ഈ പാട്ടില്ലാതെ മലയാളികൾക്ക് എന്ത് ഓണം! ഷാൻ റഹ്മാന്റെ ഓണാശംസയ്ക്ക് ആരാധകന്റെ കമന്റ്
Mail This Article
ഓണക്കാലം ആയതോടെ ഓണം റീലുകളും വിഡിയോകളും സമൂഹമാധ്യമങ്ങൾ തരംഗം തീർക്കുകയാണ്. ഒപ്പം ഓണപ്പാട്ടുകളും! വിഡിയോകളിൽ മലയാളികൾ ആവർത്തിച്ച് ഉപയോഗിക്കുന്ന ഓണപ്പാട്ടുകളിൽ മുന്നിലുണ്ട് ഷാൻ റഹ്മാൻ ഈണം പകർന്ന 'തിരുവാവണിരാവ്' എന്ന ഗാനം. ജേക്കബിന്റെ സ്വർഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്കായി ഷാൻ റഹ്മാൻ ഈണമിട്ട ഈ ഗാനം സമൂഹമാധ്യമങ്ങൾ സജീവമായ ഓണക്കാലം മുതൽ മലയാളികളുടെ പ്രിയപ്പെട്ട ഈണമാണ്.
ഈ ഓണക്കാലത്ത് 'അടിച്ചു കേറി വാ' എന്ന ആഹ്വാനവുമായാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ആരാധകർക്ക് ഓണാശംസകൾ നേർന്നത്. ഷാനിന്റെ ഓണാശംസകൾക്ക് ആരാധകർ കുറിച്ച മറുപടികളിൽ അധികവും തിരുവാവണിരാവ് എന്ന ഗാനത്തെ കുറിച്ചായിരുന്നു.
അന്നും ഇന്നും ഈ ഗാനത്തിന് നൂറിൽ നൂറ് എന്നാണ് ഒരു ആരാധകൻ കുറിച്ചത്. 'അങ്ങയുടെ ആ മാന്ത്രിക വിരലുകളാലെ പിറവിയെടുത്ത ഈ ഗാനം എക്കാലവും മലയാളിയുടെ ചുണ്ടുകളിൽ തത്തിക്കളിക്കും' എന്ന് മറ്റൊരാൾ പറയുന്നു. ഈ പാട്ടില്ലാതെ മലയാളികൾക്ക് എന്ത് ഓണം എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് ഇവിടെ തന്നെയുണ്ടാകുമെന്ന് ആരാധകർ പറയുന്നു.
2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്കു വേണ്ടി ഷാൻ ഈണമിട്ട ഗാനം ഉണ്ണി മേനോനും സിത്താരയും ചേർന്നാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഇറങ്ങിയ സമയത്തും ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയിട്ട് എട്ട് വർഷം ആയെങ്കിലും അഞ്ചു വർഷം മുൻപാണ് ഈ പാട്ട് വൈറലായത്.