ADVERTISEMENT

കൊച്ചി∙ എൺപതുകളുടെ അവസാനം കേരളത്തിൽ ഹൈ വാല്യൂ ടൂറിസത്തിനു തുടക്കം കുറിച്ച താജ് ഗ്രൂപ്പ് എട്ടാമത്തെ താജ് ഹോട്ടലിന് കോവിഡ് കാലത്തു തന്നെ തുടക്കമിടുന്നു. തലസ്ഥാന നഗരത്തിൽ താജിന്റെ ഏക ഹോട്ടലുമാകും പുതിയ വിവാന്റ.

എൺപതുകളുടെ അവസാനം സംസ്ഥാന സർക്കാരും താജ് ഗ്രൂപ്പ് ഉടമകളായ ഇന്ത്യൻ ഹോട്ടൽസും തമ്മിലുള്ള കരാർ അനുസരിച്ചാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഉന്നതനിലയിലുള്ള ഹോട്ടലുകൾ വരുന്നത്. ടൂറിസം രംഗത്തെ ആദ്യ പൊതു–സ്വകാര്യ പങ്കാളിത്തം. കുമരകത്തെയും വർക്കലയിലേയും കൊച്ചി മറൈൻ ഡ്രൈവിലേയും ഹോട്ടലുകൾ അങ്ങനെ വന്നതാണ്. സർക്കാർ കൈവശമിലുന്ന സ്ഥലം താജിന് ഹോട്ടലുകൾ ആരംഭിക്കാൻ നൽകുകയായിരുന്നു. പിൽക്കാലത്ത് ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രശസ്തി കേരള ടൂറിസത്തിനു കൈവന്നപ്പോൾ കേരളം ദൈവത്തിന്റെ സ്വന്തം നാടെങ്കിൽ താജ് ആകുന്നു ദൈവത്തിന്റെ ഒഴിവുകാല സങ്കേതം എന്ന രീതിയിലുള്ള പരസ്യവുംവന്നു. (ഇഫ് കേരള ഈസ് ഗോഡ്സ് ഓൺ കൺട്രി, താജ് ഈസ് ഹിസ്‍ ഹോളിഡേ ഡെസ്റ്റിനേഷൻ.)

തലസ്ഥാനത്ത് ഹൈദരാബാദിലെ റെഡ്ഡിഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ താജ് ഗ്രൂപ്പ് അടുത്തകാലം വരെ നടത്തിയിരുന്നു. യൂസഫലി ആ ഹോട്ടൽ വാങ്ങി ഹയാത്ത് ആക്കാൻ പുനുരദ്ധാരണം നടക്കുകയാണ്. താജിന് അങ്ങനെ തിരുവനന്തപുരം നഗരത്തിൽ ഹോട്ടൽ ഇല്ലാതായി. കോവളത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വന്ന താജ് ഗ്രീൻ കോവ് ഹോട്ടലുണ്ടെന്നു മാത്രം.

അബുദാബിയിലെ എസ്എഫ്സി ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ കെ.മുരളീധരന്റെതാണ് പുതിയ ഹോട്ടൽ. മുരളിയ എന്ന പേരിൽ പശുവിൻപാൽ വിപണനത്തിലും ഗ്രൂപ്പ് മുന്നിലാണ്. തലസ്ഥാനത്ത് പാളയം പള്ളിക്കു പിറകിലുള്ള റോഡിലാണ് പുതിയ ഹോട്ടൽ. 108 മുറികളും 2 റസ്റ്ററന്റുകളും 200 പേർക്ക് സൗകര്യമുള്ള ബാങ്ക്വറ്റ് ഹാളും റൂഫ് ഗാർഡനും ഇൻഫിനിറ്റി പൂളുമായി താജ് വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങുകയാണ്. കോവിഡ് മൂലം ഭാഗിക ലോക്ഡൗൺ ഉണ്ടായിട്ടം കൂസാതെ സർവ സന്നാഹങ്ങളുമായാണ് താജിന്റെ വരവ്.

മിന്റ് എന്ന പേരിൽ എല്ലാ ആഗോള വിഭവങ്ങളും ലഭിക്കുന്ന റസ്റ്ററന്റും ദക്ഷിണ കേരള വിഭവങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന കാർഡമം റസ്റ്ററന്റും സ്വിൾ എന്ന പേരിൽ ബേക്കറിയും കോഫിഷോപ്പുമുണ്ട്. ആകെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മാത്രമുള്ള തലസ്ഥാന നഗരത്തിന് വലിയൊരു പശ്ചാത്തല സൗകര്യം കൂടയാണിത്. കോവളം,വർക്കല,കുമരകം, ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവ്, കോഴിക്കോട്, ബേക്കൽ എന്നിവിടങ്ങളിലാണ് മറ്റു താജ് ഹോട്ടലുകൾ.

Content Highlights: Taj hotel in Trivandrum

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com