ADVERTISEMENT

ആരാധകർക്കിടയിൽ തരംഗമായി എൻടിആർ ചിത്രം ദേവരയിലെ ഡാൻസ് നമ്പർ. 'ദാവൂദി' എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ഗാനം ട്രെൻഡിങ്ങിൽ മുന്നിലുണ്ട്. പുറത്തിറങ്ങി ആദ്യ 24 മണിക്കൂർ പിന്നിടും മുൻപെ ഒരു കോടിയിലധികം പ്രേക്ഷകരെയാണ് ഗാനം സ്വന്തമാക്കിയത്. 

എൻടിആറിന്റെയും ജാൻവി കപൂറിന്റെയും പവർ പാക്ക്ഡ് ഡാൻസ് തന്നെയാണ് പാട്ടിന്റെ ഊർജ്ജം. ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന്റെ വിജയത്തിനു ശേഷം, എൻടിആറിന്റെ സിഗ്നേച്ചർ സ്റ്റെപ്പുമായാണ് ദേവരയിലെ ഗാനമെത്തുന്നത്. എൻടിആറിനൊപ്പം ഗംഭീര പ്രകടനമാണ് ജാൻവി കപൂറും കാഴ്ച വച്ചിരിക്കുന്നത്.   

അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനം നകാഷ് അസീസും ആകാശയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തെലുങ്കു വരികൾ ഒരുക്കിയത് രാമജോഗയ്യ ശാസ്ത്രിയാണ്. തമിഴ്, തെലുങ്കു, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ ട്രാക്ക് ഇറങ്ങിയിട്ടുണ്ട്. എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 

ഒരു കാലത്ത് നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്ന താരമാണ് എൻടിആർ. എന്നാൽ രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയം എൻടിആറിനെ ഒരു ഗ്ലോബൽ താരമാക്കി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആ പ്രതീക്ഷകൾക്കൊത്തു ഉയരുന്ന ചിത്രമായിരിക്കും ദേവരയെന്നാണ് സൂചന. ഇതുവരെ ഇറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റാണ്. എൻടിആറിന്റെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജാൻവി കപൂറും ലക്ഷ്യം വയ്ക്കുന്നത് കരിയറിലെ വലിയൊരു വിജയമാണ്. 

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സെപ്റ്റംബര്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. 

English Summary:

Check out the highly anticipated 'Daavudi' video song from the upcoming movie Devara, starring NTR and Janhvi Kapoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com