പാട്ടുതിര അലയടിക്കും, കോഴിക്കോടൻ തീരത്ത്; ഹോർത്തൂസിൽ സംഗീതമാമാങ്കം, പാടാൻ പ്രമുഖർ എത്തുന്നു
Mail This Article
മലയാള മനോരമയുടെ കലാസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിൽ പാട്ടിന്റെ അലയൊലി തീർക്കാൻ പ്രമുഖർ എത്തുന്നു. ഹോർത്തൂസിന്റെ ആദ്യ ദിനമായ നവംബർ 1ന് മലബാറിന്റെ, മലയാളത്തിന്റെ പ്രിയ ബാബുക്ക എം.എസ്. ബാബുരാജിനോടുള്ള ആദരസൂചകമായി സംഗീതസന്ധ്യ അരങ്ങേറും. ‘ബാബുരാജ് പാടുന്നു’ എന്ന സംഗീതസന്ധ്യയിൽ ശരത്, ബിജിബാൽ, സ്റ്റീഫൻ ദേവസ്സി, കെ.എസ്.ഹരിശങ്കർ, സൂരജ് സന്തോഷ്, മിഥുൻ ജയരാജ്, ഗായത്രി അശോകൻ, മൃദുല വാരിയർ, ചിത്ര അരുൺ, ശരൺ അപ്പു, വിനോദ് കോവൂർ എന്നിവർ പാടും. വെള്ളി വൈകിട്ട് 7.30ന് ആണ് സംഗീതപരിപാടി ആരംഭിക്കുക.
ഹോർത്തൂസിന്റെ രണ്ടാം ദിനമായ നവംബർ 2ന് മലയാളത്തിലെ ഇതിഹാസ കഥാകാരന്മാർക്കുള്ള ആദരമായാണ് സംഗീതസന്ധ്യ നടത്തപ്പെടുക. ‘കഥകൾ പറയും പാട്ടുകൾ’ എന്ന സെഷനിൽ രമേഷ് പിഷാരടി, വിധു പ്രതാപ്, സുദീപ് കുമാർ, ശ്രീരാഗ് ഭരതൻ, ജ്യോത്സ്ന രാധാകൃഷ്ണൻ, രാജലക്ഷ്മി, നിത്യ മാമ്മൻ എന്നിവർ പങ്കെടുക്കും. ശനി വൈകിട്ട് 7.30ന് പരിപാടിക്കു തുടക്കമാകും.
ഹോർത്തൂസിന്റെ അവസാന ദിനത്തിൽ ‘ഹരിഹരം’ എന്ന പേരിലാണ് പാട്ടുനേരം. സംഗീതജ്ഞൻ ഹരിഹരന്റെ 50 വർഷം നീണ്ട സംഗീതയാത്രയ്ക്കുള്ള ആദരമായാണ് ഈ പാട്ടുസന്ധ്യ സംഘടിപ്പിക്കപ്പെടുന്നത്. ഹരിഹരൻ നയിക്കുന്ന സംഗീതപരിപാടിയിൽ സ്റ്റീഫൻ ദേവസ്സി, അക്ഷയ് ഹരിഹരൻ, ശ്യാം പ്രസാദ്, രേഷ്മ രാഗവേന്ദ്ര എന്നിവർ ഗാനങ്ങൾ ആലപിക്കും. വർഷ രമേഷും സംഘത്തിനൊപ്പം ചേരും. വൈകിട്ട് 7.30നാണ് പരിപാടി. ഹോർത്തൂസ് പ്രീമിയം മെംബർഷിപ്പ് ഉള്ളവർക്ക് സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യാൻ സാധിക്കും. ആകെ 500 സീറ്റുകളാണ് ഉള്ളത്. സന്ദർശിക്കുക: https://manoramahortus.com/events/category/musical-event/list/
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.