പ്രിയപ്പെട്ട കുട്ടിച്ചാത്തന്, ഒരു സ്വപ്നം പോലെയാണ് നിന്നെയന്ന് കണ്ടുതീർത്തത്; മാഞ്ഞുപോകല്ലെയെന്നു പ്രാർഥിച്ചു, പക്ഷേ...
Mail This Article
മൈ ഡിയർ കുട്ടിച്ചാത്തനെ കാണാൻ വല്യേട്ടന്റെ കൈപിടിച്ച് സിനിമാകൊട്ടകയിൽ പോയകാലം ഇന്നലെയെന്നപോലെ ഓർമയിലുണ്ട്. കുഞ്ഞുവെള്ളമുണ്ടുടുത്ത് കഴുത്തിലൊരു കറുത്ത ചരടുമായി കുട്ടികൾക്കിടയിൽ കളിച്ചു മറിയുന്ന ചെക്കനെ ചൂണ്ടി ഇതാണു കുട്ടിച്ചാത്തനെന്നു വല്യേട്ടൻ പറഞ്ഞപ്പോൾ എനിക്കു തീരെ വിശ്വാസമായില്ല. വീട്ടിലെ നന്ദിനിപ്പയ്യിന്റെ വാലിൽ തൂങ്ങിനടക്കുന്ന കറവക്കാരൻ ചെക്കനെ പോലൊരു കോലം. ഞാൻ കേട്ട കഥകളിലെ ചാത്തന്മാരെ പോലെ തലയിൽ കൊമ്പുമില്ല, കോന്ത്രമ്പല്ലുമില്ല, കയ്യിൽ മാന്ത്രികവടിയും കുന്തവും മറ്റൊന്നുമില്ല.
എന്നിട്ടും വാശിപിടിക്കാതെ, കരഞ്ഞൊച്ചവയ്‌ക്കാതെ നല്ല കുട്ടിയായ് തന്നെയിരുന്നു പടം മുഴുവൻ കണ്ടു തീർത്തു. ദുർമന്ത്രവാദിയുടെ മുന്നിൽ ചാത്തൻ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങൾ കണ്ടു കുലുങ്ങിച്ചിരിച്ചപ്പോൾ ഒരുകാര്യം മനസ്സിലായി, പേടിപ്പിക്കാൻ എന്തിനൊരു പേക്കോലം. എന്തെന്തു ജാലവിദ്യകളാണ് ഈ കുട്ടിച്ചാത്തന്റെ കയ്യിൽ. കുട്ടിച്ചാത്തൻ തലകീഴ്‌മേൽ അഭ്യാസം കാട്ടി നടക്കുന്നതും കുഞ്ഞുകാൽപാടുകൾകൊണ്ടു കുമ്മായച്ചുമരിൽ ചിത്രം വരയുന്നതും കണ്ടു. പച്ചത്തളിർമാങ്കൊമ്പുകളിൽ നിന്നു വല്യപ്പൻതാടികൾ പറന്നുപൊങ്ങുന്നതു കണ്ടു. വെള്ളപ്പഞ്ഞിക്കെട്ടിനെയൊരു വെളുത്ത പൂച്ചക്കുട്ടിയാക്കുന്നതു കണ്ടു. മുത്തുകൊരുത്ത മാലകൾ മുല്ലവള്ളികളായ് പടർന്നുകയറുന്നതും മുല്ലപ്പൂമൊട്ടുകളിൽ നിന്നു ചെന്താമരച്ചേലുള്ള മൂവന്തികൾ ഇതളൂർന്നുവീഴുന്നതും കണ്ടു. കൊട്ടകയുടെ ഇരുട്ടിൽ ത്രിഡി കണ്ണടയും വച്ചു വായുംപൊളിച്ചിരുന്നു കണ്ടുതീർത്തു ആ ചിത്രം; ഒരു സ്വപ്നം പോലെ. ആ നേരമത്രയും ജീവിതത്തിലെ ആദ്യത്തെ ത്രിഡി സ്വപ്നത്തിലേക്ക് എന്റെ കണ്ണുകൾ വിടരുകയായിരുന്നു. ആ സിനിമ തീരല്ലേയെന്നും ആ സ്വപ്നം മായല്ലേയെന്നും ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. എന്നിട്ടും രണ്ടര മണിക്കൂറിനു ശേഷം എൻഡ് ടൈറ്റിൽ എഴുതിക്കാണിച്ച് ആ ചിത്രം അവസാനിച്ചു. എന്റെ കണ്ണടച്ചില്ലിൽനിന്ന് ആ ത്രിഡി സ്വപ്നം മാഞ്ഞുപോയപ്പോൾ എന്തൊരു വിഷമമായിരുന്നെന്ന് ഇന്നും ഓർമിക്കുന്നു.
പടം കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവരും കണ്ണടയൂരി തിരികെ നൽകി. പക്ഷേ ആ മാന്ത്രികകണ്ണട മടക്കിനൽകാൻ ഞാൻ ഒരുക്കമായിരുന്നില്ല. എനിക്കറിയാമായിരുന്നു, ആ കണ്ണട കൊണ്ടു നോക്കിയാലെ രാത്രിയുറക്കത്തിൽ എനിക്കു ത്രിഡി സ്വപ്നം കാണാനൊക്കൂ. അതെനിക്കു വീട്ടിൽ കൊണ്ടുപോകണമെന്നു പറഞ്ഞു ഞാൻ വാശിപിടിച്ചു. ഞാൻ നിലവിളിക്കുന്നതു കണ്ടു സഹികെട്ടിട്ടാകണം കൊട്ടകയുടെ നടത്തിപ്പുകാരൻ എനിക്കെന്റെ കണ്ണട മടക്കിതന്നു... അന്നു മുതൽ കണ്ട സ്വപ്നങ്ങൾക്കു കൂട്ടായി പിന്നീടുമെത്രയോ കാലം ആ ത്രിഡി കണ്ണട എന്റെ പാവപ്പെട്ടിയിലുണ്ടായിരുന്നു!
ഗാനം: ആലിപ്പഴം പെറുക്കാൻ
ചിത്രം: മൈ ഡിയർ കുട്ടിച്ചാത്തൻ
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
ആലാപനം: എസ്.ജാനകി, എസ്.പി.ഷൈലജ
ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി
പൂങ്കുരുവീ പൂവാങ്കുരുവീ
പൊന്നോലഞ്ഞാലിക്കുരുവീ
ഈ വഴി വാ...
അപ്പൂപ്പൻ താടിയിലുപ്പിട്ടു നിൽക്കുന്ന ചെപ്പടി വിദ്യ കാണാം
തല കീഴായ് നീന്താം തല കീഴായ് നീന്താം
അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന തെമ്മാടിവേല കാണാം
കുടമാറ്റം കാണാം പലകൂട്ടം കൂടാം
കരിമാറാലയിൽ കളിയൂഞ്ഞാലിടാം
കയ്യോടു കൈകോർത്തു കൂത്താടാം
കെട്ടിലും കാട്ടിലും മച്ചിലും തച്ചിലും
കെട്ടിപ്പിടിച്ചു പാടാം തുടിതാളം കൂടാം
വണ്ടു പറക്കുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം
ചുവരിന്മേൽ ഓടാം പോയ്‌കോലം തുള്ളാം
വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ്
തമ്മിൽ തരം പോലെ ചാഞ്ചാടാം