‘ഒരുപാട് പാട്ടുകൾക്ക് പുരസ്കാരങ്ങൾ പ്രതീക്ഷിച്ചു, പക്ഷേ കിട്ടിയില്ല; അതിൽ ഇതുവരെ ദുഃഖം തോന്നിയിട്ടുമില്ല’
Mail This Article
പ്രതീക്ഷിച്ച ചില പാട്ടുകൾക്കു പുരസ്കാരങ്ങൾ കിട്ടിയില്ലെന്നും എന്നാൽ അതിൽ ഒരിക്കലും ദുഃഖം തോന്നിയിട്ടില്ലെന്നും തുറന്നു പറഞ്ഞ് ഗായകൻ എം.ജി.ശ്രീകുമാർ. ജനങ്ങളുടെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകർ മനസ്സറിഞ്ഞു കയ്യടിക്കുന്നത് തനിക്ക് വിലമതിക്കാനാകാത്ത അംഗീകാരമാണെന്ന് ഗായകൻ തുറന്നു പറഞ്ഞു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിലാണ് എം.ജി.ശ്രീകുമാർ ഇക്കാര്യങ്ങളെക്കുറിച്ചു മനസ്സു തുറന്നത്.
‘കോടാനുകോടി ആളുകൾ മനസ്സുകൊണ്ടു നൽകിയ പുരസ്കാരം എനിക്കുണ്ട്. അത് മതി. ഞാൻ അതിനാണ് കൂടുതൽ വില കൊടുക്കുന്നത്. പുരസ്കാരങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നെ സ്നേഹിക്കുന്ന, സംഗീതം അറിയാവുന്ന ആളുകൾ മനസ്സുകൊണ്ട് എന്നെ അംഗീകരിച്ചിരിക്കുന്നു. അതാണ് എനിക്കുള്ള ഏറ്റവും വലിയ പുരസ്കാരം. അല്ലാതെ പുരസ്കാരം എന്നൊരു ഫലകം കയ്യിൽ കിട്ടിയതുകൊണ്ടു കാര്യമില്ലല്ലോ. ജനങ്ങളുടെ അംഗീകാരമല്ലേ വലുത്.
സമയമിതപൂർവ സായാഹ്നം എന്ന പാട്ടിന് പുരസ്കാരം ലഭിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. ആ സമയത്തു തന്നെ പാടിയ വേറെയും ഒരുപാട് പാട്ടുകളിലും ഞാൻ പ്രതീക്ഷ വച്ചു. പക്ഷേ കിട്ടിയില്ല. അതിൽ എനിക്കു വലിയ വിഷമവും തോന്നുന്നില്ല. ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് നാദരൂപിണി എന്ന ഗാനത്തിനു പുരസ്കാരം ലഭിച്ചത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ടും ചങ്കേലസ്സും എന്ന പാട്ടിനും ലഭിച്ചത്. പുരസ്കാരങ്ങള്‍ക്കു വേണ്ടിയല്ലല്ലോ പാട്ടുകൾ പാടുന്നത്. കിട്ടുമ്പോൾ കിട്ടട്ടെ. സംതൃപ്തിക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് പാട്ടുകൾ പാടുന്നത്, അല്ലാതെ പുരസ്കാരം ലക്ഷ്യം വച്ചല്ല’, എം.ജി.ശ്രീകുമാർ പറഞ്ഞു.