‘മലയാളത്തിലേക്ക് എന്നെ വിളിക്കാൻ പലർക്കും പേടി, ആ ഒറ്റക്കാരണത്താലാണ് അവിടേക്കു വരാത്തത്’
Mail This Article
കേരളത്തിൽ എല്ലാ വീട്ടിലും ഓരോ സംഗീതസംവിധായകാരുണ്ടെന്ന് ഇസൈജ്ഞാനി ഇളയരാജ. സത്യത്തിൽ ഓരോ വീട്ടിലും ഒരാളല്ല, എത്ര പേരുണ്ടോ അത്രയും പേർ സംഗീതസംവിധായകരാണെന്ന് ഇളയരാജ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന സംഗീതസംവിധായകരോടു തനിക്ക് പ്രത്യേക സന്ദേശമൊന്നും നൽകാനില്ലെന്നും അവർ സ്വന്തം വഴികൾ കണ്ടെത്തിയെന്നും ഇളയരാജ പ്രതികരിച്ചു.
‘കേരളത്തിൽ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് എന്നെ വിളിക്കാൻ പലർക്കും പേടിയാണ്. അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാൻ വരാത്തത്. അവർ ഇപ്പോൾ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ ഞാൻ എന്തിനാണ് അവർക്കു സംഗീതത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്. അവർ തന്നെ അവരുടെ വഴി കണ്ടെത്തിക്കഴിഞ്ഞു. അവരതിൽ മുന്നോട്ടു പോവുകയും ചെയ്യുന്നു. ഇനി അവർ മികവ് തെളിയിക്കട്ടെ’, ഇളയരാജ പറഞ്ഞു.
എക്സ്പോ സെന്ററിൽ നടക്കുന്ന 43ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് ഇളയരാജ പങ്കെടുത്തത്. വെള്ളി രാത്രി 8.30 മുതൽ 10.30 വരെ ‘മഹാ സംഗീതജ്ഞന്‍റെ യാത്ര - ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പേരിൽ രണ്ട് മണിക്കൂർ നീണ്ട പരിപാടി നടന്നു. അമ്പതാണ്ട് പിന്നിടുന്ന തന്‍റെ സംഗീത സപര്യയെക്കുറിച്ച് അദ്ദേഹം ആസ്വാദകരുമായി സംവദിച്ചു.