സംഗീതസംവിധാന സംരംഭമായ ‘മിൻമിനി’ എന്ന ചിത്രത്തെക്കുറിച്ചു സംസാരിക്കവെയാണ് റഹ്മാനെക്കുറിച്ച് ഖദീജ മനസ്സു തുറന്നത്. ചിത്രത്തിൽ താൻ ഈണമൊരുക്കിയ ഗാനം ആദ്യം കേൾപ്പിച്ചത് പിതാവിനെയാണെന്നും അപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും ഖദീജ വെളിപ്പെടുത്തി. സ്വന്തം ശബ്ദം കണ്ടെത്താൻ ശ്രമിക്കണമെന്നും താൻ എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ഖദീജ കൂട്ടിച്ചേർത്തു. 

‘അപ്പ എന്നെക്കുറിച്ചു പറയുന്നതിനു മുൻപ് ഞാൻ സ്വയം ആരാണെന്നു തെളിയിക്കുന്നതാണ് നല്ലതെന്നു തോന്നി. അല്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. ട്രോളന്മാരെ പോറ്റാൻ താൽപര്യമില്ല. വിമർശനങ്ങളിൽ നിന്നോ താരതമ്യ ചർച്ചകളിൽ നിന്നോ എനിക്കു രക്ഷപെടാൻ സാധിക്കില്ല. എന്നാൽ, ഞാൻ എന്റെ വ്യക്തിത്വം തെളിയിക്കാൻ ആഗ്രഹിക്കുന്നു. സംഗീതസംവിധാനം നിർവഹിക്കാൻ ലഭിച്ച ഈ അവസരത്തെ നിസ്സാരമായിട്ടല്ല ഞാൻ കാണുന്നത്. ജോലി പൂർത്തിയാക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. സമൂഹമാധ്യമങ്ങളിലൂടെ എന്നെ അധിക്ഷേപിക്കുന്നതിനു പകരം ആളുകൾ മിൻമിനിയെക്കുറിച്ചു ക്രിയാത്മകമായ അഭിപ്രായം പറഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു’, ഖദീജ റഹ്മാൻ പറഞ്ഞു. 

2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ഗാനത്തിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടിയിരുന്നു. പിന്നാലെയാണ് ‘മിൻമിനി’യിലൂടെ സംഗീതസംവിധാനത്തിലും ഖദീജ ഹരിശ്രീ കുറിച്ചത്. ചിത്രത്തിന്റെ സംവിധായിക ഹലിത ഷമീം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രം വൈറലായിരുന്നു. 

English Summary:

Khatija Rahman opens up about father AR Rahman and debut movie Minmini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com