ഗായകൻ മരിച്ചിട്ട് 13 വർഷം, രജനിയും മഞ്ജുവും ആറാടിയ പാട്ടിൽ ‘എഐ സ്വരം’; കണ്ണീരണിഞ്ഞ് പ്രതികരണം
Mail This Article
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ 'മനസ്സിലായോ' എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ കണ്ണു നിറയുന്ന ഒരാളുണ്ട്. ഗായകൻ മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ. 27 വർഷങ്ങൾക്കു മുൻപാണ് രജനികാന്തിനുവേണ്ടി മലേഷ്യ വാസുദേവൻ അവസാനമായി പാടിയത്. മരിച്ച് 13 വർഷങ്ങൾക്കിപ്പുറം ആ ശബ്ദം അനിരുദ്ധ് രവിചന്ദർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചപ്പോൾ അതൊരു വൈകാരിക നിമിഷമായെന്ന് യുഗേന്ദ്രൻ പറയുന്നു.
'സന്തോഷ നിമിഷം എന്നു പറയുന്നതിനേക്കാൾ വൈകാരിക നിമിഷം എന്നു വിളിക്കുന്നതാകും ശരി,' എന്നായിരുന്നു ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുഗേന്ദ്രൻ വേട്ടയ്യനിലെ പാട്ടിനെക്കുറിച്ച് പറഞ്ഞത്. "ടീസറിൽ അപ്പയുടെ ശബ്ദം കേട്ട ഉടനെ അമ്മ ഇമോഷനൽ ആയി. കണ്ണു നിറഞ്ഞു. അപ്പയുടെ നിറയെ ഓർമകൾ അവരുടെ ഉള്ളിലുണ്ടല്ലോ. കണ്ണടച്ചു കേൾക്കുമ്പോൾ അപ്പ മുൻപിൽ വന്നു നിൽക്കുന്ന പോലെ തോന്നും. അത്തരമൊരു ഫീലിൽ നിന്ന് ഇതുവരെയും പുറത്തു വന്നിട്ടില്ല," യുഗേന്ദ്രൻ പറയുന്നു.
"കുറച്ചു മാസങ്ങൾക്കു മുൻപ് വരെ എനിക്ക് ഈ സാധ്യതകളെക്കുറിച്ച് അറിയില്ലായിരുന്നു. അനിരുദ്ധിന്റെ ടീമിൽ നിന്നു വിളിച്ചപ്പോൾ ഞാൻ കരുതി എന്തോ റിമിക്സ് ചെയ്യാൻ വേണ്ടിയാകുമെന്ന്. പിന്നീടാണ്, ഇതൊരു ഫ്രഷ് ട്രാക്കാണെന്ന് മനസ്സിലായത്. രജനി സാറാണ് അനിരുദ്ധിനോട് അപ്പയുടെ ശബ്ദം ഉപയോഗിച്ചാലോ എന്നു ചോദിച്ചത്. ആ ശബ്ദം പുനഃസൃഷ്ടിക്കാൻ കഴിയുമോ എന്നു ചോദിച്ചു. ഈ പാട്ടിറങ്ങിയപ്പോൾ എനിക്ക് രജനി സാറുടെ വോയ്സ് നോട്ട് വന്നു. 'യുഗേന്ദ്രൻ, ഇത് രജനിയാണ്' എന്നു തുടങ്ങുന്ന ഒരു വോയ്സ് നോട്ട് എനിക്ക് അനിരുദ്ധ് അയച്ചു തന്നു. ഞങ്ങളുടെ കുടുംബത്തിന് നന്ദി പറഞ്ഞുള്ള ശബ്ദസന്ദേശമായിരുന്നു അത്. നേരിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഞാൻ പറഞ്ഞത്, ഇതെനിക്ക് വൈകാരിക നിമിഷമാണെന്ന്," യുഗേന്ദ്രൻ കൂട്ടിച്ചേർത്തു.
യുട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അരക്കോടി പ്രേക്ഷകരെയാണ് ഗാനം നേടിയത്. മലേഷ്യ വാസുദേവിനൊപ്പം യുഗേന്ദ്രനും അനിരുദ്ധും ദീപ്തി സുരേഷും ഗാനത്തിന്റെ ആലാപനത്തിൽ പങ്കാളികളായി. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് ഗാനത്തിന് വരികളൊരുക്കിയത്. ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതുണ്ട് വേട്ടയ്യനിലെ 'മനസ്സിലായോ' ഗാനം.