അർജുന്റെ ഓർമകൾക്കൊപ്പം എന്റെ പാട്ട്, ഏറെ നൊമ്പരം തോന്നുന്നു: വൈക്കം വിജയലക്ഷ്മി
Mail This Article
ഇൻസ്റ്റഗ്രാം തുറന്നാൽ റീലുകളിൽ നിറയുന്നത് വൈക്കം വിജയലക്ഷ്മിയുടെ മധുരസ്വരമാണ്. എആർഎം എന്ന ചിത്രത്തിലെ ‘അങ്ങ് വാന കോണില്’ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചത് വളരെ വേഗത്തിലായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചതിൽ ആ പാട്ടിന്റെ മാജിക്കൽ പവർ ചെറുതല്ലെന്ന് ആസ്വാദകർ വിലയിരുത്തുന്നു. ട്രെൻഡിങ്ങായി മാറിയ ആ ഈണം മൂളാത്ത മലയാളികൾ ചുരുക്കം! ഇപ്പോഴിതാ എആർഎം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി. പാട്ട് പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷം ഗായിക മനോരമ ഓൺലൈനിനോടു പങ്കുവച്ചത് ഇങ്ങനെ:
‘ഈ പാട്ടിലേക്ക് എന്നെ വിളിക്കുന്നത് സംഗീതസംവിധായകൻ ദിബു ആണ്. ആദ്യം പാട്ടിന്റെ ട്രാക്ക് അയച്ചു തന്നിരുന്നു. ട്രാക്ക് കേട്ടപ്പോൾ തന്നെ നല്ല ഒരു ഫീൽ ഉണ്ടായിരുന്നു. അത് കേട്ടാണ് പഠിച്ചത്. പിന്നീട് സ്റ്റുഡിയോയിൽ എത്തിയപ്പോൾ ആണ് മൂന്ന് ഫീലിൽ ഈ പാട്ട് പാടണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ ഏതാണ്ട് ഒരു മണിക്കൂർ കൊണ്ടാണ് പാട്ട് മൂന്ന് വ്യത്യസ്ത ഫീലിൽ പാടുന്നത്. അതിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം തോന്നുന്നു. 'കാറ്റേ കാറ്റേ' എന്ന പാട്ടിനു ശേഷം ഞാൻ പാടിയതിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു പാട്ടാണിത്. അത് ഏറ്റെടുത്ത പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. പ്രേക്ഷകർ തരുന്ന സപ്പോർട്ട് വളരെ വലുതാണ്. ഏതൊരു അവാർഡിനെക്കാളും വലിയ അവാർഡ് തന്നെയാണ് ഈ പിന്തുണ. അതിനെ ഞാൻ ഒരുപാട് വിലമതിക്കുന്നു. തുടർന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ടെ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിക്കുമ്പോൾ ഈ പാട്ട് പ്ലേ ചെയ്തിരുന്നു എന്നറിഞ്ഞു. അർജുന്റെ കുടുംബത്തോട് എന്തു പറയണം എന്നറിയില്ല. ഏറെ വേദന തോന്നുന്നു. അവരുടെ വിഷമത്തിൽ പങ്കുചേരുകയാണ്.
ഈ പാട്ടുമായി ബന്ധപ്പെട്ട് ഒരുപാട് റീലുകൾ വരുന്നതില്‍ സന്തോഷമുണ്ട്. നടൻ ടോവിനോയുടെ വലിയ ആരാധികയാണ് ഞാൻ. ടോവിനോയുടെ ചിത്രത്തിൽ ഒരു പാട്ടുപാടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ടോവിനോയെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ സമയത്ത് അതൊന്നും നടന്നില്ല. ഇനി അതിനൊരു അവസരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്’, വിജയലക്ഷ്മി പറഞ്ഞു.