ഈ പാട്ടിന് മറ്റൊരു ശബ്ദം ചിന്തിക്കാനാവില്ലെന്ന് പ്രേക്ഷകർ; കയ്യടികൾ പുരസ്കാരം പോലെയെന്ന് വിജയലക്ഷ്മി
Mail This Article
എആർഎമ്മിന്റെ ക്ലൈമാക്സ് രംഗത്തെ മറ്റൊരു തലത്തിലേക്കെത്തിച്ച ഹിറ്റ് പാട്ട് ‘അങ്ങ് വാന കോണില്’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വരഭംഗി നിറഞ്ഞ ഗാനത്തിന് ആരാധകർ ഏറെയുണ്ട്. റീലുകളിൽ ട്രെൻഡിങ്ങായി മാറിയ ആ ഈണം മൂളാത്ത മലയാളികൾ ചുരുക്കം!
എആർഎം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി. ‘അങ്ങ് വാന കോണില്’ എന്ന ഈണം തന്റെ ഗായത്രി വീണയിൽ മീട്ടി ഗായിക സന്തോഷം പങ്കിട്ടു. പാട്ട് വൈറലായതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രേക്ഷകരുടെ കയ്യടികൾ തനിക്കുള്ള പുരസ്കാരങ്ങളായി കാണുന്നുവെന്നും വിജയലക്ഷ്മി പ്രതികരിക്കുന്നു.
പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ കോടിക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിയ ഗാനമാണ് ‘അങ്ങ് വാന കോണില്’. പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിലുണ്ട്. ഈ പാട്ടിനു വൈക്കം വിജയലക്ഷ്മിയുടേതല്ലാതെ വേറൊരു ശബ്ദം ചിന്തിക്കാൻ പോലും വയ്യെന്നാണ് ആസ്വാദകപക്ഷം. മനു മഞ്ജിത് ആണ് പാട്ടിനു വരികൾ കുറിച്ചത്. ദിബു നൈനാൻ തോമസ് ഈണമൊരുക്കി.