നാടൻപാട്ട് പരിശീലകനായി സിനിമ പിന്നണി ഗായകൻ മോഹനൻ ചിറ്റൂർ
Mail This Article
സിനിമാ പിന്നണിഗായകൻ മോഹനൻ ചിറ്റൂർ മലപ്പുറം ജില്ലയിലെത്തിയതു വിദ്യാർഥികളെ കലോത്സവത്തിന് ഒരുക്കാനായാണ്. ചെറിയമുണ്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളെയാണു മോഹനൻ നാടൻപാട്ടു പരിശീലിപ്പിക്കുന്നത്. നാടകപ്രവർത്തകനായ കോട്ടയ്ക്കൽ മുരളി വഴിയാണു മോഹനൻ സ്കൂളിലെത്തിയത്. 3 ദിവസത്തെ പരിശീലനമാണു വിദ്യാർഥികൾക്കു നൽകുന്നത്.
എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത "സ്വർഗം തുറക്കുന്ന സമയം" എന്ന സിനിമയിൽ വയലാർ ശരത്ചന്ദ്രവർമ എഴുതി രമേശ് നാരായണൻ ഈണമിട്ട പാട്ട് മോഹനൻ പാടിയിട്ടുണ്ട്. ലളിതാസുബ്രഹ്മണ്യൻ സംവിധാനം ചെയ്ത "ചാൾസ് എന്റർപ്രൈസസ്" എന്ന സിനിമയിലും ഗാനമാലപിച്ചു. 3 സിനിമകൾ പുറത്തിറങ്ങാനുണ്ട്.
പാലക്കാട് ചെമ്പൈ സ്മാരക സംഗീതകോളജിൽ നിന്നു ഗാനഭൂഷണം പാസായ മോഹനൻ ശാസ്ത്രീയസംഗീതത്തിൽ എന്ന പോലെ നാടൻപാട്ട്, തുയിലുണർത്തുപാട്ട്, പുള്ളുവൻപാട്ട് തുടങ്ങിയ കലകളിലും മികവുതെളിയിച്ചിട്ടുണ്ട്. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലും മറ്റു പതിവായി പങ്കെടുത്തുവരുന്നു. "ഗ്രാമച്ചന്തം", "തളിര് " തുടങ്ങിയ കൂട്ടായ്മകൾക്കൊപ്പം മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു നാടൻപാട്ട് അവതരിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയിൽ പുള്ളുവൻപാട്ട് കലാകാരനാണ്. നാടൻപാട്ടിലെ "നാട്ടുപുറാട്ട്" എന്ന വിഭാഗത്തെ ശാസ്ത്രീയരാഗങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനും മുന്നിൽനിന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിലും അംഗമായിട്ടുണ്ട് മോഹനൻ.