ADVERTISEMENT

മലയാള സിനിമാസംഗീതത്തിന് ലളിതവും മനോഹരവുമായ ഗാനങ്ങൾ സമ്മാനിച്ച എം.ജി.രാധാകൃഷ്ണന്റെ 84ാം ജന്മവാർഷികമാണിന്ന്. ആവർത്തിച്ചു കേൾക്കാൻ തോന്നിപ്പിക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച എം.ജി.രാധാകൃഷ്ണൻ, എഴുപതാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് 2010 ജൂലൈ 2ന് ഈ ലോകത്തോടു വിട പറഞ്ഞത്. അവസാന കാലത്ത് കരൾ സംബന്ധമായ അസുഖങ്ങളും മറ്റും കൊണ്ട് അദ്ദേഹം ഏറെ കഷ്ട്ടപ്പെട്ടിരുന്നു. മരിക്കുന്നതിന്റെ തലേ വർഷം മുതൽ ആശുപത്രിയും വീടും മാത്രമായിരുന്നു എം.ജി.രാധാകൃഷ്ണന്റെ ജീവിതം.

1940 ജൂലൈ 29ന് പ്രശസ്ത ഹാർമോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഗായികയും സംഗീതാധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി ജനിച്ച എം.ജി.രാധാകൃഷ്ണൻ ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. തിരുവനന്തപുരം സ്വാതി തിരുന്നാൾ അക്കാദമിയിൽ നിന്ന് സംഗീത പഠനം പൂർത്തിയാക്കിയ എം ജി രാധാകൃഷ്ണൻ, 1962ൽ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹം ജി. അരവിന്ദന്റെ തമ്പിലൂടെയാണ് സിനിമാ സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 

ലളിത സംഗീതത്തിന്റെ ചേരുവകൾ സിനിമാ സംഗീതത്തിലും പ്രയോഗിച്ച അദ്ദേഹം തുടർന്ന് നിരവധി ചിത്രങ്ങൾക്കു വേണ്ടി സംഗീതം പകർന്നു. സർവകലാശാല, ഞാൻ ഏകനാണ്, അച്ഛനെയാണെനിക്കിഷ്ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദ്വൈതം, മിഥുനം, അഗ്നിദേവൻ, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികൾ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോൾ, അനന്തഭദ്രം തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പാട്ടുകൾ ചെയ്തിട്ടുള്ള അദ്ദേഹത്തെ തേടി കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം രണ്ടു തവണയെത്തിയിട്ടുണ്ട്. 

നാഥാ നീ വരും, ഓ മൃദുലേ, എത്ര പൂക്കാലം, ഒരു ദലം മാത്രം, പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന, പഴം തമിഴ് പാട്ടിഴയും, പാടുവാൻ ഓർമകളിൽ, അല്ലിമലർക്കാവിൽ, നീലക്കുയിലേ ചൊല്ലൂ, അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ, സൂര്യ കിരീടം വീണുടഞ്ഞു, വന്ദേമുകുന്ദ ഹരേ തുടങ്ങി ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഇടമുള്ള നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു. ചലച്ചിത്ര ഗാനരംഗത്തിനും ലളിത സംഗീത രംഗത്തിനും നിരവധി സംഭാവനകൾ നൽകിയ എംജി രാധാകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞപ്പോൾ കേരളത്തിന്റെ സംഗീതലോകത്തിന് അത് തീരാനഷ്ടം തന്നെയായിരുന്നു.

English Summary:

Remembering M. G. Radhakrishnan on his 84th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com